- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് നഗരത്തിൽ തുടർക്കഥയായി അഗ്നിബാധ; കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടായത് ചെറുതും വലുതുമായ 25-ലധികം തീപിടുത്തങ്ങൾ
കോഴിക്കോട്: അഗ്നിബാധ കോഴിക്കോട് നഗരത്തിൽ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ കോഴിക്കോട് കോർപറേഷൻ പരിധിയിൽ ഉണ്ടായത് ചെറുതും വലുതുമായ 25-ലധികം തീപിടിത്തങ്ങളാണ്. ഇതിൽ തന്നെ ഏറ്റവുമധികം തീപിടിത്തം ഉണ്ടായത് മിഠായിത്തെരുവിലാണ്. നവീകരണം പൂർത്തിയായതോടെ മിഠായി തെരുവിൽ സ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാൽ, നഗരത്തിലെ മറ്റിടങ്ങളിൽ അപകടസാധ്യത തുടരുന്നതിന് തെളിവായി മാറുകയാണ് ചെറുവണ്ണൂരിലെ തീപ്പിടുത്തം.
ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം 20 യൂണിറ്റ് ഫയർഫോഴ്സ് മൂന്ന് മണിക്കൂർ സമയമെടുത്താണ് നിയന്ത്രണ വിധേയമാക്കിയത്. രാവിലെ ആറ് മണിയോട ആരംഭിച്ച തീപിടിത്തം 9 മണിയോടെയാണ് നിയന്ത്രണ വിധേയമായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രിക്കടക്ക് സമീപത്തു തന്നെ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഫയർഫോഴ്സും പൊലീസും ആദ്യം സ്വീകരിച്ചത്. നല്ലളം പൊലീസ് ഇടപെട്ട് ഈ സിലിണ്ടറുകൾ തീ പിടിത്തം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ എടുത്ത് മാറ്റിയിരുന്നു.
ഗ്യാസ് സിലിണ്ടറുകൾക്കടുത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. നല്ലളം പൊലീസിന്റെ നേതൃത്വത്തിൽ തന്നെ സമീപത്തുണ്ടായിരുന്ന ആളുകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.സമീപത്തെ കാർ ഷോറൂം അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടരുന്നത് ഫയർയൂണിറ്റുകൾ ഇടപെടട്് തടഞ്ഞത് നാശനഷ്ടത്തിന്റെ തോത് കുറച്ചു. ആക്രി സാധനങ്ങൾ കത്തിയതു മൂലമുണ്ടായ പുക അന്തരീക്ഷത്തിൽ തങ്ങിനിന്നത് രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി. വീടുകളിൽ നിന്നും പണം നൽകി സ്വീകരിച്ച ആക്രിവസ്തുക്കൾ ശേഖരിക്കുന്ന സ്ഥാപനത്തലാണ് തീ പിടിത്തമുണ്ടായത്. കത്തിനശിച്ചതിലധികവും ആക്രി സാധനങ്ങളായതിനാൽ തന്നെ നാശനഷ്ടം എത്രയാണെന്ന് കണക്കാക്കാനായിട്ടില്ല.
കോഴിക്കോട് നഗരത്തെ ഭീതിയിലാഴ്ത്തിയ ദുരന്തങ്ങളിലൊന്നായിരുന്നു പതിമൂന്ന് വർഷം മുമ്പ് മിഠായിതെരുവിലുണ്ടായ തീപിടിത്തം. 2007 ഏപ്രിൽ നാലിന് മൊയ്തീൻ പള്ളി റോഡിലെ പടക്കക്കടയിൽ നിന്ന് തീപടർന്ന് അൻപത് കടകൾ കത്തി നശിച്ചു. അന്നത്തെ ദുരന്തത്തിൽമരിച്ചത് എട്ട് പേർ. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം. പിന്നീട് കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടായത് ചെറുതും വലുതുമായ മുപ്പതോളം തീപിടിത്തങ്ങൾ. 2010-ൽ രണ്ട് തവണ മിഠായിത്തെരുവിൽ തീപിടിത്തം ഉണ്ടായി. പത്ത് കടകൾ കത്തിനശിച്ചു. 2015-ലും പതിനാറിലും ഉണ്ടായ തീപിടിത്തത്തിൽ കത്തിയമർന്നത് 15 കടകളാണ്.
2007ൽ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ആറ് കടകളും കത്തിനശിച്ചു. ഒടുവിൽ തീപിടിത്തം ഉണ്ടായത് 2019-ൽ. കടകളിൽ തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്നതും, തെരുവിലെ വൈദ്യുതീകരണത്തിലെ പ്രശ്നങ്ങളും തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ തെരുവിൽ എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടുമായിരുന്നു തീപിടുത്തത്തിന് വ്യാപ്തി കൂട്ടിയത്. പിന്നീട് മിഠായി തെരുവ് നവീകരിച്ചതോടെ അഗ്നിശമന സംവിധാനങ്ങളും മെച്ചപ്പെട്ടു.
മിഠായിത്തെരുവിൽ തീപിടിത്തം തുടർക്കഥയായപ്പോൾ അഗ്നിസുരക്ഷാ സേന കോഴിക്കോട് നഗരത്തിലെ ബഹുനില കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ആദ്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരുകെട്ടിടം അടച്ചുപൂട്ടിയതും കോഴിക്കോട്ടായിരുന്നു. 2016ലായിരുന്നു ഇത്. പിന്നീട് കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ച് തുടങ്ങിയെങ്കിലും കാലാവധി കഴിയുമ്പോൾ ഇവ മാറ്റി സ്ഥാപിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ കഴിയാത്തതും പരിമിതിയാണ്.
മറുനാടന് ഡെസ്ക്