- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്രപതി ശിവജി മഹാരാജിനെ സ്വന്തം സഖാവാക്കി ഡിവൈഎഫ്ഐ മഹാരാഷ്ട്രയുടെ ജയന്തി ദിനാഘോഷം; ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി പോരാടിയ വ്യക്തിയാണ് ശിവജിയെന്നും കുട്ടിസഖാക്കളുടെ വാദം; ഇന്ന് ശിവജി ആഘോഷം, നാളെ സവർക്കർ ജയന്തിയും പിന്നെ ഗോൾവാൾക്കർ ജയന്തിയും എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; ഡിഫിയുടെ ആഘോഷം ഓർഗനൈസറിലും വാർത്ത
മുംബൈ: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂടേറിയ സംസാര വിഷയം മഹാരാഷ്ട്ര ഡിവൈഎഫ്‌ഐയുടെ ഛത്രപതി ശിവജി ജന്മദിനാഘോഷമാണ്.സിപിഎമ്മിന്റെ യുവജന വിഭാഗമായ ഡിവൈഎഫ്ഐയുടെ മഹാരാഷ്ട്ര സ്റ്റേറ്റ് യൂണിറ്റ് കമ്മിറ്റിയാണ് ശിവജി മഹാരാജിന്റെ ജയന്തി ആഘോഷം നടത്തിയത്. ഡിവൈഎഫ്ഐ മഹാരാഷ്ട്ര കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പരിപാടിയുടെ ഫോട്ടോകൾ പുങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. ശിവജി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ചിത്രരചനാ മൽസരം സംഘടിപ്പിച്ചതിന്റെയും, ഭഗത് സിംഗിന്റെയും ശിവജിയുടെയും ഹാരമണിയിച്ച ചിത്രങ്ങൾക്ക് മുന്നിൽ നിന്ന് നേതാക്കൾ പ്രസംഗിക്കുന്നതിന്റെയും ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി പ്രവർത്തിച്ചയാളാണ് ശിവജിയെന്നും മുഗളന്മാർക്കെതിരായുള്ള ശിവജിയുടെ യുദ്ധങ്ങൾ രാഷ്ട്രീയപരമായിരുന്നു എന്നു മഹാരാഷ്ട്ര ഡിവൈഎഫ്‌ഐ വാദിക്കുന്നു.
ഡിവൈഎഫ്‌ഐയുടെ ആഘോഷം ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിലും വാർത്തയായി. ഇന്ത്യൻ ഐക്കണുകളെ സിപിഎമ്മിന്റെ യുവജനവിഭാഗം അംഗീകരിച്ചതിനെ നെറ്റിസൺസ് സ്വാഗതം ചെയ്തതിന് ഒപ്പം ചിലർ ഡിവൈഎഫ്‌ഐ മഹാരാഷ്ട്ര കേരളത്തിലെ തങ്ങളുടെ സഹപ്രവർത്തകരെ ശിവാജി മഹാരാജിനെ കുറിച്ച് പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു-ഓർഗനൈർ എഴുതി. സമീപ ഭാവിയിൽ വീർസർക്കറെയും ഡിവഐഎഫ്‌ഐ ഏറ്റെടുക്കും, സോഷ്യൽ മീഡിയയിലെ കുറിപ്പുകൾ ഉദ്ധരിച്ച് ഓർഗനൈസർ റിപ്പോർട്ട് ചെയ്യുന്നു.
സംഭവം വിവാദമായതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുഭാവികൾ ഇതിനെതിരെ രംഗത്തെത്തുകയും ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി കളംനിറയുകയുമായിരുന്നു. ഹിന്ദുത്വനയങ്ങൾ നടപ്പാക്കിയ ആളാണ് ശിവജിയെന്നും മുസ്ലീങ്ങൾക്കെതിരെ യുദ്ധം ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്നുമുള്ള തരത്തിലായിരുന്നു മിക്കകമന്റുകളും. അതേസമയം കേരളത്തിലെ സഖാക്കൾ എന്താണ് ഇതുപോലെ ചെയ്യാത്തതെന്നും അവർ ശിവജി മതനേതാവാണെന്നാണ് പറയുന്നതെന്ന കമന്റുമായി ചിലരും രംഗത്തെത്തി.കേരളത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷിച്ച് തുടങ്ങിയ പാർട്ടി മഹാരാഷ്ട്രയിൽ ശിവജി ജയന്തിയും ആഘോഷമാക്കാൻ ആരംഭിച്ചതായും പരിഹാസം വന്നു.
