- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനിൽ നിന്നും കള്ളവണ്ടി കയറി യു കെയിലെത്തി; മയക്കുമരുന്ന് ബിസിനസ്സിലൂടെ ശതകോടികൾ; ആഡംബര വീടുകളും വാഹനങ്ങളും ബിക്കിനി മോഡലുകളും ഹരമായി; 37 വർഷത്തേക്ക് ജയിലിലടച്ച മുതലാളിയുടെ കഥ
ലണ്ടൻ: ശതകോടീശ്വരനായ മറ്റൊരു ക്രിമിനൽ കൂടി ശിക്ഷിക്കപ്പെടുമ്പോൾ മദ്ധ്യപൂർവ്വ ദേശങ്ങളിൽ നിന്നും അഭയാർത്ഥികളായെത്തുന്നവരെ കുറിച്ചുള്ള ആശങ്കവർദ്ധിക്കുകയാണ് ബ്രിട്ടനിൽ. ഇറാനിയൻ വംശജനായ അരാം ഷീബാനി എന്ന 40 വയസ്സുകാരനായ ബിസിനസ്സുകാരനാണ് ഇപ്പോൾ മയക്കുമരുന്നു കടത്തുമായ കേസിൽ 37 വർഷത്തെ ജയിൽ വാസത്തിന് ശിക്ഷിക്കപ്പെട്ടത്.ബോഡൗൺ, ട്രഫോർഡിൽ താമസിച്ചിരുന്ന ഇയാൾ തികച്ചും ആഡംബരപൂർണ്ണമായ ജീവിതമാണ് നയിച്ചിരുന്നത്.
മയക്കുമരുന്ന് കടത്തിനു പുറമെ കള്ളപ്പണ ഇടപാട്, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ കൂടി ചാർത്തപ്പെട്ട ഇയാൾക്ക് കൊളമ്പിയൻ മയക്കുമരുന്നു ലോബിയുമായി അടുത്ത ബന്ധമാണുള്ളത് എന്ന് കരുതപ്പെടുന്നു. നിയമപരമായ ബിസിനസ്സ് ഇടപാടുകൾ നടത്തുന്ന വ്യക്തി എന്ന് വരുത്തിതീർത്ത് ബ്രിട്ടനിലും സ്പെയിനിലുമായി 5 മില്ല്യൺ പൗണ്ട് വിലവരുന്ന സ്വത്തുക്കളാണ് ഇയാൾ വാങ്ങിക്കൂട്ടിയിരിക്കുന്നത്. മാത്രമല്ല, വരുമാനത്തിലും വരുമാനസ്രോതസ്സുകളിലും കൃത്രിമത്വം കാട്ടി വായ്പകൾ എടുക്കുകയും ചെയ്തിട്ടുണ്ട്.
2019-ൽ ബോഡൗൺ ആൾട്രിൻകാമിലുള്ള ഇയാളുടെ ആഡംബര അപ്പാർട്ട്മെന്റ് റെയ്ഡ് ചെയ്തപ്പോൾ 1,67,000 പൗണ്ടിന്റെ കറൻസികളാണ് കണ്ടുകിട്ടിയത് അതുകൂടാതെ 24,000 പൗണ്ട് വിലവരുന്ന ഒരു പോർഷേ പനാമെര കാറും ലഭിച്ചിരുന്നു. ഒരു എങ്ക്രോ ഫോൺ വലിച്ചെറിഞ്ഞ് നശിപ്പിക്കാൻ ശ്രമിച്ചതുൾപ്പടെ അന്ന് പല തെളിവുകളും നശിപ്പിക്കാൻ ഷീബാനി ശ്രമിച്ചിരുന്നു. പിന്നീട് ഇയാളുടെ വിവിധ വസതികളിലും മറ്റുമായി നടന്ന റേയ്ഡിൽ 1.2 മില്ല്യൺ പൗണ്ടിന്റെ കറൻസികൾ പിടിച്ചെടുത്തു.1.3 മില്ല്യൺ മൂല്യമുള്ള ക്രിപ്റ്റോ കറൻസിയും ഇയാൾക്ക് ഉണ്ടായിരുന്നു.
ഇതിനൊക്കെ പുറമേ നിയമവിരുദ്ധമായി കൈയടക്കിയ ബാൻസ്കി, ആൻഡി വാറോൾ തുടങ്ങിയവരുടെ ഒറിജിനൽ ആർട്ട് വർക്കുകളും ഇയാളിൽ നിന്നും കണ്ടെടുത്തിരുന്നു. ഇതിനെല്ലാം പുറമേ അന്നത്തെ റെയ്ഡിൽ നോട്ടെണ്ണൽ യന്ത്രങ്ങൾ, വിവിധ വിദേശ കറൻസികൾ, എൻക്രിപ്റ്റ് ചെയ്ത നിരവധി ഫോണുകൾ, കൊക്കെയ്ൻ, കീറ്റമൈൻ, എക്സ്റ്റസിതുടങ്ങിയവയും ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഇയാൽ 11 നോട്ടെണ്ണൽ യന്ത്രങ്ങൾ വാങ്ങിയതായി രേഖകൾ ലഭിച്ചുവെങ്കിലും മൂന്നെണ്ണം മാത്രമാണ് ഇയാളിൽ നിന്നും കണ്ടെത്താനായത്.
എൻക്രിപ്റ്റ് ചെയ്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പാസ്സ്വേർഡ് പൊലീസിനു നല്കാൻ ഷീബാനി വിസമ്മതിച്ചു, എങ്കിലും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും ലഭിച്ച തെളിവുകളും, ബാങ്ക് രേഖകൾ പോലെയുള്ള തെളിവുകളും പൊലീസ് സമർത്ഥമായി കേസു തെളിയിക്കുന്നതിൽ ഉപയോഗിച്ചു. മയക്കുമരുന്ന് കടത്തിൽ സജീവമായിരുന്ന സമയത്ത് ഇയാൾ ലോകം മുഴുവൻ സഞ്ചരിക്കുമായിരുന്നു. ദുബായ്, ആംസ്റ്റർഡാം, ഇബിസ തുടങ്ങിയവയായിരുന്നു ഇയാൾക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങൾ. ആഡംബര നൗകകളിൽ പാർട്ടികൾ നടത്തിയും ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയും സ്വർഗ്ഗതുല്യമായ ജീവിതമായിരുന്നു ഇയാൾ നയിച്ചിരുന്നത്.
2013-ൽ ലോസ് ഏഞ്ചലസിലേക്കുള്ള യാത്രയിൽ തലമുടി വച്ചുപിടിപ്പിക്കാനായി 45,000 അമേരിക്കൻ ഡോളറായിരുന്നു ഇയാൾ ചെലവിട്ടത്. എന്നിട്ടും കഷണ്ടി മാറാതായപ്പോൾ പിന്നീറ്റ് ഇത്രതന്നെ തുക തൊട്ടടുത്ത വർഷം ഇസ്താംബൂളിലും ചെലവാക്കി. 1986-ൽ തന്റെ കുടുംബത്തോടൊപ്പമായിരുന്നു ഇറാനിൽ നിന്നും ഷീബാനി ബ്രിട്ടനിലേക്ക് കുടിയേറിയത്. പത്ത് ആഴ്ച്ച നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി ഷീബാനിയെ കുറ്റക്കാരനെന്ന് കണ്ടതും 37 വർഷത്തെ തടവ് ശിക്ഷ വിധിച്ചതും.
മറുനാടന് ഡെസ്ക്