കൊച്ചി: ലക്ഷ്യം പൂർത്തിയാക്കി ഇ ശ്രീധരൻ ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ. പുനർനിർമ്മിച്ച പാലാരിവട്ടം പാലം ഇന്നു റോഡ്‌സ് ആൻഡ് ബ്രിജസ് ഡവലപ്‌മെന്റ് കോർപറേഷന് (ആർബിഡിസികെ) കൈമാറിയാണ് ഇ ശ്രീധരന്റെ വാക്കു പാലിക്കൽ. ഒരു രൂപ പോലും ഖജനാവിന് നഷ്ടമില്ലാത്ത പുനർനിർമ്മാണം. കേരളത്തിന്റെ പഞ്ചവടിപാലമായിരുന്നു പാലാരിവട്ടം. വേണമെങ്കിൽ പാലം പൊളിക്കാതെ തന്നെ എല്ലാം നേരെയാക്കാമായിരുന്നു. പൊളിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ ചില രാഷ്ട്രീയമുണ്ടായിരുന്നു. പാലാരിവട്ടത്തിൽ വോട്ട് നേടാനുള്ള തന്ത്രം.

പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതും പാലത്തിലെ അഴിമതി ചർച്ചയാക്കാനായിരുന്നു. എന്നാൽ ഇനി പാലത്തെ പറ്റി സിപിഎമ്മിന് അധികം മിണ്ടാൻ പോലും കഴിയില്ല. കാരണം ഇ ശ്രീധരനാണ് പാലം യഥാസമയം പുനർനിർമ്മിച്ച് മാതൃകയായത്. ഈ മനുഷ്യന്റെ വീക്ഷണമാണ് ഇതിനെല്ലാം കാരണമെന്ന് മലയാളിക്ക് അറിയാം. ശ്രീധരൻ ഇപ്പോൾ ബിജെപിയിലാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ ഉയർത്തിക്കാട്ടുന്ന വ്യക്തി. അതുകൊണ്ട് തന്നെ ഈ പാലം തുറന്നു കൊടുത്താൽ അത് ശ്രീധരന്റെ മികവിനുള്ള അംഗീകാരമാകും. അതുകൊണ്ട് തന്നെ പാലം ഉടനെ തുറക്കുമോ എന്നു പോലും സംശയിക്കുന്നവരുണ്ട്.

പാലം ഇനി എപ്പോൾ വേണമെങ്കിലും തുറക്കാം. 9 മാസമായിരുന്നു സർക്കാർ അനുവദിച്ച സമയം. കരാർ നൽകിയതു 8 മാസം എന്നു നിശ്ചയിച്ചാണ്. എന്നാൽ 5 മാസവും 10 ദിവസവും കൊണ്ടു പാലം പൂർത്തിയാക്കാൻ കഴിഞ്ഞു. മറ്റ് ഏതെങ്കിലും ഏജൻസിയായിരുന്നെങ്കിൽ കുറഞ്ഞതു 18 മാസം വേണ്ടി വരുന്ന പണിയാണ്. ഇതാണ് ശ്രീധരന്റെ മേൽനോട്ടത്തിൽ പൂർത്തിയാകുന്നത്. പണി അതിവേഗം നടത്തിയതിന്റെ ക്രഡിറ്റ് ഊൗരാളുങ്കലിന് നൽകാനും ശ്രീധരന് മടിയില്ല. ഏതായാലും പാലാരിവട്ടത്തെ നേട്ടം ബിജെപിക്ക് വോട്ടായി മാറുമെന്നാണ് അവരുടെ നിഗമനം.

അപ്പോഴും തനിക്ക് പിന്നിൽ നിന്നവരെ ശ്രീധരൻ മറക്കുന്നില്ല. ഊരാളുങ്കൽ സൊസൈറ്റിയും ശ്രീഗിരി കൺസൽറ്റന്റ്‌സും നന്നായി ചെയ്തു. മികച്ച നിലവാരത്തിലാണ് ഊരാളുങ്കൽ പാലം നിർമ്മിച്ചത്. ഊരാളുങ്കലിനെയും ചീഫ് എൻജിനീയർ കേശവചന്ദ്രനെയും ഡിസൈൻ കൺസൾറ്റന്റുമാരായി പ്രവർത്തിച്ച ഷൈൻ വർഗീസ്, മുഹമ്മദ് ഷെറിൻ എന്നിവരെയും അഭിനന്ദിക്കുന്നുവെന്നും ശ്രീധരൻ പറഞ്ഞു. ശ്രീധരന്റെ കണ്ണും കാതും ഈ പാലം നിർമ്മാണത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിർമ്മാണത്തിൽ ഒരു കള്ളവും ആർക്കും ചെയ്യാനായില്ലെന്നതാണ് വസ്തുത.

