കൊച്ചി: കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസിൽ നിന്ന് എഫ്‌ഐആർ വിവരങ്ങൾ ഇഡി ശേഖരിച്ചു. കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കുഴൽപ്പണ കേസിന് വിദേശ ബന്ധമുണ്ടോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നിലപാട്. പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി അറിയിച്ചു.

ഹൈക്കോടതിയിലും ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി നേതാക്കൾക്കെതിരെ ആരോപണമുന്നയിക്കപ്പെട്ട കൊടകര കേസ് എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നും പൊലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം അനിവാര്യമാണെന്നും, അന്വേഷണം നടത്താൻ ഇ.ഡി.യ്ക്ക് നിർദ്ദേശം നൽകണമെന്നുമാന്നായിരന്നു ഹൈക്കോടതിയിൽ ഹർജിക്കാരന്റെ ആവശ്യം. നേരത്തെ എൻഫോഴ്സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ മുൻപാകെ പരാതി നൽകിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ), വിദേശ നാണയ വിനിമയ ചട്ടം (ഫെമ) എന്നിവയുടെ ലംഘനങ്ങൾ ഹൈക്കോടതി കണ്ടെത്തിയാൽ ഇഡി കേസ് രജിസ്റ്റർ ചെയ്യേണ്ടിവരും.

ഇത് മനസ്സിലാക്കിയാണ് മുൻകൂട്ടി അന്വേഷണം തുടങ്ങുന്നത്. തൽകാലം കേസ് രജിസ്റ്റർ ചെയ്യില്ല. തട്ടിക്കൊണ്ടു പോയ കള്ളപ്പണം വിദേശബന്ധമുള്ള കുഴൽപ്പണമാണെന്നതിനു തെളിവു ലഭിച്ചാലും ഇടപെടലുണ്ടാകും. കുറ്റകൃത്യങ്ങളിലൂടെ നിയമവിരുദ്ധമായാണ് ഈ പണം സ്വരൂപിച്ചതെന്നു കണ്ടെത്തിയാലും പിഎംഎൽഎ, ഫെമ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇഡി കേസ് അന്വേഷിക്കണം. നിലവിൽ ഇത് വെറുമൊരു കള്ളപ്പണക്കേസാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കണക്കിൽ പെടാത്ത കള്ളപ്പണത്തിൽ ഇടപെടാൻ ഇഡിക്ക് നിയമപരമായ പരിമിതികളുണ്ട്.

എല്ലാ പണം ഇടപാടുകളിലും ഇടപെടാൻ ഇ. ഡി.ക്ക് പറ്റില്ല. ഈ കേസിൽ പ്രഥമദൃഷ്ട്യാ വരുന്ന വിവരം അനുസരിച്ച്, ഇത് കർണാടകത്തിൽ നിന്നും ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിക്ക് (ബിജെപിക്ക് എന്ന് പറയപ്പെടുന്നു) അവരുടെ ഇലക്ഷന് ഉപയോഗിക്കാൻ കൊണ്ടുവന്ന കള്ളപ്പണം എന്നാണ് പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ കിട്ടിയ വിവരം. അപ്പോൾ അത് കുഴൽപ്പണം അല്ല. കണക്കിൽ പെടാത്ത ബ്ളാക്ക് മണി ആണ്. അത് കുഴൽപ്പണം അല്ല. കുഴൽപ്പണം ഇടപാട് ഇ.ഡി അന്വേഷിക്കണം എങ്കിൽ, അത് നമ്മുടെ രാജ്യത്തിന് പുറത്ത് നിന്നും വരുന്ന പണം ആവണം.ഈ.ഡി. അന്വേഷിക്കണം എങ്കിൽ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും തരത്തിൽ ഈ പണമിടപാടിന് ബന്ധം വരണം. അങ്ങനെയുള്ളതാണ് ഈ.ഡി.യുടെ പരിധിയിൽ വരുന്ന കുഴൽപ്പണം. അല്ലെങ്കിൽ ഹവാല. അത് അന്വേഷിക്കാൻ മാത്രമേ ഈ.ഡി.ക്ക് നിയമപരമായി കഴിയൂ-ഇതാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

കണക്കിൽപ്പെടാത്ത പണം, ഇൻകം ടാക്സിന്റെ പരിധിയിലാണ് വരുന്നത്. അതുകൊണ്ട് ഈ.ഡി.ക്ക് അതു അന്വേഷിക്കാൻ വകുപ്പില്ല. മറ്റ് ഏജൻസികൾ നടത്തുന്ന പ്രാഥമിക അന്വേഷണങ്ങളിൽ ഇതിന് കുഴൽപ്പണം സംബന്ധമായ ബന്ധമുണ്ട് എന്ന് ഈ.ഡി.യെ അറിയിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ പറ്റും. അല്ലാതെ മറ്റൊന്നിനും കഴിയില്ല. ചെറിയ യൂണിറ്റ് ആണ് ഈ.ഡി.ക്ക് കേരളത്തിലുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും 2 ഓഫീസുകൾ മാത്രം. വളരെ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരെ ഇവിടെയുള്ളൂ. വരുന്ന സകല വിഷയങ്ങളിലും കേസെടുക്കാനുള്ള പരിമിതികളും ഇതുമൂലം ഉണ്ട്. അതിനിടെ കൊടകര വിഷയത്തിൽ ഇഡിക്ക് കേരളാ പൊലീസ് റിപ്പോർട്ട് നൽകാനുള്ള സാധ്യത ഈ ഘട്ടത്തിൽ വിരളമാണ്.

ടാക്സ് വെട്ടിപ്പ് ഒക്കെ കള്ളപ്പണ ഇടപാടാണ്. മണി ലോണ്ടറിങ് അല്ല. ക്രൈം കമ്മിറ്റ് ചെയ്ത് ഇടപാടുകളിൽ ഇ. ഡി.ക്ക് കേസെടുക്കാം. നാട്ടിലെ കള്ളപണം ആണെങ്കിൽ ; ഉദാഹരണം സ്ഥലം വിൽക്കുമ്പോൾ രജിസ്ട്രേഷനിൽ കാണിക്കുന്നതിന് പുറത്തുള്ളത് കള്ളപ്പണമാണ്. ക്രൈം അല്ലെങ്കിൽ ഇൻ്കംടാക്സ് ഏജൻസികളാണ് കേസ് എടുക്കേണ്ടത്.അതേ സമയം വസ്തു ഇടപാടിൽ കൊടുക്കാം എന്ന് പറഞ്ഞു കൊടുക്കാതെ ഒരാളെ ചീറ്റ് ചെയ്താൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്താൽ ഇ. ഡി.ക്ക് മണി ലോണ്ടറിങ്ങിന് കേസെടുക്കാം.