- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർപാപ്പയുടെ നാട്ടിൽ 'ഷൈൻ ചെയ്യാൻ' ഷൈനി ടീച്ചർ; കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ അദ്ധ്യാപക അവാർഡ് നേടുന്ന യൂറോപ്പിലെ ആദ്യ ഏഷ്യാക്കാരിയായത് വടക്കാഞ്ചേരിക്കാരി; കയ്യിലുള്ളത് ഡോക്ടറേറ്റും നാല് മാസ്റ്റേഴ്സും രണ്ടു ബാച്ചിലേഴ്സും പിന്നെ അഞ്ചു ഡിപ്ലോമയും; അദ്ധ്യാപക ലോകത്തെ ഓസ്‌കർ നേടിയ മലയാളിയുടെ കഥ
ലണ്ടൻ: മാർപ്പാപ്പയുടെ നാട്ടിൽ ഷൈൻ ചെയ്യുകയാണ് തൃശൂർക്കാരിയായ ഷൈനി ടീച്ചർ. നാട്ടുകാർക്ക് ടീച്ചറാണെങ്കിലും റോമിലെ ലിറ്റൽ ഫ്‌ളവർ സ്‌കൂളിലെ കുട്ടികൾക്ക് പ്രിൻസിപ്പലാണ് ഡോ. മേരി ഷൈനി. ഇപ്പോൾ യൂറോപ്പ് മലയാളികൾക്കാകട്ടെ അഭിമാനം പകരുന്ന കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചർ അവാർഡ് ജേതാവും. മാത്രമല്ല ഈ അവാർഡ് നേടുന്ന യൂറോപ്പിലെ ആദ്യ ഏഷ്യൻ വംശജ ആണെന്നത് ലോക മലയാളികൾക്കും സന്തോഷമാകുന്നു. ഒരു ടീച്ചറാകുക എന്ന മോഹത്തിലുപരി ഒരു സ്ഥാപനത്തെ ലോക നിലവാരത്തിൽ നടത്തിക്കാൻ ചെയ്ത പ്രയത്നമാണ് ഡോ. മേരി ഷൈനിയെ അദ്ധ്യാപക ലോകത്തെ ഓസ്‌കർ എന്ന് വിശേഷിപ്പിക്കാവുന്ന കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചർ പുരസ്‌കാരത്തിന് അർഹയാക്കിയത്.
ലോകമെങ്ങും അദ്ധ്യാപക സമൂഹം ആദരിക്കുകയും ആഗ്രഹിക്കുകയും ചെയുന്ന കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് അവാർഡ് ആദ്യമായി യൂറോപ്പിൽ ഒരു മലയാളിയെ തേടിയെത്തുമ്പോൾ ഒട്ടും മടിക്കാതെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരാണ് പ്രശംസയുമായി എത്തുന്നത്. ലോകമെങ്ങും മാധ്യമങ്ങളും ഷൈനി ടീച്ചറുടെ നിസ്വാർത്ഥ സേവന മികവിന് ആദരവുമായി കൂട്ടിനുണ്ട് എന്നതും അവാർഡ് ജേതാവിനെ കൂടുതൽ സന്തോഷിപ്പിക്കുന്നു എന്നതാണ് ഇപ്പോൾ റോമിൽ നിന്നും കേൾക്കുന്ന വർത്തമാനം.
