തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിലൂടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം തേടാം. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുതന്നെ ചികിത്സ തേടാൻ കഴിയുന്ന രീതിയിലാണ് ഇ-സഞ്ജീവനി സംവിധാനം ഒരുക്കിയിരിക്കുന്നത്.

വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി സ്പെഷ്യാലിറ്റി ഒപികൾ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ 35ൽ പരം വിവിധ ഒപി സേവനങ്ങളാണ് ഇ-സഞ്ജീവനി വഴി നൽകുന്നത്.


തുടർ ചികിത്സയ്ക്കും കോവിഡ് രോഗികൾക്കും ഐസലേഷനിലുള്ളവർക്കും ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫുകൾക്കും ഉൾപ്പെടെ എല്ലാവർക്കും ഡോക്ടർമാരുടെ സേവനം തേടാം.

ഹോം ഐസലേഷനിൽ കഴിയുന്നവർക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാൽ ഇസഞ്ജീവനിയിൽ വിളിച്ച് സംശയങ്ങൾ ദൂരീകരിക്കാം. ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ജനറൽ ഒപി പ്രവർത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങൾക്കും ചികിത്സാ സംബന്ധമായ സംശയങ്ങൾക്കും സേവനം തേടാം. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ആവശ്യമുള്ളവരെ അതാത് വിഭാഗങ്ങളിലേക്ക് റഫർ ചെയ്യും.

ശിശുരോഗ വിഭാഗം ഒപി (തിങ്കൾ മുതൽ ശനിവരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ), സൈക്യാട്രി ഒപി (തിങ്കൾ മുതൽ ശനിവരെ വരെ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ), കോവിഡ് ഒപി (ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ), ഡിഇഐസി ഒപി (തിങ്കൾ മുതൽ വെള്ളിവരെ 10 മുതൽ വൈകിട്ട് 4 വരെ), കൗമാര ക്ലിനിക്ക് (തിങ്കൾ മുതൽ വെള്ളിവരെ 9:30 മുതൽ വൈകിട്ട് 3 വരെ) ജനറൽ സർജറി ഒപി (ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെ) അസ്ഥിരോഗ ഒപി (ഞായർ, വെള്ളി രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ).

നെഞ്ച് രോഗ/ ശ്വാസകോശ രോഗ ഒപി ( ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ) ത്വക്രോഗ ഒപി (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ) ഗൈനക്കോളജി വിഭാഗം ഒപി (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ) ജനറൽ മെഡിസിൻ വിഭാഗം (ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ) ഇഎൻടി ഒപി (ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ) കാർഡിയോളജി ഒപി (വെള്ളിയാഴ്ച 9 മുതൽ ഉച്ചയ്ക്ക് 1 വരെ) തുടങ്ങിയ സ്പെഷ്യാലിറ്റി ഒപികളും പ്രവർത്തിക്കുന്നു.

കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇസഞ്ജീവനി വഴി സേവനങ്ങൾ നൽകുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ് തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതൽ 4.15 വരെ), ഇംഹാൻസ് കോഴിക്കോട് (ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ), ആർസിസി തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.15 വരെ), കൊച്ചിൻ കാൻസർ സെന്റർ (ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 9 മുതൽ ഉച്ചയ്ക്ക് 1 വരെ), മലബാർ കാൻസർ സെന്റർ തലശേരി (തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 3 മുതൽ വൈകിട്ട് 4 വരെ) തുടങ്ങിയ സ്ഥാപനങ്ങളുടെ ഒപി സേവനങ്ങളും ലഭ്യമാണ്.

20 ഓളം സേവനങ്ങളാണ് ഈ വിഭാഗങ്ങളിൽനിന്നും ലഭ്യമാകുന്നത്. നേത്രരോഗ വിഭാഗം ഒപി, പാലിയേറ്റീവ് ആൻഡ് ഓങ്കോളജി വിഭാഗം ഒപി, ദന്തരോഗ വിഭാഗം ഒപി, ഹീമോഫീലിയ ഒപി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപികളും ഉടനെ ആരംഭിക്കും.

ആദ്യമായി  https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടെങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം. ആവശ്യമുള്ള വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വിഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടനെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങൾക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരിൽ വിളിക്കാം.