- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിക്കുള്ളത് ഇന്ത്യൻ മണിലോണ്ടറിങ് ആൻഡ് സെർച്ച് ആക്ട് 2005 അനുസരിച്ചുള്ള നിയമപരിരക്ഷ; നിയമലംഘനം ബോദ്ധ്യപ്പെട്ടാൽ പൊലീസിന് കേസെടുക്കാമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ; എന്തു ചെയ്യണമെന്ന് അറിയാതെ പുലിവാലിൽ പൊലീസ്; ബാലാവകാശ കമ്മീഷനെ വിചാരണ ചെയ്യാൻ ആലോചിച്ച് ഇഡിയും; റെയ്ഡ് വിവാദം തുടരുമ്പോൾ
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ വാറണ്ടുമായി റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ നടത്തിയ ഇടപെടലിൽ ബാലാവകാശ കമ്മീഷനോട് ഗവർണ്ണർ വിശദീകരണം തേടാൻ സാധ്യത. നിയമപരമായി വളരെയധികം അധികാരമുള്ള അന്വേഷണ ഏജൻസിയാണ് ഇഡി. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന പ്രവർത്തനങ്ങളെ ചെറുക്കാനായി സൃഷ്ടിച്ച അന്വേഷണ ഏജൻസിയെ റെയ്ഡിനിടെ തടസ്സപ്പെടുത്താൻ ആർക്കും കഴിയില്ലെന്നതാണ് വസ്തുത.
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഇടപെടാൻ ശ്രമിച്ച സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നടപടി അപക്വമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ഈ ശ്രമം കേസിൽ ബിനീഷിന് തിരിച്ചടിയാവാനും സാധ്യത. ഇന്ത്യൻ മണിലോണ്ടറിങ് ആൻഡ് സെർച്ച് ആക്ട് 2005 അനുസരിച്ചുള്ള നിയമപരിരക്ഷയോടെയാണ് ഇ.ഡി റെയ്ഡ് നടത്തുക. സഹകരിക്കണമെന്നത് വീട്ടുകാരുടെ നിയമപരമായ ബാധ്യതയാണ്. പുറത്തുള്ള ആർക്കും ഇടപെടാനാവില്ല. കണ്ണൂരിൽ സിപിഎം ബന്ധങ്ങളുള്ള വ്യക്തിയാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ. ഇത് പലവിധ ആരോപണങ്ങൾക്കും ഇടനൽകിയിരുന്നു. ഇതെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നുണ്ട്.
ഇ.ഡി ഉദ്യോഗസ്ഥർ അസി.ഡയറക്ടർക്ക് നൽകുന്ന 17എ ഓൺ ആക്ഷൻ റിപ്പോർട്ടിൽ ഇത് പരാമർശിച്ചാൽ സെർച്ചിനെ തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ബാലാവാകാശ കമ്മിഷൻ വിചാരണ നേരിടേണ്ടിവരും. ഇഡിയെ തൊടാൻ ലോക്കൽ പൊലീസിനും കഴിയില്ല. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ലോക്കൽ പൊലീസിനാകില്ലെന്നതാണ് വസ്തുത. റെയ്ഡ് എത്രനേരം വേണമെങ്കിലും തുടരാം. വീട്ടിലുള്ള ആർക്കും പുറത്തേക്ക് പോകാനാവില്ല. ഇക്കാര്യത്തിൽ പൊലീസ് കേസെടുത്തതും മടങ്ങുമ്പോൾ ഇഡിയുടെ വണ്ടിയെ തടഞ്ഞതും അതിനിർണ്ണായകമാണ്. റെയ്ഡിനിടെ എത്തി ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഇത് ബാലാവകാശ കമ്മീഷനെതിരായ തെളിവായി മാറും.
പൊലീസ് നൽകിയ ചോദ്യങ്ങൾക്ക് പരിശോധന നിയമപരമാണെന്നും ഒരു പിശകുമില്ലെന്നും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇ-മെയിലിൽ നൽകിയ മറുപടിയിൽ പറയുന്നു. റെയ്ഡിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ പേരും പദവിയും അടക്കമുള്ള വിവരങ്ങൾ ഇ.ഡി പൊലീസിന് കൈമാറിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ തലസ്ഥാനത്തുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എവിടെയാണ് തങ്ങുന്നതെന്ന് പോലും ഇ.ഡി അറിയിച്ചിട്ടില്ല. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക ജോലി ചെയ്ത ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്താൽ അത് പുതിയ വിവാദമായി മാറും.
വ്യാജരേഖകളിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ റെനീറ്റയെയും അമ്മ മിനിയെയും മാനസികമായി പീഡിപ്പിച്ചെന്ന റെനീറ്റയുടെ അച്ഛൻ പ്രദീപിന്റെ പരാതിക്കുള്ള വിശദീകരണമാണ് തേടിയതെന്നും ഇ.ഡിയുടെ മറുപടിയിൽ ഇക്കാര്യമില്ലെന്നും പൂജപ്പുര പൊലീസ് വ്യക്തമാക്കി. ഇ.ഡി ഉദ്യോഗസ്ഥർ കുഞ്ഞിനോട് കയർത്ത് സംസാരിച്ചെന്നും ഭക്ഷണവും മുലപ്പാലും നൽകാൻ അനുവദിച്ചില്ലെന്നുമാണ് പ്രദീപിന്റെ പരാതി. ഇതിൽ റെനീറ്റയുടെയും മിനിയുടെയും മൊഴി രേഖപ്പെടുത്തി ഇ.ഡിക്കെതിരെ കേസെടുക്കാനുള്ള ബാലാവകാശ കമ്മിഷന്റെ ഉത്തരവിൽ പൊലീസ് നടപടിയെടുത്തില്ല.
ഇ.ഡി അന്വേഷണം കമ്മിഷന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് വ്യക്തമാക്കിയ കമ്മിഷൻ, നിയമലംഘനം ബോദ്ധ്യപ്പെട്ടാൽ പൊലീസിന് കേസെടുക്കാമെന്ന് ഉത്തരവിട്ടുവെന്നതും ശ്രദ്ധേയമാണ്. റെയ്ഡിനിടെ തന്നെ ബലപ്രയോഗത്തിലൂടെ വീടിനു പുറത്താക്കിയെന്നും മകളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും പ്രദീപ് ഇ.ഡി മേധാവിക്ക് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. റെയ്ഡിനിടെ, മൂത്ത മകളെ കാണണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എല്ലാവരെയും പുറത്തുവിടാനാവില്ലെന്നും ഒരാളെ മാത്രം വിടാമെന്നും നിർദ്ദേശിച്ചപ്പോഴാണ് പ്രദീപ് പുറത്തുപോയത്. പുറത്തുപോകുന്നയാളെ റെയ്ഡ് പൂർത്തിയാകാതെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു.
വീട്ടിൽ നിന്ന് കണ്ടെടുത്ത സാധനങ്ങളുടെ ലിസ്റ്റ് അടങ്ങിയ മഹസർ ഒപ്പിടാൻ റെനീറ്റയോട് ആവശ്യപ്പെട്ടതല്ലാതെ അവരെ ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ഇ.ഡി മേധാവി സഞ്ജയ് കുമാർ മിശ്രയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