പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നാട്ടുകാരിൽ നിന്ന് ഒരു പൈസ പോലും പിരിക്കാതെയാണ് നടത്തുന്നതെന്ന കേന്ദ്രകമ്മറ്റിയംഗം കെയു ജനീഷ്‌കുമാറിന്റെ വാദം പൊളിച്ചടുക്കി സോഷ്യൽ മീഡിയ. എംഎൽഎ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയതിന് പിന്നാലെ സമ്മേളനത്തിനായി തയാറാക്കിയ കൂപ്പണുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പറന്നു കളിക്കുന്നു. ചിറ്റാറിലെ ഡിവൈഎഫ്ഐ സെമിനാറിനായി കുടുംബശ്രീ അംഗങ്ങളെ രംഗത്തിറക്കിയെന്ന വിവാദം ന്യായീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് 200 രൂപയുടെ സംഭാവന കൂപ്പണിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പ്രവർത്തകർ ആക്രി പെറുക്കിയും മൽസ്യകച്ചവടം ചെയ്തും കിണർ വൃത്തിയാക്കിയും ബിരിയാണി ചലഞ്ച് നടത്തിയും പച്ചക്കറി വിറ്റുമാണ് സമ്മേളന ചെലവിന് ആവശ്യമായ ധനം സമാഹരിച്ചതെന്ന് ജനീഷ് കുമാർ അവകാശപ്പെട്ടിരുന്നു. ഈ സംഘാടന മികവിൽ വിറളി പൂണ്ടവരാണ് ചിറ്റാറിൽ ഡിവൈഎഫ്ഐ സെമിനാറിന് ആളെക്കൂട്ടാൻ കുടുംബശ്രീ അംഗങ്ങളെ ഇറക്കിയെന്ന വിവാദം സൃഷ്ടിച്ചതെന്നും എംഎൽഎ പറഞ്ഞിരുന്നു. സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ സെറ്റു സാരിയും മെറുൺ കളർ ബ്ലൗസും ധരിച്ച് പങ്കെടുക്കണമെന്നും അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നുമുള്ള ചിറ്റാർ പഞ്ചായത്ത് 10-ാം വാർഡ് എഡിഎസ് ചെയർപേഴ്സന്റെ ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. ആദ്യ ദിവസം മാധ്യമങ്ങൾ ഈ ശബ്ദം സിസിഡിഎസ് ചെയർപേഴ്സണിന്റേത് എന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

മാധ്യമങ്ങൾക്ക് തെറ്റു പറ്റിയെന്ന് പറഞ്ഞ എംഎൽഎ ഈ സന്ദേശം കോൺഗ്രസുകാർ വ്യാജമായി നിർമ്മിച്ച് മാധ്യമങ്ങൾക്ക് നൽകിയെന്നും ആരോപിച്ചു. ശബ്ദസന്ദേശത്തിന്റെ നിജസ്ഥിതി മാധ്യമങ്ങൾക്ക് മനസിലാക്കി കൊടുക്കാൻ സിഡിഎസ് ചെയർപേഴ്സൺ മിനി അശോകനുമായിട്ടാണ് എംഎൽഎ മാധ്യമങ്ങളെ കണ്ടത്. എന്നാൽ, മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ശബ്ദസന്ദേശം വ്യാജമാണെന്ന് തെളിയിക്കാൻ ചെയർപേഴ്സന് ആയില്ല. മാത്രവുമല്ല, ശബ്ദസന്ദേശം പുറപ്പെടുവിച്ച ആൾക്കെതിരേ സിഡിഎസ് ചെയർപേഴ്സൺ എന്ന നിലയിൽ നടപടി സ്വീകരിക്കാനും കഴിഞ്ഞില്ല. എംഎൽഎയുടെ വ്യാജസന്ദേശ ആരോപണം ഇവിടെ വച്ച് തന്നെ പൊളിഞ്ഞു.

തൊട്ടുപിന്നാലെ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ശബ്ദസന്ദേശം അയച്ചത് പത്താം വാർഡിലെ എഡിഎസ് ചെയർപേഴ്സൺ ആണെന്ന് കണ്ടെത്തി. തനിക്ക് തെറ്റു പറ്റിയതാണെന്നും സെമിനാർ പാർട്ടി പരിപാടിയാണെന്ന് അറിയില്ലെന്നും പറഞ്ഞ് എഡിഎസ് ചെയർപേഴ്സൺ ശോഭ മാപ്പപേക്ഷിച്ചു. മേലിൽ ഇത്തരം പരിപാടികൾക്ക് കുടുംബശ്രീ അംഗങ്ങളെ ഇറക്കാൻ പാടില്ലെന്ന് മിഷൻ കോ-ഓർഡിനേറ്റർ കർശന നിർദ്ദേശം നൽകി. ഇതോടെ ശബ്ദരേഖ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന എംഎൽഎയുടെ ആരോപണം പൂർണമായും പൊളിഞ്ഞു. മാധ്യമങ്ങളെ കുറ്റപ്പെടുത്താൻ വേണ്ടി വിളിച്ച പത്രസമ്മേളനം അവസാനം എംഎൽഎയക്ക് തന്നെ പാരയാവുകയായിരുന്നു.

27 മുതൽ 30 വരെ പത്തനംതിട്ട ശബരിമല ഇടത്താവളത്തിലാണ് സമ്മേളനം നടക്കുന്നത്. സംസ്ഥാനത്തെ വിവിധജില്ലകളിൽ നിന്നായി 635 പ്രതിനിധികൾ പങ്കെടുക്കും.