- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് സന്നദ്ധ പ്രവർത്തനത്തിനിടെ കഞ്ചാവ് കടത്തി; പിടിയിലായ യുവാവ് ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ആരോപണം; ലോക് ഡൗൺ കാലത്ത് ഡിവൈഎഫ്ഐ കൊടി കെട്ടി ഭക്ഷണവും മരുന്നും വിതരണം ചെയ്തത് അഷ്മീർ അനീസ്; മാഹിയിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു
തലശേരി: കഞ്ചാവ് കേസിൽ ചൊക്‌ളിയിൽ പിടിയിലായ യുവാവ് ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം. എന്നാൽ ഇതു സംബന്ധിച്ച് ചൊക്‌ളി പൊലിസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാളുടെ വാഹനത്തിൽ നിന്നും ന്യൂ മാഹി പഞ്ചായത്ത് അനുവദിച്ച കോവിഡ് സന്നദ്ധ പ്രവർത്തകനെന്ന് തെളിയിക്കുന്ന വളണ്ടിയർ പാസും മറ്റും കണ്ടെത്തിയിട്ടുണ്ട്.
ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ കോവിഡ് സന്നദ്ധ സേവന പ്രവർത്തകന്റെ തിരിച്ചറിയൽ കാർഡ് ഇയാൾ കഞ്ചാവ് കടത്താനായി ഉപയോഗിച്ച കാറിൽ നിന്നും കണ്ടെടുത്തത് രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ഇയാൾക്ക് കോവിഡ് വളണ്ടിയർ പാസ് ഡിവൈഎഫ്ഐ - സിപിഎം പ്രവർത്തകനായതിനാൽ ലഭിച്ചതാണെന്ന ആരോപണമാണ് രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്നത്.
ചൊക്ലിി കാഞ്ഞിരത്തിൻ കീഴിൽ വാടക വീടെടുത്ത് താമസിക്കുന്ന പെരിങ്ങാടി ഹിറാ മൻസിലിൽ മുഹമ്മദ് അഷ്മീർ അനീസിനെ (29)യാണ് ഏഴര കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. ന്യൂ മാഹി പഞ്ചായത്ത് അനുവദിച്ച കോവിഡ് വളണ്ടിയർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ലോക് ഡൗൺ കാലത്ത് കാറിൽ കഞ്ചാവ് കടത്തിയിരുന്നതെന്നാണ് സൂചന. തലശേരി, പാനൂർ, ചൊക്‌ളി, ഭാഗങ്ങളിൽ മയക്കുമരുന്ന് കടത്തുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നാണ് എക്‌സൈസ് സംഘം പറയുന്നത്.
കേരളത്തിന് പുറത്ത് നിന്നും മയക്കുമരുന്ന് കൊണ്ട് വന്ന് ചെറുകിടക്കാർക്ക് എത്തിച്ചു കൊടുക്കയാണ് എം.കെ അഷ്മീർ അനീസ് ചെയ്തതെന്നാണ് എക്‌സൈസ് നൽകുന്ന വിവരം. ലോക് ഡൗൺ കാലത്ത് ഡിവൈഎഫ്ഐ യുടെ കൊടി കെട്ടി ഭക്ഷണ പദാർത്ഥങ്ങളും മരുന്നും വിതരണം ചെയ്യാൻ ഇയാളുടെ കാർ സർവീസ് നടത്തിയിരുന്നു. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ ഇയാൾ കഞ്ചാവ് കടത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്‌ച്ചക്കാലമായി അനീസ് എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അൻസാരി ബീഗുവിന്റെ നിർദ്ദേശപ്രകാരം സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ പി.കെ സതീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ നിരീക്ഷണം നടത്തിവന്നിരുന്നത്. ന്യൂ മാഹി - പെരിങ്ങാടി മേഖലയിലെ സജീവ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകനായതിനാൽ വളരെ സൂക്ഷ്മതയോടെയാണ് എക്‌സൈസ് ഇടപെടൽ നടത്തിയത്.കർണാടകയിൽ നിന്നും കഞ്ചാവും മറ്റും കൊണ്ടുവന്ന് വൻ വിലയ്ക്ക് ഇയാൾ വിൽപ്പന നടത്തിയിരുന്നുവെന്നാണ് എക്‌സൈസ് നൽകുന്ന വിവരം.
പ്രിവന്റീവ് ഓഫീസർ കെ ശശികുമാർ ,കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.ജലീഷ്, എം.കെ പ്രസന്ന തുടങ്ങിയവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. എന്നാൽ പിടിയിലായത് ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് ആരോപണമുയരുമ്പോഴും സിപിഎം നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല.