ദ്യപാനികൾക്ക് സന്തോഷവാർത്തയുമായാണ് ഒരുകൂട്ടം ഗവേഷകർ എത്തിയിരിക്കുന്നത്. ദിവസേന ഒരു ഗ്ലാസ്സ് വൈനോ ബിയറോ കഴിച്ചാൽ പ്രായമാകുമ്പോൾ ഹൃദയാഘാത സാധ്യത കുറയും എന്നാണ് ഇവരുടെ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കയിലേയും ആസ്ട്രേലിയയിലേയും 70 വയസ്സിനു മുകളിൽ പ്രായമുള്ള 18,000 പേരിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആഴ്‌ച്ചയിൽ അഞ്ചു മുതൽ 10 ഗ്ലാസ്സ് വരെ മദ്യപിക്കുന്നവരിൽ ഹൃദ്രോഗ സാധ്യത കുറവാണെന്നാണ് ഇവർ കണ്ടെത്തിയത്. മൊണാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. സാധാരണയളവിൽ ആഴ്‌ച്ചയിൽ അഞ്ചോ പത്തോ തവണ മദ്യപിക്കുന്നതുകൊണ്ട് മെച്ചമാണെന്നാണ് കണ്ടെത്തിയത്. ഹൃദ്രോഗത്തെ തടയാനും ഇത് വലിയൊരു പരിധിവരെ ഉപകരിക്കും എന്നും പ്രൊഫസർ വുഡ്സ് പറയുന്നു.

മിതമായ തോതിലുള്ള മദ്യപാനം പ്രായമേറിയവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിലെന്ന് പറയാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആസ്പിരിൻ ഇൻ റെഡ്യുസിങ് ഈവന്റ്സ് ഇൻ ദി എൽഡർലി എന്ന അസ്പ്രീ പരീക്ഷണമാണ് ഇതിൽ പങ്കെടുത്തവരിൽ നടത്തിയത്. ആരോഗ്യമുള്ള പ്രായമായവരിൽ ആസ്പിരിന്റെ ലൂസ് ഡോസിന്റെ സ്വാധീനം മനസ്സിലാക്കുകയായിരുന്നു. അതോടൊപ്പം പരീക്ഷണത്തിൽ പങ്കാളികളായവർ അവരുടെ മദ്യപാനത്തിന്റെ വിശദാംശങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യേണ്ടതായും ഉണ്ടായിരുന്നു.

ഇതിൽ 57 ശതമാനം പേർസ്ത്രീകളായിരുന്നു. ബാക്കിയുള്ളവർ പുരുഷന്മാരും. ഇവരിൽ മിക്കവരും 70 വയസ്സിനു മേൽ പ്രായമുള്ളവരും ആയിരുന്നു. ഏകദേശം 4.7 വർഷത്തോളമായിരുന്നു പരീക്ഷണത്തിൽ പങ്കാളികളായവരെ ഗവേഷകർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നത്.അതേസമയം, മദ്യപിക്കാത്തവരെയും ഇതിൽ പങ്കാളികളാക്കി നിരീക്ഷിച്ചുകൊണ്ടിരുന്നു. മിതമായ രീതിയിൽ മദ്യപിക്കുന്നവർ ആരോഗ്യപരമായി വളരെയധികം നല്ല നിലയിലായിരുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയത്.

പഠനത്തിൽ പങ്കെടുത്തവരെല്ലാം തന്നെ അതിനു മുൻപായി പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് സ്ഥിരീകരിച്ചിരുന്നതായി ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ന്യുമാൻ പറഞ്ഞു. അതേസമയം, ഈ ഗവേഷണത്തിന്റെ ഫലം ഉയർത്തിക്കാട്ടി ആരും അമിതമായി മദ്യപിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അമിതമായ മദ്യപാനം കാൻസർ, ഹൃദ്രോഗം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.