- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ പഞ്ചായത്ത് മെമ്പർക്കെതിരെ വാർത്ത കൊടുക്കും അല്ലെ... കൊന്ന് കളയും ; ദുരവസ്ഥ തുറന്ന് പറഞ്ഞ കുടുംബത്തിന് നേരെ പഞ്ചായത്ത് മെമ്പറുടെ അനുയായികളുടെ അതിക്രമം; സംഘം വീട്ടിൽ അതിക്രമിച്ച് കയറി അടുക്കളയുൾപ്പടെ തല്ലിതകർത്തു; അക്രമം മറുനാടനിലൂടെ ഓൺലൈൻ പഠനത്തിന് സഹായമഭ്യർത്ഥിച്ച ദുർഗാമോൾ എന്ന പിഞ്ചുകുഞ്ഞിന്റെ കുടുംബത്തിന് നേരെ
തിരുവനന്തപുരം: തങ്ങളുടെ ദുരിതവും കഷ്ടപാടുകളും അധികൃതരിൽ നിന്ന് നേരിടുന്ന അവഗണനയും തുറന്ന് പറഞ്ഞ കുടുംബത്തിന് നേരെ പഞ്ചായത്ത് മെമ്പറുടെ അനുയായികളുടെ അക്രമം. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ഭീഷണി മുഴക്കുകയും വീട്ടിൽ വ്യാപകമായി അക്രമം അഴിച്ചുവിടുകയും ചെയ്തു.
മറുനാടനിലൂടെ ഓൺലൈൻ പഠനത്തിന് സഹായമഭ്യർത്ഥിച്ച് മലയാളികളുടെ ഹൃദയം കവർന്ന ദുർഗാമോളുടെ വാടക വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മാറനല്ലൂർ പഞ്ചായത്തിലെ മണ്ണടിക്കോണം വാർഡിൽ സുരേഷ് ബാബു- രമ്യ ദമ്പതികളുടെ മകളാണ് ദുർഗാമോൾ. ഇവരെ കൂടാതെ ഒന്നര വയസുള്ള ഒരു കുഞ്ഞും ഈ വീട്ടിലുണ്ട്. കല്ലും കോൺക്രിറ്റ് കട്ടകളും ഉപയോഗിച്ച് വീട്ടിലെ ഉപകരണങ്ങൾ എറിഞ്ഞ് തകർത്ത അക്രമികൾ അടുക്കള പൂർണ്ണമായും അടിച്ച് തകർക്കുകയും ചെയ്തു. കുടുംബം നോക്കി നിൽക്കെയായിരുന്നു ഭീഷണി മുഴക്കികൊണ്ടുള്ള സംഘത്തിന്റെ അക്രമം.
'നീ പഞ്ചായത്ത് മെമ്പർക്കെതിരെ വാർത്ത കൊടുക്കും അല്ലേടാ. കൊന്നുകളയും.' എന്നു ആക്രോശിച്ചുകൊണ്ടാണ് അക്രമികൾ ക്രുരത കാട്ടിയതെന്ന് രമ്യ പറയുന്നു. ആദ്യം ഒറ്റക്കൊറ്റക്ക് വന്ന് അസഭ്യം പറഞ്ഞ് ഭീഷണിയും മുഴക്കിയ ശേഷം സംഘം ചേർന്ന് വടിവാളുകളും ഇരുമ്പുദണ്ഡും ഉൾപ്പടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവത്രെ. സി പി എമ്മിനോട് കളിക്കുന്നത് പോലെ ബിജെപിയോട് കളിച്ചാൽ വിവരമറിയുമെന്നും അക്രമിസംഘം ഭീഷണിപ്പെടുത്തിയതായും രമ്യ പറയുന്നു. അക്രമി സംഘത്തിലെ രണ്ടു പേരെ തങ്ങൾ നേരത്തെ കണ്ടിട്ടുണ്ടെന്നും അയൽവാസിയുടെ സുഹൃത്തുക്കളാണെന്നും ഇവർ പറയുന്നു. മദ്യവും കഞ്ചാവും ഉൾപ്പടെ ലഹരി ഉപയോഗിച്ചാണ് സംഘം വീട്ടിൽ അതിക്രമിച്ച് കയറിയത്.
