പാലക്കാട്: കെ റെയിൽ പദ്ധതിക്ക് എതിരായ നിലപാട് ആവർത്തിച്ചു മെട്രോമാന് ഇ ശ്രീധരൻ. പദ്ധതിയിൽ ഗുരുതര പിഴവുണ്ടെന്നും മെട്രോമാൻ അഭിപ്രായപ്പെട്ടു. മികച്ച പദ്ധതിയായിരുന്നെങ്കിൽ താൻ ഒപ്പം നിൽക്കുമായിരുന്നു. എന്നാൽ പദ്ധതി നാടിന് ഗുണകരമല്ല, ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ട്. അധികൃതർ അവകാശപ്പെടുന്നതു പോലെ അഞ്ച് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാവില്ലെന്നും ശ്രീധരൻ പറഞ്ഞു.

ചതുപ്പ് നിലത്തിലൂടെയാണ് 350 കിലോമീറ്ററോളം റെയിൽ പാത പോകുന്നത്. ഇത്ര വേഗത്തിൽ നിലത്ത് കൂടെ അതിവേഗ റെയിൽ പോകുന്നത് വളരെ അപകടകരമാണ്. നിശ്ചിത കാലയളവിൽ പദ്ധതി പൂർത്തിയാക്കാനാകില്ല. അതിനാൽ പദ്ധതിയിൽ മാറ്റം വേണം. സ്റ്റാൻഡേർഡ് ഗേജ് ആണ് പാത. ഇത് പിന്നീട് മാറ്റാനോ കൂട്ടിചേർക്കാനോ കഴിയില്ല, അതിനാൽ ബ്രോഡ്‌ഗേജായാണ് പാത വേണ്ടതെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

നേരത്തെയും പദ്ധതിക്ക് എതിരായ നിലപാട് ഇ ശ്രീധരൻ ആവർത്തിച്ചിരുന്നു. നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായാണ് തിരൂർമുതൽ കാസർകോട് വരെ ഇതിന്റെ അലൈന്മെന്റ്. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്കു തടസ്സമാകുമെന്നതിനാൽ റെയിൽവേ ഇതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. 140 കിലോമീറ്റർ കടന്നുപോകുന്നത് നെൽപ്പാടങ്ങളിലൂടെയാണ്. അതിവേഗ പാതയ്ക്ക് ഇത് ഗുണകരമല്ല. എൽ.ഡി.എഫിൽത്തന്നെ പദ്ധതിയെ എതിർക്കുന്നവരുണ്ട്. 2010-ൽ അച്യുതാനന്ദൻ സർക്കാർ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതി 2016-ൽ തടഞ്ഞത് ആരാണെന്നു ചിന്തിക്കണമെന്നുമായിരുന്നു നേരത്തെ ഇ ശ്രീധരൻ അഭിപ്രായപ്പെട്ടത്.

സിൽവർ ലൈൻ നിലവിലെ പാതയിൽനിന്ന് അകന്നാകുന്നതാണ് ഗുണകരം. ഉയരത്തിലോ അടിപ്പാതയായോ നിർമ്മിക്കാം. ലോകത്തൊരിടത്തും അതിവേഗ, അർധാതിവേഗ പാതകൾ തറനിരപ്പിൽ നിർമ്മിച്ചിട്ടില്ല. സിൽവർ ലൈനിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ റെയിൽവേ അംഗീകരിച്ചിട്ടില്ല. മറ്റുള്ളവർ കടക്കുന്നത് തടയാൻ ട്രാക്കിന്റെ ഇരുവശത്തും വലിയ മതിൽ നിർമ്മിക്കേണ്ടിവരും. ഇത് കേരളത്തെ രണ്ടായി വിഭജിക്കും.

വരുമാനം എന്ന ലക്ഷ്യത്തോടെ സിൽവർ ലൈനിൽ രാത്രിയിൽ റോ-റോ സർവീസ് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ, അറ്റകുറ്റപ്പണി നടത്തേണ്ടത് രാത്രിയിലായതിനാൽ ഇത് സാധ്യമാകില്ല. പദ്ധതിക്ക് അത്യാവശ്യമായ സർവേ പൂർത്തിയാക്കിയിട്ടില്ല. ഗതാഗത സർവേ, ജിയോ ടെക്നിക്കൽ സർവേ, സാമൂഹികാഘാത പഠനം, പരിസ്ഥിതി പഠനം എന്നിവയൊന്നും നടത്തിയിട്ടില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പദ്ധതി രൂപരേഖ.

പദ്ധതിച്ചെലവ്, ഉദ്ദേശിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവയൊന്നും വിശ്വസനീയമല്ല. പദ്ധതി രൂപരേഖ പൊതു ഇടത്തിൽ ലഭ്യമാക്കിയിട്ടില്ല. പദ്ധതിയുടെ ഭാഗമായി 20,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. സിൽവർ ലൈനിന് 75,000 കോടി ചെലവാകുമെന്നാണ് കരുതുന്നത്. പൂർത്തിയാകുമ്പോൾ ചെലവ് 1.10 ലക്ഷം കോടിയാകും.

2025-ൽ സിൽവർ ലൈൻ പൂർത്തിയാക്കുമെന്നാണ് പ്രോജക്ട് ഏജൻസിയായ കെ.ആർ.ഡി.സി.എൽ. പറയുന്നത്. അറിവില്ലായ്മയാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ മികച്ച ഏജൻസിയായ ഡി.എം.ആർ.സി.ക്കുപോലും പദ്ധതി പൂർത്തിയാക്കാൻ എട്ടുമുതൽ 10 വരെ വർഷം വേണ്ടിവരും. ഏൽപ്പിച്ച 27 മേൽപ്പാലങ്ങളിൽ ഒരെണ്ണത്തിന്റെപോലും നിർമ്മാണം തുടങ്ങാൻ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കെ.ആർ.ഡി.സി.എലിനു കഴിഞ്ഞിട്ടില്ല.

സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനം 1.10 ലക്ഷം കോടി രൂപ എങ്ങനെ കണ്ടെത്തും? ഭൂമി കൈമാറാൻ കേരളത്തിനു കഴിയാത്തതിനാലാണ് ഇവിടെ പാത ഇരട്ടിപ്പിക്കൽ സാവധാനത്തിലാകാൻ കാരണം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയുമായിരുന്നുവെന്നും ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു.