- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാനിൽ സമ്പൂർണ സൈനിക പിന്മാറ്റത്തിലേക്ക് അമേരിക്ക; കാബൂളിലെ ഈഗിൾ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു; സിഐഎ ഓഫീസിലെ രേഖകൾ നശിപ്പിച്ച് യുഎസ് സൈന്യം; നീക്കം, തന്ത്രപ്രധാനമായ രേഖകളും ഉപകരണങ്ങളും താലിബാന്റെ കൈവശം എത്താതിരിക്കാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഓഗസ്റ്റ് 31-ന് അമേരിക്ക സമ്പൂർണ സൈനിക പിന്മാറ്റം നടത്തുന്നതിന് മുന്നോടിയായി കാബൂളിലുള്ള ഈഗിൾ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത് യുഎസ് സൈന്യം. സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐ.എ) യുടെ കാബൂളിലെ ബേസാണിത്. കാബൂൾ വിമാനത്താവളത്തിന് പുറത്താണ് ഈഗിൾ ബേസ്.
തന്ത്രപ്രധാനമായ രേഖകൾ, ഉപകരണങ്ങൾ എന്നിവ താലിബാന്റെ കൈവശം എത്താതിരിക്കാനാണ് ഈഗിൾ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തതെന്ന് വാഷിങ്ടൺ എക്സാമിനർ റിപ്പോർട്ടുചെയ്തു. എന്നാൽ ഈ വിഷയത്തിൽ സിഐഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഫ്ഗാൻ തീവ്രവാദ വിരുദ്ധ സേനയ്ക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും പരിശീലനം നൽകിവന്നത് ഈഗിൾ ബേസിലാണ്. വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന് പുറത്ത് ചാവേർ സ്ഫോടനം നടന്നതിന് തൊട്ട് പിന്നാലെയാണ് സിഐ.എ ഔട്ട്പോസ്റ്റ് അമേരിക്കൻ സൈന്യം നശിപ്പിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ 169 അഫ്ഗാൻ പൗരന്മാരും 13 അമേരിക്കക്കാരും കൊല്ലപ്പെട്ടിരുന്നു.
അതിനിടെ അമേരിക്കൻ സൈനികരെ വീണ്ടും ആക്രമിക്കുമെന്ന് യു.എസ്.എംബസി മുന്നറിയിപ്പ് നൽകി. കാബൂൾ വിമാനത്താവളത്തിലെ നാല് കവാടങ്ങളിലുമായി തങ്ങിയിരിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരോടും ഉടൻ സ്ഥലത്തുനിന്നും മാറണമെന്നാണ് നിർദ്ദേശം.
'അമേരിക്കൻ പൗരന്മാരും സൈനികരും കാബൂളിലെ വിമാനത്താവളത്തിന് ചുറ്റുമുള്ള നാല് കവാടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം. അബ്ബേ ഗേറ്റ്, ഈസ്റ്റ് ഗേറ്റ്, നോർത്ത് ഗേറ്റ്, ന്യൂ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഗേറ്റ് എന്നിവിടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം.' കാബൂളിലെ യു.എസ്.എംബസ്സി മുന്നറിയിപ്പിൽ പറയുന്നു.
രണ്ടു ദിവസം മുമ്പാണ് അബ്ബേ കവാടത്തിലും ഹോട്ടൽ പരിസരത്തുമായി ഐ.എസ്.ചാവേർ ആക്രമണം നടത്തിയത്. അബ്ബേ കവാടത്തിൽ സുരക്ഷ നോക്കിയിരുന്ന 13 സൈനികരാണ് കൊല്ലപ്പെട്ടത്. ഐ.എസ് ഭീകര നേതാവിനെ വകവരുത്തിക്കൊണ്ടാണ് അമേരിക്ക 24 മണിക്കൂറിനുള്ളിൽ തിരിച്ചടിച്ചത്. ഡ്രോൺ ആക്രമണത്തിലൂടെയാണ് കാറിൽ സഞ്ചിരിക്കുകയായിരുന്ന നേതാവിനെ വധിച്ചതെന്ന് പെന്റഗൺ സ്ഥിരീകരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്