- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷിരാജ് സിങ്ങും എ.ഹേമചന്ദ്രനും സർക്കാറിന്റെ ഗുഡ്ബുക്കിൽ ഇല്ല; സംസ്ഥാന ഡിജിപി അനിൽ കാന്തിനെയും പിന്തള്ളി ഡോ. പ്രദീപ് കുമാർ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി; ഉദ്യോഗസ്ഥ പരാതികൾ തീർക്കാനുള്ള ചുമതലക്കാരെങ്കിലും ഫയലുകൾ കെഎടിയിൽ ഉറങ്ങുന്നു
തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തിൽ പരാതികൾ പരിഹരിക്കാനുള്ള മാർഗ്ഗമാണ് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (കെഎടി) എന്ന സംവിധാനം. കെഎടിയിൽ പുതിയ നിയമനത്തിനായി മോഹിച്ചിരുന്ന പ്രമുഖരെ പിന്തള്ളി ഡോ. പ്രദീപ് കുമാറിനെ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി സർക്കാർ ശുപാർശ ചെയ്തു.
സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തും ജയിൽ മേധാവി ഋഷിരാജ് സിംഗും അടക്കം 4 ഡിജിപിമാരെയും പിന്തള്ളിയാണ് റിട്ട ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. പ്രദീപ് കുമാറിനെ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (കെഎടി) അംഗമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്കു ശുപാർശ ചെയ്തിരിക്കുന്നത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ചീഫ് സെക്രട്ടറി, പിഎസ്‌സി ചെയർമാൻ, കെഎടി ആക്ടിങ് ചെയർമാൻ എന്നിവരടങ്ങിയ തിരഞ്ഞെടുപ്പു സമിതിയാണ് 7 അപേക്ഷകരിൽ നിന്നു പ്രദീപ് കുമാറിനെ തിരഞ്ഞെടുത്തത്. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും ജാർഖണ്ഡ് സ്വദേശിയുമായ പ്രദീപ് കുമാർ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി പദ്ധതി ഡയറക്ടർ എന്ന തസ്തികയിൽ ചീഫ് സെക്രട്ടറി പദവിയിലാണു വിരമിച്ചത്.
ഇദ്ദേഹത്തിനു പുറമേ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, ജയിൽ മേധാവി ഋഷിരാജ് സിങ്, മുൻ ഡിജിപിമാരായ എ.ഹേമചന്ദ്രൻ, മുഹമ്മദ് യാസിൻ, മുൻ അഡീഷനൽ പ്രിൻസിപ്പൽ സിസിഎഫ് കെ.ഗോപാലകൃഷ്ണൻ, ഒഡീഷ വൈദ്യുതി ബോർഡ് അംഗമായിരുന്ന രാജേഷ് ശർമ എന്നിവരാണ് അപേക്ഷിച്ചിരുന്നത്. മുൻ ഡിജിപി രാജേഷ് ദിവാൻ നിലവിൽ കെഎടിയിൽ അംഗമാണ്. അതിനാൽ രണ്ടാമൻ ഐഎഎസ് ഉദ്യോഗസ്ഥൻ മതിയെന്നു സർക്കാർ തീരുമാനിച്ചു. ഋഷിരാജ് സിങ് ഈ 31 ന് വിരമിക്കും. 7 മാസത്തിനു ശേഷം അനിൽ കാന്തും.
അതേസമയം സർക്കാർ ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഉണ്ടാക്കിയതെങ്കിലും അതൊന്നും നടക്കുന്ന ലക്ഷണം വകുപ്പിലില്ല. ഫയലുകൾ ഇവിടെ തീർപ്പാക്കാതെ കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. സർക്കാർ ജീവനക്കാരുടെയും ഉദ്യോഗാർഥികളുടെയും കേസുകൾ, പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതു കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ്. കേസ് പരിഗണിക്കാൻ ആളില്ലാതായതോടെ 8561 ഫയലുകൾ തീർപ്പാക്കാതെ കിടക്കുന്നു. ഏപ്രിൽ അവസാനത്തെ കണക്കാണിത്.
തിരുവനന്തപുരത്തു രണ്ടും എറണാകുളത്ത് ഒന്നും വീതം ഡിവിഷൻ ബെഞ്ചും പ്രവർത്തിച്ചിരുന്നു. ചെയർമാൻ ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ വിരമിച്ച ശേഷം പുതിയ ചെയർമാനെ നിയമിച്ചിട്ടില്ല. 2 ജുഡീഷ്യൽ അംഗങ്ങളും ഒരു അഡ്‌മിനിസ്‌ട്രേറ്റീവ് അംഗവും കൂടിയാണു തിരുവനന്തപുരത്തും എറണാകുളത്തും നാമമാത്രമായി കേസുകൾ കൈകാര്യം ചെയ്യുന്നത്.
ചെയർമാന്റെ ചുമതലയുള്ള ജുഡീഷ്യൽ അംഗം ബെന്നി ഗർവാസിസും ജുഡീഷ്യൽ അംഗം വി.രാജേന്ദ്രനും ഇന്നലെ വിരമിച്ചു. പുതിയ ചെയർമാനെയോ അംഗങ്ങളെയോ നിയമിക്കുന്നതു വരെ നിലവിലുള്ള അംഗങ്ങൾക്ക് തുടരാമെന്ന ഹൈക്കോടതി ഉത്തരവു പ്രകാരം ട്രിബ്യൂണൽ പ്രവർത്തനം ഭാഗികമായി തുടരും.
സർവീസ് സംബന്ധമായ ഒട്ടനവധി കേസുകൾ ഹൈക്കോടതിയിൽ തീർപ്പാക്കാനായിട്ടുണ്ട്. സർവ്വീസിലുള്ളവരുടെ പരാതി പരിഹാരം വേഗത്തിലാക്കാനും ഹൈക്കോടതിയുടെ ജോലിഭാരം ലഘൂകരിക്കുന്നതിനുമായാണ് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലുകൾ രൂപീകരിച്ചത്.
1985-ലെ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് കേരളത്തിൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രൂപീകരിച്ച് 26.08.2010 മുതൽ കേരളത്തിൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കെ.ബാലകൃഷ്ണൻ നായർ ചെയർമാനായി പ്രവർത്തനമാരംഭിച്ചതായി 25.08.2010-ലെ രാഷ്ട്രപതിയുടെ വിജ്ഞാപനമിറങ്ങി.
കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ചെയർമാനാണ് അതിന്റെ തലവൻ. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആക്ട് പ്രകാരം ഒരു ബെഞ്ചിൽ ഒരു ജുഡീഷ്യൽ മെമ്പർ, ഒരു അഡ്‌മിനിസ്ട്രേറ്റീവ് മെമ്പർ എന്നിവർ ഉണ്ടാകണം. നിലവിൽ ബഹു. ചെയർമാനു പുറമേ രണ്ട് അഡ്‌മിനിസ്ട്രേറ്റീവ് മെമ്പർമാരുണ്ട്.
മറുനാടന് മലയാളി ബ്യൂറോ