ന്യൂഡൽഹി: ഓമിക്രോൺ അടക്കം കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനെന്ന പേരിൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന രാത്രി കർഫ്യൂ പോലുള്ള നടപടികളെ തള്ളി ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. രാത്രി കർഫ്യൂ പോലെയുള്ള കാര്യങ്ങൾക്കു പിന്നിൽ ഒരു ശാസ്ത്രവുമില്ലെന്ന് ഇന്ത്യൻ വംശജയായ ഡബ്ല്യുഎച്ച്ഒ മുഖ്യശാസ്ത്രജ്ഞ സിഎൻബിസി-ടിവി18ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യ പോലുള്ള രാജ്യങ്ങൾ കൂടുതൽ ശാസ്ത്രീയമായ നയങ്ങൾ ആസൂത്രണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഓമിക്രേൺ രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന സാഹചര്യമായതിനാൽ ആരോഗ്യ പരിചരണത്തിന്റെ ലഭ്യതയാവും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

നിരവധി ആളുകൾ രോഗികളാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പു നൽകി. രോഗവ്യാപനം വേഗത്തിലാകുന്നതോടെ ആശുപത്രികളിൽ തിരക്ക് കൂടും. ആഗോളതലത്തിൽ പുതിയ ആശങ്കകൾ ഉണർത്തുകയും വീടുകളിലേക്കു പരിചരണം മാറ്റേണ്ട സ്ഥിതിയുണ്ടാകുമെന്നും ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

ആശങ്കാകുലരാകുന്ന ആളുകൾ ഒരു ഡോക്ടറെ കാണുകയോ ആരോഗ്യ പ്രവർത്തകരുടെയോ ഉപദേശം തേടുകയോ വേണം. അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ. സൗമ്യ പറഞ്ഞു. ഓമിക്രേണിന്റെ കുതിച്ചുചാട്ടത്തെ നേരിടാൻ ടെലികൺസൾട്ടേഷൻ സേവനങ്ങൾ അടിയന്തിരമായി വർദ്ധിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഒപി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഉണ്ടെന്ന് ഉറപ്പാക്കുക. ടെലിഹെൽത്ത്, ടെലിമെഡിസിൻ സേവനങ്ങൾ ശരിക്കും വർദ്ധിപ്പിക്കേണ്ട സമയമാണിത്. കഴിയുന്നത്ര വീട്ടിലിരുന്നോ പ്രാഥമിക പരിചരണ ഐസൊലേഷൻ സെന്ററുകളിലോ ആളുകളെ ചികിത്സിക്കാൻ കഴിയുമെന്ന് ഉറപ്പാക്കണമെന്നും ഡോ. സൗമ്യ പറഞ്ഞു.

പുതിയ വകഭേദത്തിന്റെ അപകട സാധ്യത മനസിലാക്കി വേണം മുന്നോട്ടു പോകേണ്ടതെന്നും അവർ പറഞ്ഞു.എല്ലാ മുതിർന്നവർക്കും പൂർണ്ണമായി വാക്‌സിനേഷൻ നൽകുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, വ്യാപകമായ ജീനോം സീക്വൻസിങ്, കേസുകളിൽ അസാധാരണമായ പുരോഗതി എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിവയാണ് 'ഓമിക്രേണിനെതിരെ' മറ്റ് ചില നിർദ്ദേശങ്ങൾ.

ഓമിക്രേൺ വകഭേദം അപകടകാരി അല്ലെന്ന് ഈ ഘട്ടത്തിൽ ഉറപ്പിക്കാനാവില്ല. ദക്ഷിണാഫ്രിക്കയിൽ നിന്നും യുകെയിൽനിന്നും വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. ഡെൽറ്റയേക്കാൾ നാല് മടങ്ങ് വേഗത്തിലാണ് ഓമിക്രേൺ വ്യാപിക്കുന്നതെന്നും അവർ പറഞ്ഞു.

തെളിവിൽ ഊന്നിയുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്. പൊതു ആരോഗ്യ നടപടികളുടെ ഒരു പട്ടിക തന്നെ നിലവിലുണ്ട്. വിനോദ വേദികൾ വൈറസ് കൂടുതലും പടരുന്ന സ്ഥലങ്ങളാണ്. അവിടങ്ങളിലൊക്കെ ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സ്വാഭാവികമാണ്. എന്നാൽ, രാത്രി കർഫ്യൂ പോലുള്ള കാര്യങ്ങൾക്കു പിന്നിൽ ഒരു ശാസ്ത്രവുമില്ല-സൗമ്യ വ്യക്തമാക്കി.

ഇന്ത്യൻ പൗരന്മാർ ആശങ്കപ്പെടുകയല്ല, ജാഗ്രത പാലിക്കുകയും മുൻകരുതലെടുക്കുകയുമാണ് വേണ്ടതെന്നും അവർ സൂചിപ്പിച്ചു. ഇന്ത്യയിൽ ഓമിക്രോൺ കേസുകളിൽ വലിയ കുതിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പോൾ ചില നഗരങ്ങളിലൊക്കെ കാണുന്നത് തുടക്കം മാത്രമാണ്. നിരവധി പേർക്ക് ഓമിക്രേൺ ബാധിക്കാൻ പോകുകയാണെന്നും അവർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം 309 പേർക്കാണ് രാജ്യത്ത് ഓമിക്രേൺ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കേസുകൾ 1,270 ആകുകയും ചെയ്തിട്ടുണ്ട്. ഇതിൽ 374 പേർ ആശുപത്രി വിട്ടിട്ടുണ്ട്. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഇതുവരെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്(374). 320 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. കേരളത്തിൽ കഴിഞ്ഞ ദിവസത്തോടെ ഓമിക്രോൺ കേസുകൾ 100 കടക്കുകയും ചെയ്തിട്ടുണ്ട്.