ഡിഎംആർസിയുടെ ഔദ്യോഗിക യൂണിഫോമിൽ ഇന്നലെ ഇ. ശ്രീധരന്റെ അവസാന ദിവസം. ഡിഎംആർസിയിൽ നിന്നു വിരമിച്ച ശേഷവും മുഖ്യ ഉപദേഷ്ടാവായി തുടർന്ന ശ്രീധരൻ സംസ്ഥാന സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങിയാണു പാലാരിവട്ടം പാലം പുനർനിർമ്മാണം ഏറ്റെടുത്തത്. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുൻപു ഡിഎംആർസിയിലെ സ്ഥാനം രാജിവയ്ക്കും. പാലാരിവട്ടം പാലം തീരുന്നതോടെ കേരളത്തിലെ പ്രവർത്തനങ്ങൾ ഡിഎംആർസി അവസാനിപ്പിക്കും. അങ്ങനെ ശ്രീധരൻ രാഷ്ട്രീയത്തിലേക്ക് മാറുകയാണ്.

ദ്വീർഘമായ കർമ്മപദത്തിൽ നിന്നും രാഷ്ട്രീ വഴിയിലേക്ക് പോകുമ്പോൾ ഇ ശ്രീധരന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. കൊച്ചി മെട്രോ എന്ന ആശയം 2008ൽ തുടങ്ങി 2012ൽ പൂർത്തിയായി. കൊച്ചി മെട്രോയൊഴികെ ബാക്കിയൊന്നും ഉദ്ദേശിച്ച രീതിയിൽ നടന്നില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു. നടക്കാതെ പോയ പദ്ധതികളുടെ കൂട്ടത്തിൽ കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ, ഹൈസ്പീഡ് റെയിൽവേ പദ്ധതി എല്ലാം ഞങ്ങൾ ഏറ്റെടുത്തതാണ്. ഒന്നും നടപ്പാക്കാനായില്ല. സ്ഥലമെടുപ്പിലെ കാലതാമസം മൂലം കൊച്ചി മെട്രോ പൂർത്തിയാകാൻ കൂടുതൽ സമയമെടുത്തുവെന്നും അദ്ദേഹം പറയുന്നു. ഇനി രാഷ്ട്രീയം. നടക്കാതെ പോയ ലക്ഷ്യങ്ങൾക്കായുള്ള ജനഹിതം തേടൽ.

പാലാരിവട്ടം പുനർനിർമ്മാണത്തിനു സംസ്ഥാന സർക്കാർ ഡൽഹി മെട്രോ റെയിൽ കോർപറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ചപ്പോൾ ഇ. ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കൊച്ചിയിൽ ഡിഎംആർസി പണിത 4 പാലങ്ങൾ എസ്റ്റിമേറ്റ് തുകയെക്കാൾ കുറഞ്ഞ സംഖ്യക്കു പൂർത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ച് പാലാരിവട്ടം പാലം നിർമ്മിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആ വാക്ക് പാലിക്കുകയും ചെയ്തു. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനിലേക്കു പോയ ചീഫ് എൻജിനീയർ കേശവ് ചന്ദ്രനെ ഡപ്യൂട്ടേഷനിൽ തിരികെ കൊണ്ടുവരാനും ശ്രീധരൻ മുൻകൈയെടുത്തു.

റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ഔദ്യോഗിക ജീവിതം തുടങ്ങി

പാലക്കാട് ജില്ലയിലെ കറുകപുത്തൂരിൽ കീഴൂട്ടിൽ നീലകണ്ഠൻ മൂസതിന്റെയും കാർത്യായനിയുടെയും മകനായി മിഥുനത്തിലെ അവിട്ടം നാളിലാണ് എളാട്ടുവളപ്പിൽ ശ്രീധരന്റെ ജനനം. ഒമ്പതു മക്കളിൽ ഏറ്റവും ഇളയവനായ ശ്രീധരൻ പിന്നീട് ലോകം ശ്രദ്ധിച്ച പ്രതിഭാശാലിയായ സിവിൽ എൻജിനിയർമാരിൽ ഒന്നാമനായി മാറുകയായിരുന്നു.

