അടൂർ: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വം സംഘടിപ്പിച്ച സെമിനാറുകൾ സിപിഎം നേതാക്കൾ ഹൈജാക്ക് ചെയ്തുവെന്ന് പ്രവർത്തകരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രവർത്തകരുടെ പങ്കാളിത്തം സെമിനാറുകളിൽ കുറഞ്ഞു. എന്തു വന്നാലും പിന്നോട്ടില്ലെന്ന നിലപാടിൽ സിപിഎം നേതാക്കൾ നിൽക്കുമ്പോൾ ശേഷിക്കുന്ന പരിപാടികളിലെങ്കിലും ഡിവൈഎഫ്ഐ നേതാക്കൾക്ക് പ്രാധാന്യം നൽകുന്നതിനുള്ള കഷ്ടപ്പാടിലാണ് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു.

അടൂരിൽ നടന്നതും പന്തളത്ത് ഇന്ന് നടക്കാൻ പോകുന്നതുമായ സെമിനാറുകളിൽ സംഘടനാ പ്രോട്ടോക്കോൾ ലംഘിച്ച് അധ്യക്ഷന്റെയും സ്വാഗത പ്രാസംഗികന്റെയും സ്ഥാനത്തേക്ക് സിപിഎമ്മിന്റെ ജില്ലാ-ഏരിയാ നേതാക്കൾ ഇടിച്ചു കയറിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പിബി ഹർഷകുമാറിന് വേണ്ടി, അദ്ദേഹത്തിന്റെ അനുയായികളായ ഡിവൈഎഫ്ഐ ജില്ലാ നേതാക്കളാണ് പ്രോട്ടോക്കോൾ ലംഘനത്തിന് കൂട്ടുനിന്നത് എന്നാണ് ആരോപണം.
27 മുതൽ പത്തനംതിട്ടയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വിവിധ ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കുന്നത്.

അടൂരിലെയും പന്തളത്തെയും സെമിനാറുകളിൽ സംഘടനാ പ്രോട്ടോക്കോൾ ലംഘിച്ചതാണ് വിവാദം ഉയർത്തിയിരിക്കുന്നത്. അടൂർ കെഎസ്ആർടിസി കോർണറിൽ ബുധനാഴ്ച കർഷക സമരവും ഭാവി ഇന്ത്യയും എന്ന വിഷയത്തിൽ നടന്ന സെമിനാർ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ഉദ്ഘാടനം ചെയ്തത്. അധ്യക്ഷത വഹിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹർഷകുമാറാണ്. സ്വാഗത പ്രാസംഗികനായി നിശ്ചയിച്ചിരുന്നത് സംഘാടക സമിതി ചെയർമാൻ കൂടിയായ ജില്ലാ കമ്മറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായ എസ്. മനോജിന്റെ പേരാണ് വച്ചിരുന്നത്.

സെമിനാർ നടക്കുന്നതിന് മുൻപ് തന്നെ ഇതേച്ചൊല്ലി ഡിവൈഎഫ്ഐയിൽ വിവാദം ഉയർന്നു. സംഘടനയുടെ പ്രോട്ടോക്കോൾ അനുസരിച്ച് അധ്യക്ഷനാകേണ്ടത് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ഗോപാലും സ്വാഗതം പറയേണ്ടത് സെക്രട്ടറി മുഹമ്മദ് അനസുമായിരുന്നു. ഇവിടെ ഈ പ്രോട്ടോക്കോൾ ലംഘിച്ച് ഹർഷ കുമാറും മനോജും ഈ സ്ഥാനങ്ങൾ ഏറ്റെടുത്തതിനെച്ചൊല്ലി പ്രവർത്തകർക്കിടയിൽ അഭിപ്രായ ഭിന്നത ഉടലെടുത്തു. ഇതോടെ സ്വാഗത പ്രാസംഗികന്റെ സ്ഥാനത്ത് നിന്ന് മനോജ് പിന്മാറി. എങ്കിലും അധ്യക്ഷ സ്ഥാനത്ത് ഹർഷകുമാർ തുടരുകയും ചെയ്തു. സംഘാടക സമിതി അംഗം ശ്രീനി മണ്ണടിയാണ് സ്വാഗതം പറഞ്ഞത്. പങ്കെടുത്ത പ്രവർത്തകരുടെ എണ്ണം കുറഞ്ഞതും നേതൃത്വത്തെ വെട്ടിലാക്കി.

മാധ്യമ സെമിനാർ ഇന്ന് വൈകിട്ട് നാലിന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലാണ് നടക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജാണ് ഉദ്ഘാടകൻ. ഇവിടെയും അധ്യക്ഷന്റെ സ്ഥാനത്ത് പിബി ഹർഷകുമാറാണുള്ളത്. സ്വാഗത പ്രാസംഗികന്റെ റോളിൽ സംഘാടക സമിതി ചെയർമാൻ ആർ. ജ്യോതികുമാറാണ്. അടൂരിലേതിന് സമാനമായി ഇവിടെയും ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നത ഉയരുകയാണ്.

എന്നാൽ സ്ഥാനത്ത് നിന്ന് മാറാൻ ഹർഷകുമാർ തയാറല്ല എന്നാണ് സൂചന. സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും താൻ മാറേണ്ട കാര്യമില്ലെന്നാണ് ഹർഷകുമാറും അദ്ദേഹത്തെ അനുകൂലിക്കുന്ന ജില്ലാ നേതാക്കളും പറയുന്നതത്രേ.