- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധത്തിൽ വിള്ളൽ വന്നപ്പോൾ സഹിച്ചില്ല; ഊട്ടിയിലേക്ക് യാത്രയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വെട്ടിനുറുക്കി പെട്ടിയിലാക്കി; കേസിൽ പിടിക്കപ്പെട്ട് ജയിലിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി; ഡോ ഓമന ഇന്നും കാണാമറയത്ത്; രാജ്യത്തെ ഞെട്ടിച്ച കൊടുംക്രൂരതയ്ക്ക് നാളെ ഇരുപത്തിയഞ്ച് വയസ്സ്
കണ്ണൂർ: സൈബർ കുറ്റങ്ങളടക്കം മനുഷത്വരഹിതമായ പല കുറ്റകൃത്യങ്ങളും അരങ്ങുവാഴുന്ന ഇന്നത്തെ കാലത്ത് ഈ കേസ് ഒരുപക്ഷെ ആരിലും അത്ര ഞെട്ടൽ ഉണ്ടാക്കിയെന്ന് വരില്ല. പക്ഷെ ഈ കൃത്യം നടക്കുന്ന സമയം രാജ്യത്തെ തന്നെ ഞെട്ടിച്ച അരും കൊലയായിരുന്നു കണ്ണൂർ ജില്ലയിലെ പയ്യന്നുരിലെ മുരളീധരന്റെ കൊലപാതകം.രാജ്യത്തെ ആദ്യത്തെ സ്യുട്ട് കേസ് കൊലപാതകം.രാജ്യത്തെ നടുക്കിയ ആ കൊലപാതകത്തിന് ഞായറാഴ്ച 25 വർഷം തികയുമ്പോൾ, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഡോ. ഓമന 20 വർഷമായിട്ടും കാണാമറയത്ത്.
ഊട്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ പയ്യന്നൂരിലെ മുരളീധരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്കേസിൽ നിറച്ച് കാറിൽ യാത്രചെയ്യവേ പൊലീസ് പിടിയിലായ പയ്യന്നൂർ കരുവാച്ചേരിയിലെ ഡോ. ഓമനയാണ് ഇന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നത്.നേത്രരോഗവിദഗ്ദയായ അവർ നേരത്തെ മലേഷ്യയിൽ ജോലിചെയ്തിരുന്നു. അവർ മലേഷ്യയിൽത്തന്നെ ഉണ്ടാവുമെന്ന് കരുതുന്നവരുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം അവർ നേത്രരോഗ ക്യാമ്പുകളുമായി പൊതുപ്രവർത്തനത്തിൽ സജ്ജീവമായിരുന്നു. പിന്നീടാണ് അവരെ കാണാതായത്.
1996 ജൂലായ് 11-നാണ് സംഭവം. ഡോ. ഓമനയുടെ അടുത്ത സുഹൃത്തും പയ്യന്നൂർ അന്നൂർ സ്വദേശിയുമായ മുരളീധരനാണ് കൊല്ലപ്പെട്ടത്. മൃതശരീരം കഷണങ്ങളാക്കി മുറിച്ച് രണ്ട് സ്യൂട്കേസുകളിൽ നിറച്ചശേഷം ഉപേക്ഷിക്കാനായി കൊടൈക്കനാലിലേക്കും അവിടെനിന്ന് കന്യാകുമാരിയിയിലേക്കും യാത്രചെയ്യവെ തമിഴ്നാട്ടിലെ ഡിണ്ടിക്കലിൽവച്ചാണ് ഡോ. ഓമന പിടിയിലാവുന്നത്. വലിയ മാധ്യമശ്രദ്ധ കിട്ടിയ ഈ സംഭവം പിന്നീട് സ്യൂട്കേസ് കൊലപാതകം എന്നാണ് അറിയപ്പെട്ടത്.
മലേഷ്യയിലായിരുന്ന ഡോ. ഓമന കൊലപാതകത്തിന് ഒരാഴ്ച മുൻപാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുള്ള മുരളീധരനെ ഫോണിൽ വിളിച്ചുവരുത്തി ഒരുമിച്ച് ഊട്ടിയിലേക്ക് പോവുകയായിരുന്നു. ഭർത്താവിൽനിന്ന് നേരത്തെ വിവാഹമോചനം നേടിയിരുന്നു. കൊലപാതകം നടക്കുമ്പോൾ അവർക്ക് 43 വയസ്സായിരുന്നു.മുരളീധരന് ഓമനയുമായുള്ള അടുപ്പവും പിന്നീടുള്ള അകൽച്ചയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് മുൻപ് മുരളീധരന്റെ ശരീരത്തിൽ മയക്കുമരുന്നോ വിഷമോ മറ്റോ കുത്തിവെച്ചിരുന്നു.
രക്തം കട്ടപിടിക്കുന്നതിനുള്ള മരുന്നുകൂടി കുത്തിവെച്ചു. അതിന് ശേഷമാണ് ശരീരം കഷണങ്ങളാക്കി മുറിക്കുന്നത്. പ്രത്യേക സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ശരീരം മുറിച്ചത്. ശരീരാവശിഷ്ടങ്ങൾ നിറച്ച സൂട്കേസുമായി കൊടൈക്കനാലിലേക്കാണ് ആദ്യം കാറിൽ പോയത്. സ്യൂട്കേസിലെ ദുർഗന്ധവും ചോരപ്പാടുകളും ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ തന്ത്രപൂർവം അവരെ പൊലീസിലെത്തിക്കുകയായിരുന്നു.കേസിൽ പിടിയിലായ ഡോ. ഓമന 2001ൽ ജാമ്യത്തിൽ ഇറങ്ങിയശേഷം മുങ്ങി. പിന്നെ ഒരു വിവരവുമില്ല. ഇന്റർപോൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതിയാണ് ഓമന.
അതേസമയം 2017ൽ മലേഷ്യയിലെ സുബാങ് ജായങ്കോർ എന്ന സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ വീണുമരിച്ച മലയാളി സ്ത്രീയ്ക് ഓമനയോട് സാമ്യം തോന്നി പൊലീസ് അന്വേഷണം നടത്തിയെങ്കിലും അത് ശരിയല്ലായിരുന്നു. മലേഷ്യയിൽ പല പേരുകളിൽ അവർ ഒളിവിൽ കഴിഞ്ഞതായും പറയുന്നു. ചെൻസ്റ്റിനമെബൽ, മുംതാസ്, റോസ്മേരി, ആമിനബിൻ, സാറാ തുടങ്ങിയ പേരുകളിൽ അവർ വേഷംമാറി നടന്നതായും പറയപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