1954ൽ ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ജോലിയിൽ പ്രവേശിച്ച ശ്രീധരൻ വിശ്രമമില്ലാത്ത 63 വർഷത്തെ ഔദ്യോഗികജീവിതമാണ് പിന്നിടുന്നത്. പാമ്പൻപാലം 1964ൽ 46 ദിവസത്തിനുള്ളിൽ പുനർ നിർമ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായി അറിയപ്പെടുന്ന കൊൽക്കത്ത മെട്രോയുടെ രൂപകൽപ്പന ശ്രീധരന്റേതാണ്. കൊച്ചിൻ ഷിപ്യാർഡിൽ ആദ്യ കപ്പൽ റാണിപത്മിനിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ കപ്പൽശാലയുടെ സിഎംഡി ശ്രീധരനാണ്. 1990ൽ റെയിൽവേയിൽനിന്നു വിരമിച്ച് കൊങ്കൺ റെയിൽവേയുടെ തലപ്പത്ത്. കുറഞ്ഞ ഏഴുവർഷവും മൂന്നുമാസവും മാത്രമെടുത്ത് 760 കിലോമീറ്റർ കൊങ്കൺപാത പൂർത്തിയാക്കി. തുടർന്ന് രാജ്യത്തെ അത്യാധുനിക മെട്രോ തീർക്കാനുള്ള ദൗത്യമേറ്റെടുത്ത് ഡിഎംആർസിയിൽ. നിശ്ചിതസമയത്തിന് രണ്ടുവർഷവും ഒമ്പതുമാസവും ശേഷിക്കെ ഏഴുവർഷവും മൂന്നുമാസവുമെടുത്ത് 10,500 കോടി രൂപ ചെലവിൽ ഡൽഹി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാക്കി.

നാലരവർഷത്തിനുള്ളിൽ രണ്ടാംഘട്ടവും പാളത്തിലായി. ഇതിനിടെ ജയ്പുർ, ലഖ്‌നൗ, വിശാഖപട്ടണം മെട്രോകളുടെയെല്ലാം മേൽനോട്ട ചുമതലയും പ്രായത്തിന്റെ പരിമിതികൾ മറന്ന് ഏറ്റെടുത്തു. ഇപ്പോഴും പൊന്നാനിയിലെ വീട്ടിൽനിന്ന് കൊച്ചിയിലേക്കും വിവിധ മെട്രോനഗരങ്ങളിലേക്കും നിരന്തരം യാത്രചെയ്യുന്നു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മാനേജ്‌മെന്റ് പ്രഭാഷണങ്ങളുടെയും ഭാഗമായി എല്ലായിടത്തും ഓടിയെത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതി ആസൂത്രണങ്ങൾക്കായി വിവിധ സമിതികളിലും പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാരിന്റെ റെയിൽവേ പദ്ധതികളുടെ ഉപദേഷ്ടാവുമാണ്. കൊച്ചി മെട്രോയ്ക്ക് നാലായിരം കോടിയോളം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിച്ചത്. അതിന്റെ പകുതി പോലും ശ്രീധരൻ ചെലവാക്കിയില്ലെന്നാണ് സൂചന. കൊച്ചി മെട്രോയൂടെ പകുതി പണികളേ ഇതുവരെ പൂർത്തിയായുള്ളൂ. അതിനിടെ തന്നെ കൊച്ചി മെട്രോ നിർമ്മാണത്തിനു പ്രതീക്ഷിച്ചിരുന്ന ചെലവിൽ നിന്ന് ഇതുവരെ 400 കോടി രൂപ മിച്ചമുണ്ടാക്കാനായെന്നാണ് സൂചന.

ഡിഎംആർസിയിലൂടെ കേരളത്തിന് നൽകിയത് പുതിയ തൊഴിൽ സംസ്‌ക്കാരം

ഡിഎംആർസിയുടെ രീതികൾ കേരളത്തിന് ശരിക്കും പാഠമാകേണ്ടതാണ്. ഇവരുടെ തൊഴിൽ സംസംക്കാരം കേരളത്തിലെ മറ്റു വകുപ്പുകൾ മാതൃകയാക്കുകയാണ് വേണ്ടത്. കൊച്ചി മെട്രോയുടെ മുന്നൊരുക്കം എന്ന നിലയിലാണ് പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചത്. അന്ന് പാച്ചാളം മേൽപ്പാലത്തിനായി സർക്കാൻ അനുവദിച്ച 52 കോടി 70 ലക്ഷം രൂപ ആയിരുന്നു. എന്നാൽ മേൽപ്പാലത്തിന്റെ പണികൾ പൂർണമായും പൂർത്തിയായപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 13 കോടി ബാക്കി സർക്കാരിനു ലാഭം ഉണ്ടാക്കി കൊടുത്തു. പൊതുവേ പൊതുമരാമത്ത് വകുപ്പിനേക്കാൾ ഉയർന്ന എസ്റ്റിമേറ്റായിരുന്നെങ്കിലും ഡിഎംആർസി അവരുടെ ഭാഗം ഭംഗിയായി നിർവഹിച്ചു. അനുവദിച്ച തുകയേക്കാൾ കുറവിൽ പണിയാൻ സാധിച്ച ഡിഎംആർസിയുടെ കഴിവിൽ കേരളം അഭിമാനം കൊണ്ടു. ഇടപ്പള്ളിയിൽ ലുലു മാൾ എത്തിയതോടെ ഗതാഗതം താറുമാറായി. എല്ലാം തകിടം മറിഞ്ഞു. ഇതിന് പരിഹാരം എത്തിക്കാനായിരുന്നു മേൽപ്പാല നിർമ്മാണം പദ്ധതിയായെത്തിയത്. നഗരത്തെ വീർപ്പ്മുട്ടിച്ച ഗതാഗത കുരുക്കിന് ആശ്വാസം പകർന്ന് ഇടപ്പള്ളി മേൽപ്പാലവും ശ്രീധരന്റെ മികവിന്റെ സാക്ഷ്യപത്രമാകുന്നു.

