- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു; വായ പോയ കോടാലിയും കൊണ്ട് കമ്മ്യൂണിസ്റ്റ്കാരെ വെട്ടാൻ ഇറങ്ങിയിരിക്കുകയാണ്; കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താനുള്ള സമസ്ത തീരുമാനത്തെ പരിഹസിച്ച് ഡിവൈഎഫ്ഐ
കണ്ണൂർ: കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താനുള്ള സമസ്ത തീരുമാനത്തെ പരിഹസിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജർ. സമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു. കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെ. ഷാജർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു. കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെ. കൊടപ്പനയ്ക്കൽ തറവാട്ടിലെ അംഗത്തെ ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിൽ കയറി തെറി വിളിച്ചപ്പോൾ സമസ്ത എവിടെ ആയിരുന്നു. ഇപ്പൊൾ വായ പോയ കോടാലിയും കൊണ്ട് കമ്മ്യൂണിസ്റ്റ് കാരെ വെട്ടാൻ ഇറങ്ങിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചിറങ്ങിയപ്പോൾ ലീഗ് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുകയാണ്. വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയാനുള്ള യന്ത്രം കൂടി സമസ്ത കണ്ടു പിടിക്കുമെന്ന് കരുതുന്നു. എന്നിട്ട് പാണക്കാടെ വീടിനു മുന്നിലും, കോഴിക്കോട് ലീഗ് ഓഫീസിനു മുന്നിലും ഒന്ന് സ്ഥാപിച്ചു നോക്കുക. അപ്പൊൾ അറിയാം ആർക്കെതിരെയാണ് വിശ്വാസ സംരക്ഷണ ക്യാമ്പയിൻ നടത്തേണ്ടത് എന്ന്.
സ്വന്തം മാതാപിതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്ന് പരസ്യമായി പറയുന്നവരാണ് യുക്തിവാദികളെന്നും സ്വതന്ത്ര ലൈംഗികതയെ കമ്മ്യൂണിസ്റ്റുകാർ പ്രോത്സാഹിപ്പിക്കുന്നുവെന്നും വ്യക്തമാക്കി കമ്മ്യൂണിസ്റ്റ്-യുക്തിവാദി വിരുദ്ധ പ്രചാരണ പരിപാടികളുമായി ആണ് ഇ കെ വിഭാഗം സമസ്ത രംഗത്ത് എത്തിയിരിക്കുന്നത്. യുക്തിവാദം, നിരീശ്വര വാദം, സ്വതന്ത്ര ചിന്ത, കമ്മ്യൂണിസം എന്നിവയ്ക്കെതിരെ മഹല്ല് കമ്മിറ്റികൾ വഴി വിശ്വസികളെ ബോധവത്ക്കരിക്കാനുള്ള നീക്കങ്ങളുമായാണ് സമസ്ത മുന്നോട്ടുപോകുന്നത്. 'ലൈറ്റ് ഓഫ് മിഹ്റാബ്' എന്ന പേരിൽ സുന്നീ മഹല്ല് ഫെഡറേഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
കോവിഡ് കാലത്ത് വിശ്വാസികളുടെ ആത്മീയതയ്ക്ക് മങ്ങലേറ്റതായാണ് സമസ്തയുടെ വിലയിരുത്തൽ. പള്ളികളുമായുള്ള വിശ്വാസികളുടെ ഹൃദയബന്ധം അറ്റുപോകുകയും ജുമുഅ-ജമാഅത്തുകളുടെ ഗൗരവം നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്കെതിരെ ശക്തമായ ബോധവത്ക്കരണം മാത്രമാണ് പരിഹാരം എന്ന് വ്യക്തമാക്കിയാണ് ഇത്തരമൊരു കാമ്പയിനുമായി സംഘടന രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി സർക്കുലറുകൾ ഇറക്കുകയും മുൻനിര നേതാക്കൾക്ക് ക്ലാസുകൾ ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താഴേത്തട്ടിലുള്ളവർക്കുകൂടി ക്ലാസുകൾ നൽകുന്നതോടെ വെള്ളിയാഴ്ചകളിൽ സമസ്തയുടെ നേതൃത്വത്തിലുള്ള പള്ളികളിൽ കമ്മ്യൂണിസത്തിനും യുക്തിവാദത്തിനുമെതിരെയുള്ള പ്രഭാഷണങ്ങൾ നടക്കും. മഹല്ലുകളിൽ പുത്തുനുണർവ്വ് നൽകുക, മത നിരാസ പ്രവണതകളെയും യുക്തിവാദ-സ്വതന്ത്ര്യ ചിന്തകളെയും പ്രതിരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടിപ്പിക്കുന്നതെന്ന് സമസ്ത ഭാരവാഹികൾ വ്യക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി ഇന്ന് പുറത്തിറങ്ങിയ സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി വൈസ് ചാൻസിലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വിയുടെ ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആവണി ഗോപാല് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്