ബെംഗളൂരു: മികച്ച മെഡിക്കൽ ഓഫിസർക്കുള്ള ബഹുമതി ലഭിച്ച ഡോക്ടർ ഇപ്പോൾ ഉപജീവനം നടത്തുന്നത് ഓട്ടോ ഓടിച്ച്. ബെംഗളൂരുവിൽ നിന്നുള്ള മുതിർന്ന ഡോക്ടർ എം.എച്ച്. രവീന്ദ്രനാഥ് ആണ് വരുമാനത്തിനും പ്രതിഷേധത്തിനുമായി ഓട്ടോ ഡ്രൈവറുടെ കുപ്പായമണിഞ്ഞത്. മാസങ്ങളായി ശമ്പളം നിഷേധിക്കപ്പെട്ടതോടെയാണ് വെള്ളക്കുപ്പായം ഊരി ഡോക്ടർ ഓട്ടോഡ്രൈവറായത്. അഴിമതിക്ക് കൂട്ടു നിൽക്കാത്തതു മൂലമാണ് തനിക്ക് ശമ്പളം നിഷേധിക്കപ്പെട്ടതെന്ന് ഡോട്കർ പറയുന്നു.

ഐഎഎസ് ഓഫിസർമാരുടെ ദുർഭരണമാണ് തനിക്ക് ഈ ഗതി വരുത്തിയതെന്ന് എഴുതിയ ഓട്ടോയുമായാണ് ദാവനഗെരെയിൽ രവീന്ദ്രനാഥ് തിരക്കിട്ട് ഓട്ടോ ഓടിക്കുന്നത്. ജീവിക്കാനും പ്രതിഷേധിക്കാനും വേണ്ടിയാണ് രവീന്ദ്രനാഥിന്റെ ഓട്ടോ ഓടിച്ചുള്ള പ്രതിഷേധം. 24 വർഷമായി സർക്കാർ സർവീസിലാണെങ്കിലും ബെള്ളാരി ശിശുക്ഷേമ ഓഫിസറായിരുന്ന രവീന്ദ്രനാഥിന് (53) 15 മാസമായി ശമ്പളം ലഭിക്കുന്നില്ല. 2009-10 ൽ മികച്ച മെഡിക്കൽ ഓഫിസർക്കുള്ള ബഹുമതി ലഭിച്ചത് അദ്ദേഹത്തിനായിരുന്നു.

ജനങ്ങളുടെ പ്രിയങ്കരനായിരുന്ന ഡോക്ടറുടെ കഷ്ടകാലം ആരംഭിച്ചത് 2018ലാണ്. ബെള്ളാരി ജില്ലാ പഞ്ചായത്ത് സിഇഒ ആയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ സഹപാഠിയെ ദേശീയ ആരോഗ്യ മിഷനു കീഴിൽ സ്‌പെഷലിസ്റ്റ് ഡോക്ടറായി നിയമിക്കാൻ ശുപാർശ ചെയ്യണമെന്ന ആവശ്യത്തിനു വഴങ്ങാതിരുന്നതാണ് വിനയായതെന്ന് അദ്ദേഹം പറയുന്നു. പിന്നീട് പുറം കരാർ ജോലിയുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തടസ്സം പോലും വീഴ്ചയായി ചൂണ്ടിക്കാട്ടി. പല തവണ കാരണം കാണിക്കൽ നോട്ടിസ്. തുടർന്ന് സസ്‌പെൻഷൻ.

കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയതിനെത്തുടർന്ന് ഒക്ടോബറിൽ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും നിയമനം ലഭിച്ചത് താഴ്ന്ന തസ്തികയിൽ. ജില്ലാതല ചുമതല നൽകണമെന്നു ട്രിബ്യൂണൽ ജനുവരിയിൽ നിർദ്ദേശിച്ചെങ്കിലും ഉത്തരവ് ഇതുവരെ നടപ്പാക്കിയില്ല. 2019 ജൂൺ മുതലുള്ള ശമ്പളവും പിടിച്ചു വച്ചിരിക്കുകയാണ്. ഇതോടെ ജീവിക്കാൻ വരുമാനവും ഇല്ലാതായി. ഇതോടെയാണ് ഓട്ടോ ഓടിച്ച് സർ്കകാരിനെതിരെ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയത്.