ഡിവൈഎഫ്ഐയുടെ നടപടിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനമുയർന്നതോടെ വിശദീകരണവുമായി പാർട്ടി നേതൃത്വം രംഗത്തെത്തി. ശിവജിനടത്തിയ പോരാട്ടങ്ങൾ പൂർണ്ണമായും രാഷ്ട്രീയ സ്വഭാവമുള്ളവയായിരുന്നു. അവയ്ക്ക് മതവുമായി യാതൊരു ബന്ധവുമില്ല. ശിവജിയുടെ യഥാർത്ഥ ചരിത്രം പ്രചരിപ്പിക്കാൻ തീരുമാനിച്ചതായും ഡിവൈഎഫ്ഐ. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിശദീകരണകുറിപ്പിൽ പറയുന്നു.
ഹിന്ദുത്വവാദികൾ അവരുടെ ഐക്കണായി കൊണ്ടുനടക്കുന്ന ശിവജി യഥാർഥത്തിൽ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമാണെന്ന് ഡിവൈഎഫ്ഐ ഫേസ്‌ബുക്കിൽ കുറിച്ചു. മുസ്‌ലിങ്ങൾക്കെതിരെ പടനയിച്ച ഹിന്ദു രാജാവ് എന്ന തരത്തിൽ ശിവജിയെ ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി പ്രവർത്തിച്ചയാളാണ് ശിവജി. മുഗളന്മാർക്കെതിരായുള്ള ശിവജിയുടെ യുദ്ധങ്ങൾ രാഷ്ട്രീയപരമായിരുന്നു.
ബ്രാഹ്മണാധിപത്യത്തിനെതിരായി ജാതീയതക്കെതിരെ പോരാടിയ ശിവജിയെ പക്ഷെ, ഹിന്ദുത്വ കേന്ദ്രങ്ങൾ ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുത്വവാദിയാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ചരിത്രത്തെ ശരിയായ വിധത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ ശിവജി ജന്തി ആഘോഷിച്ചതെന്നും, അതിൽ അത്ഭുതപ്പെടേണ്ടതായൊന്നുമില്ലെന്നും ഡിവൈഎഫ്ഐ മഹാരാഷ്ട്ര ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
എന്നാൽ ഡിവൈഎഫ്ഐ ശിവജി ആഘോഷം ആരംഭിച്ചത് നിലപാട് മാറ്റത്തിന്റെ ഭാഗമാണെന്ന കുറ്റപ്പെടുത്തലുകളുമായും ഒരു വിഭാഗം രംഗത്തെത്തി. ഇന്ന് ശിവജി ആഘോഷം, നാളെ സവർക്കർ ജയന്തിയും പിന്നെ ഗോൾവാൾക്കർ ജയന്തിയും ഇനി ആഘോഷിക്കാമെന്നും പരിഹാസമുയർന്നു. ഇത് മൾട്ടിപ്പിൾ ഡിസോർഡറാണെന്നും ചിലർ ട്രോളി. ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ, ശിവജിയെ കുറിച്ച് കേരളത്തിലെ ഡിവൈഎഫ്ഐക്കാർക്ക് ഇവ്വിധം ക്ലാസെടുത്തുകൊടുക്കണമെന്നും ചിലർ കുറിച്ചു.