കൈ നിറയെ പുരസ്‌കാരങ്ങൾ, എടുത്താൽ പൊങ്ങാത്ത വിധം അക്കാദമിക് യോഗ്യതകൾ
മികവുള്ളവരെ പ്രചോദിപ്പിക്കാൻ അവാർഡുകളും അംഗീകാരങ്ങളും നൽകുന്ന ഊർജം വാക്കുകളിൽ പ്രകടിപ്പിക്കുക സാധ്യമല്ല. ഓരോ അവാർഡിൽ നിന്നും മറ്റൊന്നിലേക്കുള്ള യാത്രയാണ് ചിലർക്ക് ജീവിതം. അത്തരത്തിൽ ഒരു ഊർജ്ജപ്രവാഹിനിയാവുകയാണ് മേരി ഷൈനി. ചെറുതും വലുതുമായ അവാർഡുകൾ പോലെ തന്നെ ചെറുതും വലുതുമായ അക്കാദമിക് യോഗ്യതകളും ചേരുമ്പോഴേ ഷൈനിയെന്ന അഞ്ചരയടി പൊക്കക്കാരിയുടെ വാനോളമെത്തുന്ന യഥാർത്ഥ ഉയരം പൂർത്തിയാകൂ.
ലോകാരോഗ്യ സംഘടനയുടെ ആദരവ് മുതൽ ലോക വിദ്യാഭ്യസ ഹബ്ബായ കേബ്രിഡ്ജിൽ നിന്നുവരെ അംഗീകാരം എത്തുമ്പോൾ അത്ര വേഗത്തിൽ ആർക്കും മറികടക്കാവുന്ന നേട്ടമല്ല ഷൈനിയുടേത്. കൂടാതെ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയിൽ നിന്നും ഐ ടി രംഗത്ത് നേടിയ ഡോക്റ്ററേറ്റ് മുതൽ നാല് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി, രണ്ടു മേഖലകളിൽ ബാച്ചിലേഴ്‌സ്, അഞ്ചു ഡിപ്ലോമകൾ എന്നിവയുമായി ഷൈനി തല ഉയർത്തുമ്പോൾ ഇനിയേതു വിഷയമാണ് പഠിക്കാൻ മനസ്സിൽ ഉള്ളത് എന്ന ചോദ്യമേ കാണുന്നവർക്കു തോന്നൂ.
ഷൈനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നോക്കിയാൽ വിദ്യാഭ്യാസ യോഗ്യതകളും അംഗീകാരങ്ങളും വായിച്ചു പൂർത്തിയാക്കാൻ അഞ്ചു മിനിറ്റിലേറെ വേണ്ടി വരും. സാധാരണ ഏതെങ്കിലും ഒരു പ്രൊഫഷണൽ പ്രൊഫൈൽ നോക്കുന്നവർക്ക് അഞ്ചു സെക്കൻഡിൽ ഇക്കാര്യം മനസിലാക്കാൻ സാധിക്കുന്നിടത്താണ് ഷൈനി വ്യത്യസ്തയാകുന്നതും.
തുടക്കം മുതൽ ഇംഗ്ലീഷ് മീഡിയത്തിൽ, വന്നെത്തി നിന്നതും അന്താരാഷ്ട്ര ഇംഗ്ലീഷിൽ
തൃശൂർ വടക്കാഞ്ചേരിക്കാരിയായ ഷൈനി ക്ലെലിയ ബാർബെറി സ്‌കൂളിലെ കിന്റർ ഗാർഡൻ മുതൽ ഇംഗ്ലീഷ് പഠനമാണ് നടത്തിയത്. മകൾ വിദ്യാഭ്യാസത്തിൽ ഒരു കാരണവശാലും പിന്നിൽ നിൽക്കരുത് എന്നത് പട്ടാളത്തിൽ മേജർ സുബേദാർ ആയിരുന്ന പിതാവ് പോൾ പൊൻപറമ്പിലിന്റെ ആഗ്രഹം കൂടിയായിരുന്നു. ഇപ്പോൾ അവാർഡിന്റെ നിറുകയിൽ നിൽക്കുമ്പോഴും ജീവിതത്തിൽ ഏറ്റവും പ്രചോദനം നൽകിയത് ആരെന്ന ചോദ്യത്തിൽ രണ്ടു പേരെ മാത്രമേ ഷൈനിക്ക് ഓർക്കാനാകുന്നുള്ളൂ. അത് പിതാവും എന്തിനും കൂടെ നിൽക്കുന്ന ഭർത്താവും തന്നെയാണ്. ഇറ്റലിയിൽ സെലിബ്രിറ്റി ഷെഫ് ആയ ചാലക്കുടിക്കാരൻ ബൈജു ജോർജ് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇപ്പോൾ കാണുന്ന ഷൈനി ഉണ്ടാകുമായിരുന്നില്ല.
