- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഎസ് ദമ്പതികൾ ലണ്ടനിലേക്ക്; ഡോ. വാസുകിയും ഭർത്താവ് ഡോ. കാർത്തികേയനും ഇനി കുറേക്കാലം റെഡിങ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളാകും; പഠനത്തിനെത്തുന്ന ഇരുവർക്കും സ്കോളർഷിപ്പും; ഒന്നാം പിണറായി സർക്കാരിലേത് പോലെ വിദേശത്തേക്കുള്ള കൂട്ടപ്പലായനം സംഭവിക്കുമോ?
ലണ്ടൻ: തിരുവനന്തപുരം കളക്ടർ ആയിരുന്ന ഡോ. വാസുകി ഐഎഎസും കൊല്ലം കളക്ടർ ആയിരുന്ന ഭർത്താവ് ഡോ. എസ് കാർത്തികേയനും ലണ്ടനിലേക്ക്. കഴിഞ്ഞ ഏതാനും മാസമായി അവധിയിൽ ആയിരുന്ന ഡോ. വാസുകി റെഡിങ് യൂണിവേഴ്സിറ്റിയിലാണ് പഠിക്കാൻ പോകുന്നത്. ഭർത്താവ് കാർത്തികേയനും അതെ യൂണിവേഴ്സിറ്റിയിൽ തന്നെ പ്രവേശം ലഭിച്ചു എന്നത് മാത്രമല്ല പ്രത്യേകത രണ്ടു പേർക്കും ചീവനിങ് സ്കോളർഷിപ് ലഭിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതോടെ പഠനവും താമസവും എല്ലാം ബ്രിട്ടീഷ് സർക്കാരിന്റെ ചെലവിൽ തന്നെ നടക്കും. സാധാരണയായി സർക്കാരുകളോട് പിണങ്ങിയാണ് പല ഉന്നത ഉദോഗസ്ഥരും ഇത്തരം പഠന യാത്രകൾ സംഘടിപ്പിക്കുക. ഇവരുടെ വരവിൽ അത്തരം രാഷ്ട്രീയമാനങ്ങളൊന്നുമില്ല.
ഒന്നാം പിണറായി സർക്കാരിൽ നിന്നും രക്ഷപെടുവാൻ എന്നവിധം എറണാകുളം കളക്ടർ ആയിരുന്ന രാജമാണിക്യം അടക്കം അരഡസനോളം ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരാണ് യുകെയിലെ വിവിധ സർവകലാശാലകളിൽ പഠിക്കാൻ എത്തിയിരുന്നത്. പലരും സ്വന്തം കാശു മുടക്കി തന്നെ യുകെയിൽ പഠിക്കാൻ തയാറായി എന്നതും ശ്രദ്ധ നേടിയിരുന്നു. ഡോ. വാസുകിയുടെ കാര്യത്തിൽ മലയാളികൾക്ക് മറ്റൊരു മമത കൂടിയുണ്ട്, സാധാരണ ഐഎഎസ് ഉദ്യോഗസ്ഥരുമായുള്ള താരതമ്യത്തിൽ. ഡോ. കാർത്തികേയനോടുള്ള പ്രണയം മൂത്തു മധ്യപ്രദേശ് കേഡർ ഉപേക്ഷിച്ചു കേരളം തിരഞ്ഞെടുക്കിയായിരുന്നു മിടുക്കിയായ ഈ ഉദ്യോഗസ്ഥ.
കേരളത്തിൽ എത്തിയ വാസുകി പരിസ്ഥിതി മലിനകരണ നിയന്ത്രണ പരിപാടികളുടെ മുൻ നിരയിൽ നില്ക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. സമർത്ഥയായ ഉദ്യോഗസ്ഥ എന്ന പേരെടുത്തതോടെ തലസ്ഥാന നഗരിയിൽ തന്നെ അവരോധിക്കപ്പെടുകയും ചെയ്തു. തൊട്ടയൽ ജില്ലയായ കൊല്ലത്തു ഭർത്താവ് ഡോ കാർത്തികേയനും കളക്ടർ ആയതോടെ ഇരു ജില്ലകൾക്കും ഇടയിലെ ഭരണ അകലം ഒരു വീട്ടിലേക്കു എന്ന വിധം കുറയുക ആയിരുന്നു. പഠിക്കാൻ വാസുകി തിരഞ്ഞെടുത്തത് സൈക്കോളജി കൺവെർഷൻ എന്ന വിഷയമാണ്, ഭർത്താവാകട്ടെ പഠിക്കാൻ തയാറാകുന്നത് ഫുഡ് സയൻസിലെ ബിരുദാന്തര ബിരുദം.
പതിനായിരക്കണക്കിന് അപേക്ഷകരിൽ വിരലിൽ എണ്ണാവുന്നവർക്കു ലഭിക്കുന്ന ചീവനിങ് സ്കോളർഷിപ് ഒരു വീട്ടിലെ രണ്ടു പേർക്കും ലഭിക്കുക എന്നതും അപൂർവ്വതയാണ്. രണ്ടു വർഷം അതാത് മേഖലയിൽ പ്രാവീണ്യം ഉള്ളവർക്ക് വിമാന ടിക്കറ്റിനുള്ള പണം പോലും ഇല്ലാതെ യുകെയിൽ എത്തി പഠിക്കാൻ ഉള്ള സൗകര്യമാണ് ബ്രിട്ടീഷ് സർക്കാർ ഒരുക്കുന്നത്. പല കോഴ്സുകളും പഠിക്കാൻ ഇപ്പോഴും ബ്രിട്ടൻ മാത്രമാണ് ലോകത്തിലെ ഏറ്റവും മികച്ച ഇടം എന്നതുമാണ് ഐഎഎസുകാരെ കൂട്ടത്തോടെ യുകെയിലേക്കു ഓരോ വർഷവും ആകർഷിക്കുന്നത്. ഇത്തരം കോഴ്സുകൾക്ക് വിഖ്യാതമായ ഓക്സ്ഫോർഡ് , കേംബ്രിജ് എന്നിവിടങ്ങളിൽ പോലും അഡ്മിഷൻ ലഭിക്കും എന്നതും പ്രത്യേകതയാണ്.