വീടിന്റെ സമീപത്ത് വരെ ഇത്തരം സാമൂഹ്യ വിരുദ്ധരുടെ ശല്യമാണെന്നും പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ ഭയമാണെന്നും കുടുംബം ഭീതിയോടെ പങ്കുവെക്കുന്നു. മാത്രമല്ല തങ്ങളുടെ ജീവന് തന്നെ ഇപ്പോൾ ഭീഷണിയാണെന്നും എത്ര നാൾ തങ്ങൾ ഇങ്ങനെ ഭീതിയോടെ കഴിയേണ്ടി വരുമെന്നും ചോദിക്കുന്ന കുടുംബം തങ്ങൾക്ക് ഒരു ശാശ്വത പരിഹാരം വേണമെന്നും പറയുന്നു.പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യക്ഷമമായ ഒരു നടപടിയും നാളിതുവരെയും ഉണ്ടായിട്ടില്ല. മാത്രമല്ല പരാതിപ്പെട്ടാൽ അന്ന് തന്നെ കുടുംബത്തിന് ഭീഷണിയെത്തും. പൊലീസിൽ പോലും അവരുടെ ആൾക്കാർ ഉള്ളതായി സംശയിക്കുന്നതായും രമ്യ പറയുന്നു.
അക്രമ വാർത്തയറിഞ്ഞ് സ്ഥലം എം എൽ എ, വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിട്ടും പഞ്ചായത്ത് മെമ്പർ അന്വേഷിക്കുകയോ വിഷയത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല. അതു കൊണ്ട് തന്നെയാണ് വന്നത് മെമ്പറുടെ അനുയായികൾ തന്നെയാണെന്ന് കുടുംബം വിശ്വസിക്കുന്നത്. മണ്ണടിക്കോണം വാർഡിലെ മെമ്പർ ബിജെപി പ്രതിനിധിയായ ഷീബ മോളാണ്.
ദിവസങ്ങൾക്ക് മുൻപ് സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത തങ്ങളുടെ ദുരവസ്ഥയും അർഹതയുണ്ടായിട്ടും അധികൃതരിൽ നിന്ന് നേരിടുന്ന അവഗണനയെക്കുറിച്ചും കുടുംബം തുറന്ന് പറഞ്ഞിരുന്നു.മറുനാടനിലൂടെയാണ് കുടുംബത്തിന്റെ ദുരവസ്ഥ പുറം ലോകമറിഞ്ഞത്. തകർന്നടിഞ്ഞ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആ കുടുംബം ദുരിതത്തിലൂടെയും ദാരിദ്ര്യത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഏതാനുംമാസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന ദുർഗാമോളുടെ അനിയത്തി രുദ്ര തിരുവനന്തപുരം എസ്എടിയിൽ ചികിൽസാപിഴവ് മൂലം മരിച്ചിരുന്നു.
കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ദീർഘകാലം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത സുരേഷ് ബാബുവിനോടും രമ്യയോടും ഭരണപക്ഷം വൈരാഗ്യം തീർത്തത് ബിപിഎൽ കാർഡിൽ നിന്നും ഇവരെ എപിഎൽ ആക്കിമാറ്റിക്കൊണ്ടായിരുന്നു. സ്വന്തമായി ഒരു വീടിനുവേണ്ടി പത്ത് വർഷമായി അപേക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെയും അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാൻ വാർഡ് മെമ്പർ തയ്യാറായിട്ടില്ല. മറുനാടനിലെ വാർത്ത കണ്ട് കുടുംബത്തെക്കുറിച്ചറിയാൻ മുന്നോട്ട് വന്നവരോട് ഇക്കാര്യങ്ങൾ പറഞ്ഞതിനാണ് അർദ്ധരാത്രിയിലെ വീടാക്രമണം.
സംഭവത്തെ തുടർന്ന് കുടുംബം മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ മഹസർ തയ്യാറാക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാനാണ് പ്രതികൾ ശ്രമിക്കുന്നത്. നീതിക്ക് വേണ്ടി കമ്മീഷണർക്കും ഐജിക്കും പരാതി നൽകാനാണ് അവരുടെ തീരുമാനം.