ഇറ്റലിയിൽ എത്തിയ ശേഷം ജോലികൾ നോക്കുമ്പോൾ ഒരു പുതിയ വിദ്യാഭ്യസ സ്ഥാപനം ആരംഭിക്കുന്ന കാര്യം അറിഞ്ഞു അവർക്കൊപ്പം ഏതാനും വർഷം സ്വയം സേവികയായി പ്രവർത്തിക്കണമെന്ന് മടിച്ചു മടിച്ചു പറഞ്ഞപ്പോൾ നിന്റെ ഇഷ്ടം അതെങ്കിൽ അങ്ങനെയാകട്ടെ എന്ന് പറഞ്ഞു മാറി നിൽക്കുകയല്ല, അതിനൊപ്പം നോക്കുകൊണ്ടു പോലും നോവിക്കാതെ കൂടെ നിൽക്കുകയായിരുന്നു ബൈജു ജോർജ്. ജീവിതത്തിൽ പണത്തേക്കാൾ വലുത് ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒപ്പമുള്ള സഞ്ചാരം തന്നെയാണെന്ന് ആരും പറഞ്ഞു കൊടുക്കാതെ മനസിലാക്കാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവാണ് ഈ അവാർഡ് നേട്ടത്തിന്റെ പിന്നിൽ നിഴലായി തനിക്കു കാണാൻ കഴിയുന്നതെന്നും മേരി ഷൈനി പറയുമ്പോൾ നേട്ടങ്ങൾ ഒറ്റയ്ക്ക് സ്വന്തമാക്കിയതല്ല എന്നതാണ് ആ വാക്കുകളിൽ നിറയുന്നതും.
എന്താണ്, എങ്ങനെയാണ്?
എന്താണ് പ്രശസ്തമായ കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചർ അവാർഡ്? കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ കീഴിൽ യൂണിവേഴ്‌സിറ്റി പ്രസ്സാണ് സംഘാടകർ. ലോകത്തൊട്ടാകെയായി ആയിരക്കണക്കിന് അദ്ധ്യാപകരാണ് നോമിനേഷൻ ഘട്ടത്തിലൂടെ അവാർഡ് ലിസ്റ്റിൽ എത്തുന്നത്. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും അപേക്ഷകർ ഉണ്ടാകും. ഇത്തവണ ആറായിരം പേരാണ് അപേക്ഷകരായി എത്തിയത്. 113 രാജ്യങ്ങളിൽ നിന്നുമാണ് ഈ അപേക്ഷകർ എത്തിയത്. ഇതിൽ നിന്നും ഓരോ ഉപഭൂഖണ്ഡത്തിലും ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി ആറു പേരെ ജേതാക്കളാക്കി നിശ്ചയിക്കും.
പതിനാറു പേരുടെ പട്ടിക പൊതുജനത്തിന് വോട്ടിങ്ങിനു നൽകിയാണ് ജേതാവിനെ കണ്ടെത്തുക. ഇത്തരത്തിൽ യൂറോപ്പിന്റെ ജേതാവായി മാറിയിരിക്കുകയാണ് ഡോ. മേരി ഷൈനി. നോമിനേഷൻ ഘട്ടത്തിൽ കേംബ്രിഡ്ജ് പ്രസ്സിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും ഒരിക്കലും ജേതാവായി മാറുമെന്ന് ഷൈനി ചിന്തിച്ചിരുന്നില്ല. പ്രവർത്തനം തുടങ്ങി ഒരുപാട് വർഷങ്ങളുടെ ചരിത്രം ഒന്നും പറയാനില്ലാത്ത ലിറ്റിൽ ഫ്‌ളവർ സ്‌കൂളിനാകട്ടെ ദശകങ്ങളുടെ പ്രവർത്തന പാരമ്പര്യം ഉള്ള സ്‌കൂളുകളെ മറികടന്നു തങ്ങളുടെ പ്രധാന ടീച്ചറെ അവാർഡിന് അർഹയാക്കാൻ കഴിഞ്ഞ സന്തോഷമാണ് പങ്കിടാനുള്ളതും.
