- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റ് ഇ-ഓഫീസ് ആണെങ്കിലും ഇ ഫയലുകളോട് ഏറ്റവും അലർജി മന്ത്രിമാർക്ക് തന്നെ; സെക്രട്ടറിയേറ്റിൽ മന്ത്രിമാർ കാണേണ്ട ഫയലുകൾ പലതും കറങ്ങി നടക്കുന്നത് കടലാസു ഫയലായി തന്നെ; ഇ-ഫയലായി നീങ്ങിയാലും ഒടുവിൽ മന്ത്രിക്കു മുന്നിലെത്തുക ഇ-ഫയലിന്റെ പ്രിന്റ് ചെയ്ത പകർപ്പായിരിക്കും; ഇ- ഫയലിങ് ആയതിനാൽ എല്ലാം സേഫാണെന്ന് പറയുമ്പോഴും തീകത്തിയാൽ നഷ്ടമാകാൻ ഫയലുകൾ ഏറെ; പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തത്തിൽ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും, സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് ഓഫീസിലെ തീപിടുത്തം അട്ടിമറിയാണെന്ന രാഷ്ട്രീയ ആരോപണങ്ങൾ ശക്തമാകുന്നുണ്ട്. ഇതിനിടെയും സൈബർ ലോകത്ത് സർക്കാറിനെ ന്യായീകരിച്ചു കൊണ്ട് നിരവധി പേർ രംഗത്തുവരികയും ചെയ്യുന്നുണ്ട്. ഇവർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം സെക്രട്ടറിയേറ്റ് മുഴുവൻ പ്രവർത്തിക്കുന്നത് ഇ ഫയലുകൾ വഴിയാണെന്നും അതുകൊണ്ട് തന്നെ എല്ലാം സേഫാണ് എന്നുമാണ് ഇവരുടെ വാദം. അതേസമയം സർക്കാർ ഇങ്ങനെ വാദിക്കുമ്പോൾ തന്നെയും സെക്രട്ടറിയേറ്റിലെ കാര്യങ്ങൾ പലതും നേരെ തിരിച്ചാണെന്ന് വ്യക്തമാകും. മന്ത്രിമാരും മറ്റു ചില ഉദ്യോഗസ്ഥർക്കും ഇപ്പോവു പഥ്യം കടലാസു ഫയലുകൾ തന്നെയാണ്. ഇ ഓഫീസ് സംവിധാനം ഉണ്ടെങ്കിലും മിക്ക മന്ത്രമാരും ഇപ്പോഴും പേപ്പർ ഫയലുകളാണ് നോക്കുന്നത് എന്നതാണ് വാസ്തവം.
ചൊവ്വാഴ്ച തീപിടിച്ച ജിഎഡി (പൊളിറ്റിക്കൽ) വിഭാഗത്തിൽ മാത്രമല്ല, സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലും അതുകൊണ്ട് തന്നെ കടലാസു ഫയലുകൾ പറന്നു നടക്കുന്നത്് പതിവു കാഴ്‌ച്ചയാണ്. ആകെ ഫയലുകളിൽ ഏതാണ്ട് 20% ഇപ്പോഴും കടലാസുകളായാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉദ്യോഗസ്ഥരിലേക്കും വകുപ്പുകളിൽ നിന്നു വകുപ്പുകളിലേക്കും നീങ്ങുന്നത്. അതിനാൽ ഉദ്യോഗസ്ഥരുടെയും മിക്ക മന്ത്രിമാരുടെയും മേശപ്പുറത്ത് ചുവപ്പു നാട കെട്ടിയ ഫയലുകൾ ഇപ്പോഴും കാണാം. കഴിഞ്ഞ ഒക്ടോബറിൽ 1.25 ലക്ഷം ഇ-ഫയലുകളാണു സെക്രട്ടേറിയറ്റിൽ തീർപ്പാക്കാൻ ഉണ്ടായിരുന്നത്.