മെട്രോ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന പ്രശ്നം ഇടപ്പള്ളി ജങ്ങ്ഷനിലെ മേൽപ്പാല നിർമ്മാണമായിരുന്നു. റയിൽമേൽപാലവും റോഡ് മേൽപ്പാലവും ഒരുമിച്ചുകൊണ്ടുപോകേണ്ടതുണ്ടായിരുന്നു. ഇവിടെ മറ്റ് മേൽപ്പാലത്തിന് സാധ്യതയുമില്ല. ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ഇരു മേൽപ്പാലങ്ങളും യോജിപ്പിച്ച് നവീന സാങ്കേതിക വിദ്യയോടെയാണ് ഇപ്പോൾ പാലങ്ങൾ പൂർത്തിയാക്കിയതെന്നും ഇ ശ്രീധരൻ പറയുന്നു. ആലുവ-എറണാകുളം പാതയിൽ നിലവിലെ റോഡിന് മുകളിലും മെട്രോ റെയിൽ പാതയ്ക്ക് താഴെയുമായാണ് സമാന്തര പാലം വന്നത്.20 മാസം കൊണ്ടാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ ഉത്സാഹത്താൽ പാലം പൂർത്തിയായത്.2013 മെയിൽ ഭരണാനുമതി ലഭിച്ചെങ്കിലും 2015 ജനവരിയിലാണ് നിർമ്മാണം തുടങ്ങിയത്. ഈ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ശ്രീധരൻ നേരിട്ട് വിലയിരുത്തിയിരുന്നു. ഡൽഹി ഭൂഗർഭത്തീവണ്ടിപ്പാത പുറമേ കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത , കൊങ്കൺ തീവണ്ടിപ്പാത , തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇവിടെയെല്ലാം രാജ്യം കണ്ടത് പറയുന്നത് കൃത്യ സമയത്ത് ചെയ്യുന്ന ശ്രീധരനെയാണ്.

കൊച്ചി മെട്രോയുടെ ആലുവമുതൽ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂർത്തിയായപ്പോൾ 300 കോടിയോളം രൂപ ലാഭമുണ്ടാക്കൻ സാധിച്ചിട്ടുണ്ട്. ഇതിന്റെ ക്രെഡിറ്റ് ശ്രീധരന് കൂടിയുള്ളതാണ്. എന്നാൽ, ഡിഎംആർസിയുടെയും കെഎംആർഎല്ലിന്റെയും പരിശ്രമഫലമായാണ് ഇത് എന്നു പറഞ്ഞ് വിനീതനാകുകയാണ് ശ്രീധരൻ ചെയ്തത്. രശ്രീധരനെയും ഡി.എം.ആർ.സിയെയും കൊച്ചി മെട്രോയിൽനിന്ന് പുകച്ചുചാടിക്കാൻ പല ഘട്ടങ്ങളിലും ശ്രമങ്ങളുണ്ടായിരുന്നു.ശ്രീധരന്റെ അസാന്നിധ്യത്തിൽ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷൻ പണം കിട്ടാൻ പാഞ്ഞു നടന്നവരായിരുന്നു ഇവർ. പക്ഷേ, ശ്രീധരൻ കൊച്ചി മെട്രോ നിർമ്മാണനേതൃത്വത്തിൽ ഉണ്ടാകണമെന്നാഗ്രഹിച്ചവരുടെ തീർച്ചകളെ മറയ്ക്കാൻ മാത്രം ശക്തി വാദങ്ങൾക്കുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ മറുവശത്ത് ശ്രീധരൻ ഒറ്റയ്ക്കായിട്ടും ഒറ്റയ്ക്കായില്ല. ആറായിരം കോടിയോളം നിർമ്മാണച്ചെലവുവരുന്ന കൊച്ചി മെട്രോ പദ്ധതിയെ അഴിമതിയുടെ കൂത്തരങ്ങാക്കാനുള്ള നീക്കത്തെ ചെറുക്കാൻ ആരുടെയും ആഹ്വാനമില്ലാതെതന്നെ മാധ്യമങ്ങളും പൊതുസമൂഹവും ശ്രീധരനു പിന്നിൽ നിരന്നു.