- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിതരെയും തിരികെ എത്തിച്ചു; എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ വിലക്ക്; ഒക്ടോബർ രണ്ടുവരെ സർവീസുകൾ ഷാർജയിലേക്ക്
ദുബായ്: കോവിഡ് ബാധിതരെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്ന് വന്ദേ ഭാരത് മിഷനിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ദുബായ് സിവിൽ ഏവിയേഷൻ. വിലക്കിനെ തുടർന്ന് ദുബായിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു. വിലക്ക് താത്കാലികമാണെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്.
ഒക്ടോബർ രണ്ടുവരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയിൽ നിന്ന് പുറത്തേക്കോ സർവീസ് നടത്താൻ കഴിയില്ല. കോവിഡ് പോസിറ്റിവ് ആയ രണ്ടുപേരെ ദുബായിയിൽ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് സിവിൽ ഏവിയേഷൻ ആണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് വിലക്കെർപ്പെടുത്തിയത്. കഴിഞ്ഞ മാസം കോവിഡ് രോഗിയെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിയിൽ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ദുബായ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയ്ക്ക് നോട്ടീസ് നൽകി. എന്നാൽ ഈ മാസം നാലിന് ജയ്പുറിൽനിന്ന് മറ്റൊരു കോവിഡ് രോഗി കൂടി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിയിൽ എത്തി.
ഇതോടെയാണ് ദുബായ് അധികൃതർ കർശന നടപടി എടുത്തത്. കോവിഡ് പോസിറ്റീവ് ആയ രണ്ട് വ്യക്തികളുടെ ചികിത്സാ ചിലവും സഹയാത്രികരുടെ ക്വറന്റീൻ ചിലവുകളും എയർ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവിൽ ഏവിയേഷൻ നൽകിയ നോട്ടീസിൽ പറയുന്നു. വിലക്കിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഷാർജയിലേക്ക് സർവീസുകൾ പുനഃക്രമീകരിച്ചു.
അതേസമയം, വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം സെപ്റ്റംബർ 13 വരെ 13,46,414 പേർ തിരിച്ചെത്തിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യസഭയിൽ കെ.കെ. രാഗേഷും ലോക്സഭയിൽ ആന്റോ ആന്റണിയും എ.എം. ആരിഫും ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രിമാരായ വി. മുരളീധരൻ, ഹർദീപ് സിങ് പുരി എന്നിവർ ഈ കണക്കുകൾ നൽകിയത്.
മറുനാടന് ഡെസ്ക്