- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോമാതാവിന്റെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ട്; ജേഴ്‌സിയുടെ പാലിൽ ഇല്ല; പരിചയമില്ലാത്ത ആരെങ്കിലും അടുത്ത് വന്നാൽ ഉടൻ ഇന്ത്യൻ പശു എഴുന്നേറ്റ് നിൽക്കും..ജേഴ്‌സിപ്പശുവിന് അങ്ങനെയുള്ള വികാരങ്ങൾ ഒന്നുമില്ല; പശുശാസ്ത്രത്തിലെ ഓൺലൈൻ പരീക്ഷയ്ക്കുള്ള സിലബസിലെ ചില കൗതുകങ്ങളുമായി ഡോ.നെൽസൺ ജോസഫിന്റെ പോസ്റ്റ്
തിരുവനന്തപുരം: പശുശാസ്ത്രത്തിൽ ഓൺലൈൻ പരീക്ഷ നടത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിന് വേണ്ടി പശുശാസ്ത്ര സിലിബസും തയ്യാറാക്കിയിട്ടുണ്ട്. ഈ സിലബസിലെ ചില കൗതുകരമായ പരാമർശങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ഡോ.നെൽസൺ ജോസഫ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ.
മുന്നറിയിപ്പ് : ചിത്രത്തിൽ കാണുന്നത് ഗോമാതാ അല്ല, ഓസ്ട്രിയയിൽ നിന്നുള്ള പടമാണ്. രാഷ്ട്രീയ കാമധേനു ആയോഗിന്റെ പശു എക്‌സാമിന് രജിസ്റ്റർ ചെയ്ത വിവരം സന്തോഷപൂർവം ഏവരെയും അറിയിക്കുന്നു കേട്ടോ. രജിസ്റ്റർ ചെയ്ത് സിലബസ് ഡൗൺലോഡ് ചെയ്ത് പഠിക്കാൻ തുടങ്ങിയപ്പൊ സിലബസിൽ കണ്ട ഏതാനും വസ്തുതകൾ എഴുതുന്നെന്നേയുള്ളു. ആവശ്യമുള്ളവർക്ക് പഠിക്കുമ്പൊ ഉപകാരപ്പെടുമല്ലോ.രണ്ടാമത്തെ പേജിൽ 'ജയ് ഗോമാതാ' എന്ന വാചകം പന്ത്രണ്ട് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലേത് 'സ്തുതി അമ്മ പശുവിനെ' എന്നാണ്. എന്തോ വശപ്പിശകുണ്ടല്ലോ എന്ന് തോന്നി. തൊട്ട് താഴെ ഡിസ്‌ക്ലെയ്മറുണ്ട്. google translator വച്ച് പരിഭാഷപ്പെടുത്തിയതാണ് എന്ന്.. ആശ്വാസമായി.
ഇനി വസ്തുതകളിലേക്ക്.
1. പശുവിന്റെ മുതുകിലെ മുഴ സൂര്യപ്രകാശത്തിലെ ഊർജത്തെ വലിച്ചെടുക്കുന്നു. ഗോമാതാവിന്റെയും ജേഴ്‌സിപ്പശുവിന്റെയും വ്യത്യാസങ്ങൾ പത്തുമുപ്പതെണ്ണം കൊടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് മാത്രമേ എഴുതുന്നുള്ളൂ.
2. ഗോമാതാവിന്റെ ചാണകവും മൂത്രവും പഞ്ചഗവ്യമായി കഴിക്കാം, ജേഴ്‌സിയുടേത് പറ്റില്ല.
3. ഗോമാതാവിന്റെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ട്. ജേഴ്‌സിയുടെ പാലിൽ ഇല്ല.
4. ഇന്ത്യൻ പശുക്കൾ വൃത്തിയുള്ളവയാണ്. അഴുക്കുള്ള ഇടത്ത് കിടക്കാതിരിക്കാൻ മാത്രം ബുദ്ധിയുള്ളവയാണ്. ജേഴ്‌സികൾ അലസരാണ്.
5. പരിചയമില്ലാത്ത ആരെങ്കിലും അടുത്ത് വന്നാൽ ഉടൻ ഇന്ത്യൻ പശു എഴുന്നേറ്റ് നിൽക്കും. ജേഴ്‌സിപ്പശുവിന് അങ്ങനെയുള്ള വികാരങ്ങൾ ഒന്നുമില്ല.
6. പശു മൂത്രം 100 കണക്കിന് രോഗങ്ങൾക്കുള്ള ലളിതമായ പരിഹാരമാണ് 25-30 മില്ലി ലിറ്റർ ദിവസവും കുടിക്കുക.
7. ഭോപ്പാലിൽ 1984 ൽ ഉണ്ടായ വിഷവാതക ദുരന്തത്തിൽ 20,000 ൽ കൂടുതൽ ആൾക്കാർ മരണപ്പെട്ടു. പക്ഷേ ചാണകം മെഴുകിയ വീടുകളിൽ താമസിച്ചിരുന്നവരെ അത് ബാധിച്ചില്ല.ഇന്നും റഷ്യയിലെയും ഇന്ത്യയിലെയും ന്യൂക്ലിയാർ പവർ പ്ലാന്റുകളിൽ റേഡിയേഷനിൽ നിന്ന് രക്ഷ നേടാൻ ചാണകം ഉപയോഗിക്കാറുണ്ട്.
8. വലിയ ഭൂകമ്പങ്ങളുടെ കാരണം മൃഗങ്ങളെ കൊല്ലുന്നതാണ്.
ആഫ്രിക്കയിലെ ജനങ്ങൾ കത്തിക്കാൻ ചാണകം ഉപയോഗിച്ചിരുന്നു എന്നും അവിടം സന്ദർശിച്ച മിഷനറിമാർ അവരെ അതിൽ നിന്ന് വിലക്കിയെന്നും അപ്പോൾ ജനങ്ങൾ വിറക് ഉപയോഗിച്ചുതുടങ്ങിയെന്നും അങ്ങനെയാണ് ആഫ്രിക്ക വരണ്ട ഭൂഖണ്ഡമായി മാറിയതെന്നുമുള്ള വിലപ്പെട്ട കണ്ടെത്തലും അൻപത്തിനാല് പേജ് വലിപ്പമുള്ള സിലബസിലുണ്ട്. ട്രോളോ തമാശയോ അല്ല. രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത സിലബസിലെ വാചകങ്ങളുടെ ഏകദേശ പരിഭാഷ മാത്രമാണ്.
പഠിച്ചോളൂ...മുന്നോട്ടുള്ള ഇന്ത്യയിൽ ആവശ്യമായി വരും..