- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടണിലെ പ്ലീമൗത്തിൽ കടലിൽ നീന്താനിറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു; അത്യാഹിതം ഇന്നലെ ഉച്ചകഴിഞ്ഞ്; യുകെയിൽ ഈ വർഷത്തെ ആദ്യ വെയിൽ ദിനം ആസ്വദിക്കാനിറങ്ങിയ യുകെയിലെ മലയാളി യുവാവിന്റെ ദാരുണാന്ത്യം ഞെട്ടിപ്പിക്കുന്നത്
ലണ്ടൻ: ശൈത്യകാലം വിടപറയാനിരിക്കെ എത്തിയ ആദ്യ വെയിൽ ദിനം ഇന്നലെ യുകെ മലയാളികൾക്ക് നൽകിയത് മറക്കാനാകാത്ത അത്യാഹിതം. തണുപ്പും ലോക് ഡൗണും കോവിഡ് സൃഷ്ടിച്ച ജോലി സമ്മർദ്ദവും മൂലം ഒന്നു പുറത്തിറങ്ങാൻ കൊതിക്കുന്ന യുകെ ജനതയിൽ ഇന്നലെ വെയിൽ കണ്ടപ്പോൾ ഉണ്ടായ ആവേശം ഏറെ പ്രകടമായിരുന്നു. സൈക്കിളിംഗും നടത്തവും ഒക്കെയായി ഏറെ ജനങ്ങളാണ് ഇന്നലെ വീടിനു പുറത്തിറങ്ങിയത്.
ഇക്കൂട്ടത്തിൽ ഇന്നലെ പ്ലീമൗത്തിൽ കടൽ തീരത്തെത്തിയ മലയാളി കുടുംബത്തിന് ജീവിതത്തിലെ ഏറ്റവും ദാരുണമായ രംഗത്തിനാണ് സാക്ഷികളാകേണ്ടി വന്നത്. ഈ കുടുംബത്തോടൊപ്പം അൽപം ഉല്ലാസ സമയം പങ്കിടാൻ എത്തിയ യുവ ഡോക്ടർ ദാരുണമായി കടലിൽ അകപ്പെടുക ആയിരുന്നു. ഗൾഫിൽ നിന്നും ആറുമാസം മുൻപ് യുകെയിൽ എത്തിയ റേഡിയോളജിസ്റ്റ് കൂടിയായ ഡോ. രാകേഷ് വല്ലിട്ടയിലാണ് അപകടത്തിൽ പെട്ട് മരിച്ചത്.
പുതു തലമുറയിൽ പെട്ട ആളായതിനാൽ അപകടം നടന്നിട്ടും പ്രദേശത്തെ മലയാളികൾ പോലും അധികം പേരും സംഭവം അറിഞ്ഞിരുന്നില്ല. വൈകുന്നേരത്തോടെയാണ് വിവരം പുറത്തു വന്നത്. നീന്താൻ കടലിൽ ഇറങ്ങിയ ഡോ. രാകേഷ് കടൽച്ചുഴിയിൽ പെട്ടെന്നാണ് കരുതപ്പെടുന്നത്. പ്ലീമൗത്തിൽ കടൽ തീരത്തു നീന്തുന്നത് അത്ര സുരക്ഷിതം അല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
യുവാവ് കടലിൽ ഇറങ്ങിയിട്ടും കാണാതെ വന്നപ്പോൾ കൂടെ എത്തിയവർ ബഹളം വച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ഉടൻ പ്ലീമൗത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു. പ്ലീമൗത്ത് ആൻഡ് ഡെവോൺ പൊലീസ് പിന്നീട് വിശദാംശങ്ങൾ കണ്ടെത്തി നാട്ടിൽ ബന്ധുക്കളെ അറിയിച്ചതായി വിവരമുണ്ട്.
തുടർന്ന് നാട്ടിൽ നിന്നും ബ്രിസ്റ്റോളിൽ ഉള്ള മലയാളി കുടുംബത്തിന്റെ സഹായം തേടിയതോടെയാണ് പ്ലീമൗത്തിലെ പ്രദേശവാസികൾ കൂടുതലായും വിവരം അറിയുന്നത്. ദുബായിലെ പ്രശസ്തമായ റാഷിദ് ഹോസ്പിറ്റലിൽ അടക്കം ഡോ. രാകേഷ് സേവനം ചെയ്തിട്ടുണ്ട്. യുകെയിൽ പ്ലീമൗത്തിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് രാകേഷ് ജോലി ചെയ്തിരുന്നത്. ഹോമിയോപ്പതിയിൽ ബിരുദമെടുത്ത ശേഷമാണു രാകേഷ് റേഡിയോളോജിസ്റ്റ് ആകുന്നത്.
മലപ്പുറം തിരൂർ സ്വദേശിയാണ്. ഭാര്യ ഷാരോൺ രാകേഷും ഹോമിയോപ്പതി ഡോക്ടറാണ്. സൗഹൃദങ്ങൾക്ക് ഏറെ വിലമതിക്കുന്ന പ്രകൃതമായിരുന്നു രാകേഷിനെന്ന് അടുത്തറിയുന്നവർ പറയുന്നു. അദ്ദേഹത്തിന്റെ സഹപാഠികളായ ഏതാനും പേർ യുകെയിലുണ്ടെങ്കിലും അവരിൽ പലരും ഈ ദുരന്തം ഇനിയും അറിഞ്ഞിട്ടില്ലെന്നതാണ് ഏറെ സങ്കടം ആയി മാറുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.