എന്താണ് വിജയരഹസ്യം?
ഡെഡിക്കേഷൻ അവാർഡ് വാങ്ങിയ ടീച്ചറോട് ചോദിക്കാൻ പാടില്ലാത്ത കാര്യമാണ്. എങ്കിലും ടീച്ചർ തന്നെ അതിന് ഒരുത്തരം നൽകിയാൽ ഭംഗി കൂടുതൽ തന്നെ ആയിരിക്കും. ഒറ്റ വാക്കിൽ പറഞ്ഞാൽ ലിറ്റിൽ ഫ്‌ളവർ റോമാ എന്നത് ടീച്ചറുടെ പാഷനാണ്. പഠനത്തെക്കുറിച്ചാകുമ്പോൾ ടീച്ചർ അൽപം ഫിലോസഫിക്കൽ ആകാനും തയ്യാറാണ്. അറിവ് പകരുക എന്നത് മാത്തമാറ്റിക്കൽ തിയറിക്കു വിരുദ്ധമാണെന്നു ടീച്ചർ പറഞ്ഞു കളയും.
കാരണം കണക്കിൽ ഡിവൈഡ് ചെയ്യുമ്പോൾ പാതിയായി കുറയുകയാണ്. എന്നാൽ അറിവ് പങ്കുവയ്ക്കുമ്പോൾ പല ഇരട്ടിയായി മൾട്ടിപ്ലിക്കേഷൻ ആണ് സംഭവിക്കുന്നത്. ഇതിലും ലളിതമായി പറയാൻ തനിക്കറിയില്ലെന്നു ടീച്ചർ അൽപം സങ്കോചത്തോടെ പറയുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം, ലിറ്റിൽ ഫ്ളവറിലെ കുഞ്ഞുങ്ങൾ ഭാഗ്യ ശാലികളാണ്. ഏതു കഠിനമായ പാഠവും ഷൈനി ടീച്ചറുടെ കയ്യിൽ അവർക്കു ലളിതമായി മാറും.
ഒന്നര വയസുകാരി കെലിസ്റ്റായുടെയും എട്ടു വയസുകാരി കെസിയയുടെയും അമ്മത്തിരക്കിൽ നിന്നുമാണ് മേരി ഷൈനിയുടെ പഠനവും ജോലിയും 200 ഓളം കുട്ടികളെ നോക്കുന്ന ഉത്തരവാദിത്തവും. അത്ര എളുപ്പമുള്ള പണിയല്ലെന്ന് അറിയാമെങ്കിലും അർപ്പണബോധം ഉണ്ടെങ്കിൽ ഒരു ലക്ഷ്യവും നമുക്ക് മുന്നിൽ വഴി മാറി പോകില്ല എന്നാണ് മേരി ഷൈനി പറയുക. എട്ടോളം രാജ്യങ്ങളിലെ കുട്ടികളിലാണ് ഈ ഇന്റർനാഷണൽ സ്‌കൂളിനെ തേടിയെത്തുന്നത്. ഇറ്റലിയിലെ സ്വകാര്യ സ്‌കൂളുകളിൽ 1500 യൂറോ വരെ ഫീസുള്ളപ്പോൾ 250 യൂറോ മാത്രമാണ് ലിറ്റിൽ ഫ്ളവറിലെ ട്യൂഷൻ ഫീസ്. കേരളത്തിൽ നിന്നുള്ളവരടക്കം മലയാളി കുട്ടികളും സ്‌കൂളിന്റെ ഭാഗമാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.