- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ മാത്രം; കൂട്ടം കൂടാൻ അനുവദിക്കില്ല; ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ്; ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ; നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന് കരട് മാർഗ്ഗരേഖ ആയതായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗ്ഗരേഖയായി. മാർഗനിർദ്ദേശം അഞ്ചുദിവസത്തിനകം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ക്ലാസുകൾ തുടങ്ങുന്നതിന് മുൻപായി പിടിഎ യോഗം വിളിച്ചുചേർക്കും.
സ്‌കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തും. ആഴ്ചയിൽ മൂന്ന് ദിവസം ഒരുബാച്ച് എന്ന രീതിയിൽ ക്ലാസ് തുടങ്ങാനാണ് ആലോചന. ഒരു ക്ലാസിൽ ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ മാത്രമാകും ഇരിക്കുക. ഊഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഓക്സിജന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനവും സ്‌കൂളിൽ ഉണ്ടാക്കും. കൈകഴുകാൻ എല്ലാ ക്ലാസ് റൂമിലും കവാടത്തിലും സോപ്പും വെള്ളവും ഉണ്ടാകും. കുട്ടികളെ കൂട്ടം കൂടാൻ അനുവദിക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കും. പകരം അലവൻസ് നൽകാനാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
സ്‌കൂളുടെ മുൻപിലുള്ള കടകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കും. സ്‌കൂളിലെത്താൻ കുട്ടികൾക്ക് യൂണിഫോം നിർബന്ധമല്ല. ഇത് കൂടാതെ രക്ഷകർത്താക്കൾക്ക് ഓൺലൈനിലൂടെ ബോധവത്കരണ ക്ലാസ് നടത്തും. ക്ലാസിനെ വിഭജിക്കുമ്പോൾ അതിന്റെ ചുമതലയുള്ള അദ്ധ്യാപകർ കുട്ടികളുമായി ഫോണിൽ ബന്ധപ്പെടണം. ഭിന്നശേഷിക്കാരായ കുട്ടികളെ ആദ്യഘട്ടത്തിൽ അയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങൾ പോലുമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്. അടിയന്തരഘട്ടമുണ്ടായാൽ അത് നേരിടാനുള്ള സംവിധാനം എല്ലാ സ്‌കുളിലും ഒരുക്കും. സ്‌കൂൾ ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സ്‌കൂളിലെ തിക്കും തിരക്കും ഒഴിവാക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