- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേരിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട, എംഡിഎംഎയുമായി നൈജീരിയൻ സ്വദേശി പിടിയിൽ; നർക്കോട്ടിക്ക് സംഘം പിടികൂടിയത് കുപ്രസിദ്ധ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ; അന്വേഷണം തുടരുന്നു
മലപ്പുറം: മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി നൈജീരിയയിലെ ബയഫ്ര സ്വദേശിയായ മൈക്കിൾ (30) എന്നയാളെ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡും മഞ്ചേരി പൊലീസും ചേർന്ന് പിടികൂടി. മഞ്ചേരി എസ്എച്ച്ബിറ്റി സ്റ്റാൻഡിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തുവച്ചാണ് ഇയാളെ പിടികൂടിയത്.
നൈജീരിയ സ്വദേശിയിൽ നിന്നും 10 ഓളം പാക്കറ്റ് എംഡിഎംഎ പിടിച്ചെടുത്തു . ഇയാളെ ചോദ്യം ചെയ്തതിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ ഹണ്ടേഴ്സ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണെന്നു മനസിലായിട്ടുണ്ട്. നർക്കോട്ടിക്ക് സംഘം അന്വേഷണം തുടരുകയാണ്.
സംഘത്തിലുള്ളവരെ പിടികൂടാൻ ശ്രമിച്ചാൽ കൂട്ടമായി വന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.ആവശ്യക്കാർ മുൻകൂട്ടി ഇയാൾ ആവശ്യപ്പെടുന്ന പണം ഇയാളുടെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്താൽ പറയുന്ന സ്ഥലത്ത് ലഹരി മരുന്നുമായി ഇവർ എത്തും. ഇത്തരത്തിൽ ബാംഗ്ലൂരിൽ നിന്നും ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി മഞ്ചേരിയിൽ വന്ന സമയത്താണ് പിടിയിലായത്.
കഴിഞ്ഞ മാസം കൊണ്ടോട്ടി, വേങ്ങര, പാണ്ടിക്കാടു നിന്നുമായി 100 ഗ്രാം എംഡിഎംഎ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയിരുന്നു. ഇതിൽ പിടിയിലായവരെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിലാണ് നൈജീരിയൻ സ്വദേശിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് ദിവസങ്ങളോളം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ഇയാളെ പിടികൂടിയത്.
വിദ്യാർത്ഥികൾക്കുള്ള വിസയിലും വ്യവസായ വിസയിലും മറ്റും ബാഗ്ലൂരിൽ എത്തുന്ന ഇവർ മയക്കുമരുന്ന് ബിസിനസാണ് നടത്തിവന്നിരുന്നത്. വളരെ കുറഞ്ഞ ചെലവിൽ ലഭിക്കുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് തങ്ങളുടെ താമസസ്ഥലത്തു വച്ചു തന്നെയാണ് ആഫ്രിക്കൻ സ്വദേശികൾ എംഡിഎംഎ നിർമ്മിക്കുന്നത്. ബാംഗ്ലൂരിൽ ഗ്രാമിന് 850-1000 രൂപവരെയും അത് നാട്ടിലെത്തിയാൽ 3500-5000 രൂപ വരേയാണ് ഇവർ വില ഈടാക്കുന്നത്.
തുടർച്ചയായി ഇത്തരത്തിലുള്ള മയക്കുമരുന്നുകളുടെ ഉപയോഗം വളരെ ഗുരുതരമായ മാനസികവും ശാരീരികവുമായ രോഗങ്ങളാണ് സമ്മാനിക്കുന്നത്. അടുത്ത കാലത്തായി കേരളത്തിൽ കഞ്ചാവിന്റെ സ്ഥാനത്ത് ഇത്തരത്തിലുള്ള സിന്തറ്റിക്ക് ലഹരി ഉല്പന്നങ്ങളുടെ ഉപയോഗം വളരെയധികം കൂടി വരുന്നതായി രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ നിന്നും വ്യക്തമായിരുന്നു.
മൂന്ന് വർഷം മുൻപ് ഇന്ത്യയിലെത്തിയ ഇയാളുടെ കൈവശം പാസ്പോർട്ടോ മതിയായ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ കൂടുതൽ അന്വോഷണം നടത്തി വരികയാണ്. ആദ്യമായാണ് മലപ്പുറം ജില്ലയിൽ മയക്കുമരുന്നുമായി ഒരു വിദേശി പിടിയിലാകുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ട സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ മലപ്പുറം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി. പി. ഷംസ് മലപ്പുറം ഡിവൈ എസ്പി സുദർശൻ എന്നിവരുടെ നിർദ്ദേശപ്രകാരം ' മഞ്ചേരി ഇൻസ്പക്ടർ കെ പി അഭിലാഷ്, എസ് ഐ സുബിന്ത് എന്നിവരുടെ നേതൃത്വത്തിൽ 'ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ് എന്നിവർക്ക് പുറമെ മഞ്ചേരി സ്റ്റേഷനിലെ എസ് ഐ ജമേഷ് ,സുരേഷ് ആൽബർട്ട് ,ബോസ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം തുടരുന്നത്.
മറുനാടന് മലയാളി ബ്യൂറോ