പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുകളിൽ ഡ്രോൺ: ഇന്ത്യയുടേത് ആരോപണം മാത്രമെന്ന് പാക്കിസ്ഥാൻ; യാതൊരു തെളിവും ഇന്ത്യ നൽകിയിട്ടില്ലെന്നും വിശദീകരണം; വിദേശകാര്യ വക്താവിന്റെ പ്രതികരണം, സുരക്ഷാ വീഴ്ചയിൽ ഇന്ത്യ അതൃപ്തി അറിയിച്ചതിന് പിന്നാലെ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ഇന്ത്യൻ ഹൈക്കമ്മീഷൻ വളപ്പിൽ ഡ്രോൺ കണ്ട സംഭവത്തിൽ പ്രതികരണവുമായി പാക്കിസ്ഥാൻ. ഡ്രോൺ സാന്നിധ്യം ആരോപണം മാത്രമെന്നാണ് പാക് വിശദീകരണം. ഇതു സംബന്ധിച്ച് യതൊരു തെളിവും ഇന്ത്യ നൽകിയിട്ടില്ലെന്നും പാക്കിസ്ഥാൻ പ്രതികരിച്ചു. പാക്കിസ്ഥാൻ വിദേശകാര്യ വക്താവിന്റെയാണ് പ്രതികരണം.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വളപ്പിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പ്രതികരവുമായി രംഗത്ത് എത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ കർശനനടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ജൂൺ 26 നായിരുന്നു സംഭവം. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. ഹൈക്കമ്മീഷൻ ഓഫീസിൽ ഒരു പരിപാടി നടക്കുന്നതിനിടയിലാണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. ഈ സമയം ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നത് ഗൗരവം വർധിപ്പിക്കുന്നുണ്ട്.
കർശ്ശന സുരക്ഷാ മേഖലയിൽ ഇത്തരത്തിൽ ഡ്രോൺ പറന്നത് പാക് രഹസ്യാന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് ഇന്ത്യ വിമർശിച്ചു. ഇത്തരത്തിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത് സുരക്ഷാ പാളിച്ചയാണെന്നും പാക്കിസ്ഥാൻ ഇതിൽ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച കശ്മീർ അതിർത്തിയിൽ അസ്വാഭാവികമായി ഡ്രോണുകളെ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിലെ വ്യോമ താവളത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഹൈക്കമ്മീഷൻ വളപ്പിൽ സുരക്ഷാ വീഴ്ചയുണ്ടായത്.
കഴിഞ്ഞാഴ്ചയാണ് ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും 14 കിലോമീറ്റർ ദൂരെയായാണ് ജമ്മു വിമാനത്താവളം. അതിനു പിന്നാലെ അതിർത്തി മേഖലകളിൽ തുടർച്ചയായി ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇന്ത്യൻ അതിർത്തിയിൽ ഭീകരർ ഡ്രോൺ ഉപയോഗിക്കുന്നതിന്റെ പിന്നിൽ പാക് സൈന്യത്തിനും പങ്കുണ്ടെന്നും സൂചനകളുണ്ട്. ഇന്ന് പുലർച്ചെയും അതിർത്തിയിൽ ഡ്രോൺ കണ്ടെത്തുകയും ബിഎസ്എഫ് അതിനു നേരെ വെടിയുതിർക്കുകയും ചെയ്തു. ഇതോടെ അപ്രത്യക്ഷമാവുകയായിരുന്നു.
ന്യൂസ് ഡെസ്ക്