വ്യക്തികളുടെ അപേക്ഷകളായോ ഡയറക്ടറേറ്റുകളിൽ നിന്നും മറ്റും ശുപാർശകളായോ എത്തുന്ന കടലാസാണു പലപ്പോഴും ഒരു ഫയലിന്റെ തുടക്കം. ആ കടലാസ് സ്‌കാൻ ചെയ്ത് ഇ-ഓഫിസ് സോഫ്റ്റ്‌വെയറിൽ അപ്ലോഡ് ചെയ്തു ഫയൽ നമ്പർ സൃഷ്ടിക്കുന്നതോടെ ഫയൽ ജനിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നോട്ടെഴുതി ആ ഫയൽ മുകളിലേക്കു വിട്ടാൽ സെക്ഷൻ ഓഫിസർ, അണ്ടർ സെക്രട്ടറി/ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി/അഡീഷനൽ സെക്രട്ടറി എന്നിവരുടെ കൈകളിലൂടെയാണു വകുപ്പു സെക്രട്ടറിക്കു മുന്നിലെത്തുക. ധന വകുപ്പിലാണെങ്കിൽ തട്ടുകളുടെ എണ്ണം ഇതിലും കൂടും. പ്രധാന ഫയലുകളാണെങ്കിൽ ഒടുവിൽ മന്ത്രിക്കു മുന്നിലുമെത്തും. ഒടുവിൽ ഫയൽ കണ്ടയാളുടെ തീരുമാനത്തിന്മേൽ ഉത്തരവിറക്കുന്നതോടെ ഫയലിന്റെ യാത്ര പൂർത്തിയാകും.
എന്നാൽ, ചില ഫയലുകൾ മാത്രം വേറിട്ട വഴിയേ സഞ്ചരിക്കും. കടലാസ് ഫയൽ ആഗ്രഹിക്കുന്ന മന്ത്രിമാരുടെ വകുപ്പുകളിൽ ഫയലുകൾ അധികവും കടലാസായിത്തന്നെ നീങ്ങും. ഇ-ഫയലായി നീങ്ങിയാൽപ്പോലും ഒടുവിൽ മന്ത്രിക്കു മുന്നിലെത്തുക ഇ-ഫയലിന്റെ പ്രിന്റ് ചെയ്ത പകർപ്പായിരിക്കും. വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾക്കു തുടക്കം മുതൽ കടലാസ് രൂപം തന്നെയാണ് യാത്ര ചെയ്യാറ്. അതുകൊണ്ടു കൂടിയാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തം വിവാദത്തിൽ ആകുന്നത്.
അസിസ്റ്റന്റിൽ നിന്നു തുടങ്ങുന്ന ഫയൽ ഉത്തരവായി പുറത്തിറങ്ങുന്നതു വരെ കംപ്യൂട്ടർ വഴി മാത്രം സഞ്ചരിച്ചാലേ ഇ-ഫയൽ സംവിധാനം കൊണ്ടു ഗുണമുള്ളൂ. സഞ്ചാരപഥവും ഫയലിന്റെ തൽസ്ഥിതിയും, ഒരോരുത്തരും ഫയൽ കൈവശം വച്ചിരുന്ന കാലയളവും അറിയാനാകും. സെക്രട്ടേറിയറ്റിലെ ആകെ ഫയൽ നീക്കത്തിന്റെ അവസ്ഥയും സർക്കാരിനു ലഭിക്കും. ഇ-ഫയലിൽ കറന്റ്, നോട്ട് എന്നീ 2 ഭാഗങ്ങളുണ്ട്. ഫയലുമായി ബന്ധപ്പെട്ട കടലാസുകളെല്ലാം കറന്റിൽ ചേർക്കും. ഓരോ ഉദ്യോഗസ്ഥനും അഭിപ്രായങ്ങളും ശുപാർശകളും എഴുതുന്നതു നോട്ടിലാണ്. പലപ്പോഴും മന്ത്രിമാർക്കു വേണ്ടി അവരുടെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ചു പഴ്‌സനൽ സ്റ്റാഫാണ് നോട്ട് എഴുതുക.
അതേസമയം സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഇതുവരെ ഏത് ഫയലുകളാണ് കത്തി നശിച്ചത് എന്നകാര്യം അറിവായിട്ടില്ല. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകളാണ് ഇന്ന് കോടതിയിൽ സമർപ്പിക്കുക. ശാസ്ത്രീയ പരിശോധനകൾക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ടിയാണിത്. കൂടുതൽ സാക്ഷികളുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തും.
തീപിടുത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും, സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സ്ഥലത്തെ സിസിടിവി അടക്കമുള്ള കാര്യങ്ങളും ഇന്ന് പൊലീസ് പരിശോധിക്കും. ഫോറൻസിക് ഫലം വന്നാലുടൻ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കും.
മറുനാടന് ഡെസ്ക്