ഏകദേശം ഒരു വർഷത്തെ തയ്യാറെടുപ്പാണ് ഡോ. വാസുകി യുകെയിൽ എത്താനായി എടുത്തത്. ഉപന്യാസ മട്ടിലുള്ള ചോദ്യങ്ങൾക്കു 13 വട്ടം തിരുത്തെഴുതുകൾ അദ്ധ്യാപകരുടെ സഹായത്തോടെ നൽകിയെന്നും വാസുകി പറയുന്നു. സ്കോളർഷിപ് അപേക്ഷയ്ക്കൊപ്പം അഡ്മിഷൻ നടപടികളും പാരലൽ ആയി ചെയ്തതോടെയാണ് വേഗത്തിൽ യുകെയിൽ എത്താനായത്. കാര്യങ്ങൾ ഏറ്റവും സത്യസന്ധമായി പറയുക എന്നതാണ് ഈ സ്കോളർഷിപ് ലഭിക്കുമ്പോൾ താൻ ഏറ്റവും അധികം മനസ്സിലാക്കിയതെന്നും വാസുകി മനസ് തുറക്കുന്നു . അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് ധൈര്യമായി ബ്രിട്ടനിൽ പറയാം എന്നതാണ് ഏറ്റവും വലിയ പാഠം. വാസുകി ഇത് പറയുമ്പോൾ കേരളത്തിലെ അനുഭവം എന്തായിരുന്നു എന്ന് ചോദിച്ചാൽ ഉത്തരം കേൾക്കുന്നവർക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഈ വർഷം ഇവർക്കൊപ്പം മറ്റു രണ്ടുപേർ കൂടി യുകെയിൽ എത്തുന്നുണ്ട്. കൊല്ലം കൊട്ടാരക്കര സ്വദേശി രജനീഷ് രാജൻ, പാലക്കാട് കൽപാത്തി ആര്യ മുരളി എന്നിവരാണ് സ്കോളർഷിപ് ലഭിച്ച മറ്റു മലയാളികൾ. ഇത്തവണ ഇന്ത്യയിൽ നിന്നും സ്കോളർഷിപ് തേടി 65000 അപേക്ഷകർ ഉണ്ടായിരുന്നു എന്നാണ് വക്തമാകുന്നത് . വുമൺ ഇൻ ടെക്നോളജി ഇന്റെൻർനാഷനിൽ മുൻ വൈസ് പ്രസിഡന്റ ആയ ആര്യ ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണോമിക്സിൽ സോഷ്യൽ ഇന്നൊവേഷൻ, ആൻഡ് എന്റർപ്രെണർ കോഴ്സിൽ മാസ്റ്റേഴ്സ് ചെയ്യുമ്പോൾ 50 ലക്ഷം രൂപയാണ് ബ്രിട്ടൻ സ്കോളർഷിപ്പായി നൽകുക. ഈ കോഴ്സിന് 32000 പൗണ്ട് ഫീസും താമസ ചെലവായി മാസം 1500 പൗണ്ടും ചേർന്നതാണ് സ്കോളർഷിപ്. യുകെയിൽ കാല് കുത്തുമ്പോൾ തന്നെ 600 പൗണ്ട് വട്ടചെലവിനായി അലവൻസും നൽകും. പലർക്കും ഈ തുകകളിൽ ചെറിയ വത്യസമുണ്ടാകും. കോഴ്സുകളുടെ പ്രത്യേകത അനുസരിച്ചാണ് ലഭ്യമാകുന്ന സ്കോളർഷിപ് തുകയിൽ ഉള്ള ഏറ്റക്കുറച്ചിലുകൾ.
പ്രശസ്തമായ ഏണസ്റ് ആൻഡ് യാങിലെ ഗവണ്മെന്റ് ആൻഡ് പബ്ലിക് അഡൈ്വസറി മുൻ കൺസൽട്ടന്റ് ആയ രജനീഷ് രാജൻ യൂണിവേഴ്സിറ്റി ഓഫ് സസെക്സിൽ എം എ ജെൻഡർ ആൻഡ് ഡെവലപ്മെന്റ് എന്ന വിഷയത്തിലാണ് മാസ്റ്റേഴ്സ് ചെയ്യുക . ഈ സ്കോളർഷിപ്പിന് രണ്ടു വർഷത്തെ എക്സ്പീരിയൻസ് അഥവാ 2800 മണിക്കൂറിനു തത്തുല്യമായ പ്രവർത്തി പരിചയമാണ് ആവശ്യപ്പെടുന്നത് . ബിരുദം മുതൽ ചെയ്ത ജോലികൾ എല്ലാം പരിഗണിക്കപ്പെടും . അത് ഫുൾ ടൈം എന്നോ പാർട്ട് ടൈം എന്നോ വത്യസമൊന്നുമില്ല . വളണ്ടിയർ ആയി ചെയ്ത പ്രവർത്തനം പോലും പരിഗണിക്കപ്പെടും . ലീഡര്ഷിപ് ക്വളിറ്റി ആയിരിക്കും അഭിമുഖ ഘട്ടത്തിൽ പ്രധാനമായും പരിഗണിക്കപ്പെടുക . അത് ചെറിയ കാര്യങ്ങളിൽ ആയാൽ പോലും യുകെയിൽ വിലമതിക്കപ്പെടുന്നതുമാണ്.