ഡിവൈഎഫ്ഐയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ഡിവൈഎഫ്ഐ മഹാരാഷ്ട്ര സഖാക്കൾ ശിവജി ജയന്തി ആഘോഷിക്കുന്നതായ റിപ്പോർട്ടുകൾ സാമൂഹിക മാധ്യമങ്ങളിലെ തീവ്ര വലതുപക്ഷ ഘടകങ്ങളെ അസ്വസ്ഥരാക്കി. ഈ വലതുപക്ഷ പ്രചാരകരെ സംബന്ധിച്ചിടത്തോളം, 'മുസ്ലീങ്ങളോട്' പോരാടിയ ഒരു 'ഹിന്ദു' രാജാവായിരുന്നു ശിവജി. ബ്രാഹ്മണ യാഥാസ്ഥിതികർ മുതൽ സവർക്കറിനെപ്പോലുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞർ വരെ പലരും ശിവജിയെ തട്ടിയെടുക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.
മുഗളരുമായും മറ്റ് രാജ്യങ്ങളുമായും ശിവജിനടത്തിയ പോരാട്ടങ്ങൾ പൂർണ്ണമായും രാഷ്ട്രീയ സ്വഭാവമുള്ളവയായിരുന്നു. അവയ്ക്ക് മതവുമായി യാതൊരു ബന്ധവുമില്ല. തന്റെ സൈനിക, രാഷ്ട്രീയ ഉപകരണങ്ങളിൽ അദ്ദേഹം ഹിന്ദുമുസ്ലിം ഐക്യം ശക്തിപ്പെടുത്തിയിരുന്നു.ശിവജിയുടെ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും യഥാർത്ഥ പ്രാധാന്യം ബ്രാഹ്മണ മേധാവിത്വത്തിനെതിരായ പോരാട്ടവും അടിച്ചമർത്തപ്പെട്ട കർഷകരുടെ ഉന്നമനവുമാണ്. ഈ യഥാർത്ഥ പൈതൃകം സാമൂഹിക വിപ്ലവകാരിയായ ജ്യോതിറാവു ഫൂലെ ഉയർത്തിക്കാട്ടുകയും മഹാരാഷ്ട്രയിലെ എല്ലാ പുരോഗമന ചിന്തകരും പിന്തുടരുകയും ചെയ്തു. ശിവജിയെ കറിച്ചുള്ള തെറ്റായ ഹിന്ദുത്വ വിവരണവും ജാതി അടിച്ചമർത്തലിനും മതപരമായ ഭിന്നതയ്ക്കും എതിരെ സമത്വ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിന്റെ യഥാർത്ഥ ചരിത്രം പറയുന്നതും തമ്മിൽ തീവ്രമായ പ്രത്യയശാസ്ത്രപരമായ സംഘട്ടനമുണ്ട്.
ഹിന്ദുത്വ വീരയോധാവായി ശിവജിയെ തെറ്റായി അവതരിപ്പിച്ചതിനെതിരായ പോരാട്ടത്തിന്റെ രക്തസാക്ഷിയായിരുന്നു സഖാവ് ഗോവിന്ദ് പൻസാരെ. 'ഹു വാസ് ശിവജി' എന്ന അദ്ദേഹത്തിന്റെ ലഘുലേഖ തീവ്ര വലതുപക്ഷത്തെ പ്രകോപിപ്പിച്ചു. ശിവജി ജയന്തി ആഘോഷിച്ചതിനെതിരായ തീവ്ര വലതുപക്ഷ ആക്രമണം ഡിവൈഎഫ്ഐയെ അതിശയിപ്പിക്കുന്നില്ല. ശിവജിയുടെ യഥാർത്ഥ ചരിത്രം പ്രചരിപ്പിക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ചു. ജ്യോതിറാവു ഫൂലെ മുതൽ സഖാവ് പൻസാരെ വരെയുള്ള ചിന്തകരുടെ പാത പിന്തുടരുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
പ്രീതി ശേഖർ
ഡിവൈഎഫ്ഐ. മഹാരാഷ്ട്ര സെക്രട്ടറി
മറുനാടന് മലയാളി ബ്യൂറോ