- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൗസ് സർജൻസി ചെയ്ത് തുടക്കം; സർക്കാർ ജോലി കിട്ടിയിട്ടും പഴയ ലാവണം വിട്ടില്ല; മാസത്തിൽ രണ്ടു ദിവസം ആശുപത്രിയിൽ എത്തും; പ്രധാനപ്പെട്ട ശസ്ത്രക്രിയകൾക്കെല്ലാം അന്ന് ഡേറ്റ് നൽകും; നിരീക്ഷണ വലയമുള്ള മുറിയും ക്വാർട്ടേഴ്സും; ഡോ ജയൻ സ്റ്റീഫൻ അടൂർ ഹോളിക്രോസിൽ പ്രാക്ടീസ് തുടങ്ങിയിട്ട് പത്തു വർഷത്തിലേറെ
അടൂർ: വില്ലേജ് ഓഫീസർ കല തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് മരിച്ച സംഭവത്തിൽ സസ്പെൻഷനിലായ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗം അസി. പ്രഫസർ ഡോ. ജയൻ സ്റ്റീഫൻ കഴിഞ്ഞ പത്തു വർഷത്തോളമായി ഹോളിക്രോസ് ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നുവെന്ന് രോഗികൾ തന്നെ പറയുന്നു.
ഡോക്ടറുടെ പേര് ഒരിടത്തും എഴുതി വച്ചിരുന്നില്ല. എന്നാൽ, മെഡിക്കൽ കോളജ് സർജൻ മാസത്തിൽ രണ്ടു തവണ ഇവിടെ വരുന്നുവെന്ന വിവരം നാട്ടിൽ പാട്ടായിരുന്നു. മികച്ച ഡോക്ടർ എന്ന് പേരെടുത്തിട്ടുള്ള ജയൻ സ്റ്റീഫനെ വിശ്വസിച്ച് ഇവിടെ സർജറിക്കായി നേരത്തേ ആൾക്കാർ ബുക്ക് ചെയ്യുമായിരുന്നു. ചില സർജറികളിൽ പിഴവ് വന്നെങ്കിലും അന്നൊന്നും അതൊരു പരാതിയായി വന്നില്ല. വില്ലേജ് ഓഫീസർ മരിച്ചപ്പോഴും സർജറി ചെയ്തത് ഡോ. ജയൻ ആണെന്ന് ആദ്യം ബന്ധുക്കൾ പരാതിപ്പെട്ടിരുന്നില്ല.
ഇതേ ആശുപത്രിയിലെ തന്നെ ഡോക്ടർമാരായ സുരേഷ്, പിജി ജോർജ് എന്നിവരുടെ പേരിലാണ് കുറ്റം ചാർത്തപ്പെട്ടത്. കേസ് ഷീറ്റുകളിൽപ്പോലും ഡോ. സുരേഷിന്റെ പേരായിരുന്നുവത്രേ. ഒടുവിൽ താൻ കുടുങ്ങുമെന്ന് മനസിലാക്കി ഡോ. സുരേഷ് പിന്മാറിയതോടെയാണ് ഡോ. ജയന്റെ പേര് പൊന്തി വന്നത്. ഗുരുതരാവസ്ഥയിലായ കലയുമായി കൊല്ലം മെഡിസിറ്റിയിലേക്ക് പോയപ്പോൾ ആംബുലൻസിൽ ഒപ്പം കയറിയതും ഈ ഡോക്ടർമാരായിരുന്നു.
അന്ന് അടൂരിലുണ്ടായിരുന്ന ബന്ധുക്കൾ പറഞ്ഞത് സർജറി നടത്തിയത് ഡോ. സുരേഷ് ആണെന്നായിരുന്നു. പിന്നീട് കലയുടെ ഭർത്താവാണ് ഡോ. ജയനാണ് സർജറി നടത്തിയത് എന്ന വിവരം വെളിപ്പെടുത്തിയത്. ഡോ. ജയൻ കഴിഞ്ഞ 10 വർഷത്തിലധികമായി ഹോളി ക്രോസിൽ പ്രാക്ടീസ് ചെയ്തു വരുന്നുണ്ട്. മാസത്തിൽ രണ്ടു ദിവസമാണ് ഇവിടെ എത്തുന്നത്. അത് അടുപ്പിച്ചുള്ള ദിവസങ്ങളാകും. ഈ രണ്ടു ദിവസം കൊണ്ട് പതിനഞ്ചോളം സർജറിയുടെ ബുക്കിങ് ഉണ്ടാകും.
വൻ തുക തന്നെ ഈ സർജറിക്ക് ഈടാക്കുന്നുണ്ടെന്നും പറയുന്നു. ഇതിന്റെ പകുതിയോളം കമ്മിഷൻ ഇനത്തിൽ ഡോക്ടർക്ക് നൽകുമെന്നാണ് അറിയുന്നത്. മെഡിക്കൽ പഠനം കഴിഞ്ഞുള്ള കാലഘട്ടത്തിൽ ജൂനിയർ ഡോക്ടർ എന്ന നിലയിൽ ഹോളിക്രോസിലാണ് ജയൻ സ്റ്റീഫൻ പരിശീലനം നടത്തിയിരുന്നത് എന്നും പറയുന്നു. എന്തായാലും ഇദ്ദേഹത്തിന് ഇവിടെ സ്വന്തമായി ക്യാബിനും ക്വാർട്ടേഴ്സുമുണ്ടായിരുന്നു. സർവൈലൻസ് കാമറ സംവിധാനമടക്കം ഇദ്ദേഹത്തിന്റെ ക്യാബിനിലുണ്ടായിരുന്നു.
അടൂർ ഭാഗത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തുന്നവരെ സർജറിക്കായി ഹോളിക്രോസിലേക്ക് ഇദ്ദേഹം പറഞ്ഞു വിട്ടിരുന്നുവെന്നും പറയുന്നു. മെഡിക്കൽ കോളജിൽ തിരക്കാണെന്നും താൻ അവിടെ എത്തി കുറഞ്ഞ നിരക്കിൽ സർജറി നടത്തി തരാമെന്നുമാണത്രേ പറഞ്ഞിരുന്നത്. ഇദ്ദേഹം ഇവിടെ പ്രാക്ടീസ് ചെയ്യുന്ന വിവരം രോഗികൾക്കും മറ്റ് ആശുപത്രികളിലെ ഡോക്ടർമാർക്കും അറിയാമായിരുന്നു. ഡോക്ടറുടെ വൈദഗ്ധ്യം കാരണം ആരും പരാതിയുമായി പോയില്ല.
മേജർ സർജറികൾ നടത്താനുള്ള സൗകര്യം ഈ ആശുപത്രിയിൽ ഇല്ല. കാർഡിയാക് വിഭാഗം സുസജ്ജമല്ല. ശസ്‌ക്രിയയെ തുടർന്ന് ഹൃദയാഘാതമുണ്ടായിട്ടാണ് വില്ലേജ് ഓഫീസർ മരിച്ചത്. ഈ സമയം ഡോ. ജയൻ സ്റ്റീഫൻ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് മതിയായ ചികിൽസ നൽകാൻ തക്ക സൗകര്യം ആശുപത്രിയിൽ ഇല്ലാതിരുന്നതും വിനയായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്