പത്തനംതിട്ട: എതിർപ്പുണ്ടാകുന്നത് തടയാൻ പൊതുചർച്ച നടക്കുന്നതിന് മുൻപ് കെ-റെയിലിന് അനുകൂലമായി പ്രമേയം അവതരിപ്പിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം. കെ-റെയിൽ സംസ്ഥാനത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും അതു നടപ്പാക്കുന്നതിന് യുവത പിന്തുണ നൽകുമെന്നും പ്രമേയത്തിൽ പറയുന്നു.

കെ-റെയിൽ വന്നാൽ പശ്ചാത്തല വികസനവും തൊഴിലും ലഭിക്കും. കെ-റെയിൽ വന്നാൽ അപകടമാണെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. കെ-റെയിലിന് അനുകൂലമായ പ്രചാരണ പ്രവർത്തനം ഡിവൈഎഫ്ഐ ഏറ്റെടുത്ത് നടത്തും.

നിർമ്മാണ ഘട്ടത്തിൽ പ്രത്യക്ഷമായി 55,000 ത്തിലധികവും പരോക്ഷമായി നിരവധി പേർക്കും നിർമ്മാണം പൂർത്തീകരിക്കുന്ന ഘട്ടത്തിൽ പതിനായിരം പേർക്കും തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ് കെ-റെയിൽ സിൽവർ ലൈൻ. അടിസ്ഥാന സൗകര്യ വികസനത്തിന് ഉണ്ടാകുന്ന കുതിച്ചുചാട്ടം കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദ സംസ്ഥാനമായി തീർക്കും. കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ ദിശാ സൂചികയാകാൻ കെ-റെയിൽ പദ്ധതിക്കാകും. കെ റെയിൽ വിരുദ്ധതയിൽ ഒളിഞ്ഞിരിക്കുന്നതും ഫണം വിടർത്തുന്നതും കറയറ്റ ഇടതുപക്ഷ വിരുദ്ധതയാണ്.

കെ റെയിൽ വിരുദ്ധ പ്രചാരണങ്ങളുടെ മുനയൊടിക്കുവാൻ യുവജനങ്ങൾ രംഗത്തിറങ്ങണമെന്നും ഭിന്നാഭിപ്രായമുള്ള ആളുകളെ ബോധവൽക്കരിക്കുന്നതിലൂടെ തിരുത്തി എത്രയും വേഗത്തിൽ കെ റെയിൽ സിൽവർ ലൈൻ പദ്ധതി സാർഥകമാക്കണമെന്നും പ്രമേയം തുടർന്ന് പറയുന്നു.

ചീഫ് സെക്രട്ടറി ഗുജറാത്തിൽ പോയത് അവിടെ നല്ല വികസനമുണ്ടെങ്കിൽ മാത്രം പഠിക്കാനാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ പറഞ്ഞു. ഗുജറാത്തിന്റെ രാഷ്ട്രീയ സാഹചര്യം പഠിക്കാനല്ല പോയിരിക്കുന്നത്. ലോകത്തെവിടെ ആയാലും നല്ലതുണ്ടെങ്കിൽ അത് സ്വീകരിക്കുന്നതിൽ തെറ്റില്ല. ശാസ്ത്രസാങ്കേതിക രംഗത്ത് ഗുജറാത്തിൽ നിന്ന് വല്ലതും പഠിക്കാനുണ്ടെങ്കിൽ അത് സ്വീകരിക്കും. എന്നു കരുതി ഗുജറാത്തിൽ കേരളത്തേക്കാൾ വികസനമുണ്ടെന്ന അഭിപ്രായമില്ല.

അവസാന യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഷിബു ബേബി ജോൺ ഗുജറാത്തിൽ പോയതിന് മറ്റു ലക്ഷ്യങ്ങൾ കാണും. നിലവിൽ ഇവിടെ നിന്നും ചീഫ് സെക്രട്ടറിയാണ് പോയിരിക്കുന്നത്. ജനപ്രതിനിധികളോ രാഷ്ട്രീയ നേതാക്കളോ അല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സനോജ്, പ്രസിഡന്റ് സതീഷ്, എസ്‌കെ സജീഷ്, കേന്ദ്രകമ്മറ്റിയംഗങ്ങളായ ചിന്താ ജെറോം കെയു ജനീഷ് കുമാർ എംഎൽഎ എന്നിവർ പറഞ്ഞു.

165 മേഖലാ കമ്മറ്റികൾ ഡിവൈഎഫ്ഐക്ക് പുതുതായി വന്നു. 1697 യൂണിറ്റുകൾ വർധിച്ചു. 1,20,728 അംഗങ്ങളെ പുതുതായി ചേർത്തു. മറ്റു സംസ്ഥാനങ്ങളിലേതു പോലെ ആർഎസ്എസ് അജണ്ട ഇവിടെ നടപ്പാക്കാനുള്ള ശ്രമം ഡിവൈഎഫ്ഐ തടഞ്ഞു. ഭൂരിപക്ഷ വർഗീയതയുടെ പേര് പറഞ്ഞ് തീവ്രവാദ ഗ്രൂപ്പുകളായ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും രംഗത്തുണ്ട്. രണ്ട് വർഗീയതയും ഡിവൈഎഫ്ഐ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും നേതാക്കൾ പറഞ്ഞു.