തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് ഉള്ളിൽ ഭയമോ? കോടതി നിലപാട് എതിരായാൽ പണി കിട്ടുമെന്ന വിലയിരുത്തൽ സജീവമാണ്. ഈ കേസിൽ കരുതലോടെയാണ് ഓരോരുത്തരും ഇടപെടുന്നത്. അതു കൊണ്ട് തന്നെ വിഷയത്തിൽ 2 പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്യാനുള്ള പൊലീസ് ആസ്ഥാനത്തെ നിർദ്ദേശം ക്രൈംബ്രാഞ്ച് ഒന്നിലൊതുക്കി. ഡിജിപിക്കു പകരം പൊലീസ് ആസ്ഥാനത്തെ 2 മിനിസ്റ്റീരിയൽ ജീവനക്കാരാണു കേസ് എടുക്കാൻ നിർദ്ദേശിക്കുന്ന കത്തിൽ ഒപ്പിട്ടതെന്നതും വിചിത്രമായി.

വ്യാജ കേസ് എടുത്ത പൊലീസുകാർ അടക്കമുള്ളവർക്കെതിരെ ബദൽ കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഇഡി. ഇടപാടിൽ ദൂതനായി നിന്ന പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബർ സെൽ എസ്‌പി, സ്വപ്നയ്ക്കു ജാമ്യം ഉറപ്പു നൽകിയ ജയിൽ ഉദ്യോഗസ്ഥൻ, ഗൂഢാലോചനയിൽ പങ്കാളികളായ ക്രൈംബ്രാഞ്ച് ഉന്നതർ എന്നിവർ ഇഡി എടുക്കുന്ന കേസിൽ പ്രതിയാകും. ഈ കേസിലും കോടതി നിലപാടാകും നിർണ്ണായകം. ഇതിൽ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവിന് അടുത്ത സിപിഎം ബന്ധമുണ്ട്.

കേസ് എടുത്ത കേരള പൊലീസ് ഉന്നതർക്കെതിരെ ഇഡി തിരിച്ചും കേസെടുക്കും. അതുകൊണ്ടാണ് പുതിയ കേസെടുക്കാനുള്ള ഉത്തരവിൽ ഒപ്പിടുന്നത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒഴിവാക്കിയത്. പൊലീസ് ആസ്ഥാനത്തു ഡിജിപിയുടെ ഫയലുകൾ മാത്രം കൈകാര്യം ചെയ്യുന്ന രഹസ്യ വിഭാഗമായ ടി സെക്ഷനിലെ 2 ജൂനിയർ സൂപ്രണ്ടുമാർ പരാതികളിൽ ഒപ്പിട്ടു ക്രൈംബ്രാഞ്ചിനു കൈമാറി. ഓരോ പുതിയ കേസ് കൂടി എടുക്കാനായിരുന്നു നിർദ്ദേശം. എന്നാൽ ഡിജിപി ഒപ്പിടാത്തതു ക്രൈംബ്രാഞ്ച് ഉന്നതരുടെ ശ്രദ്ധയിൽപെട്ടു. മാത്രമല്ല, തന്റെ അനുമതിയില്ലാതെ ക്രൈംബ്രാഞ്ച് ഒരു കേസും എടുക്കാൻ പാടില്ലെന്നു ബെഹ്‌റ ഈയിടെ ഉത്തരവു നൽകിയിരുന്നു. എന്നാൽ കൈമാറിയ പരാതിയിൽ ബെഹ്‌റയുടെ ഒപ്പില്ല. ഇതു മനസ്സിലാക്കിയാണ് രണ്ടാമത്തെ കേസ് എടുക്കാത്തത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസ് എടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നു കത്തെഴുതിയിരുന്നു. അതിനു പിന്നാലെ ഇഡിക്കെതിരെ കണ്ണൂർ സ്വദേശി മറ്റൊരു പരാതി നൽകി. ഈ 2 പരാതികളിലും പ്രാഥമിക അന്വേഷണം നടത്തിയില്ല. പകരം പുതിയ കേസ് എടുക്കാനായിരുന്നു സർക്കാർ നിർദ്ദേശം. ഡിജിപി നിയമോപദേശം തേടിയപ്പോൾ കേസെടുക്കാം എന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ മറുപടി. തുടർന്ന് അഭിഭാഷകനെ വരുത്തി വിശദ മൊഴിയെടുത്തു. ഓരോ പരാതിയിലും ഓരോ കേസ് എടുക്കാൻ തീരുമാനിച്ചു.

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് ഒപ്പം ക്രൈംബ്രാഞ്ച് അന്വേഷണവും തുടരാനാണ് സർക്കാർ തീരുമാനം. മൊഴി നൽകാൻ തയാറായ 3 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ രഹസ്യ മൊഴി മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തും. നേരത്തെ ഒരു പൊലീസുകാരിയുടെ മൊഴി എടുക്കാനായിരുന്നു നീക്കം. എന്നാൽ ഭാവിയിൽ ആരെങ്കിലും മൊഴി മാറ്റിയാൽ ഉണ്ടാകുന്ന പ്രതിസന്ധി കണക്കിലെടുത്ത് എല്ലാവരുടേയും മൊഴി എടുക്കാൻ തീരുമാനിക്കുകയായിരുന്നു.

കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതി സ്വപ്ന സുരേഷിനെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതിനു സാക്ഷികളാണെന്നു 3 വനിതാ പൊലീസ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. എന്നാൽ ഇഡി ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ അവർ നൽകിയ രേഖകൾ ക്രൈംബ്രാഞ്ച് ആരോപണത്തെ ദുർബലപ്പെടുത്തുന്നതായിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി നിലപാട് എതിരായാൽ ക്രൈംബ്രാഞ്ചും വെട്ടിലാകും. ഇത് തിരിച്ചറിഞ്ഞാണ് പൊലീസുകാരികളുടെ മൊഴി രേഖപ്പെടുത്തുന്നത്. ഇതോടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീങ്ങിയതെന്ന് അവർക്ക് പറഞ്ഞു വയ്ക്കാം. മജിസ്ട്രേട്ടിന് മുമ്പിലെ മൊഴിയിൽ സമ്മർദ്ദമുണ്ടെന്ന് പൊലീസുകാരികൾക്ക് പറയാനും കഴിയില്ല.

സ്വപ്ന ഇഡിയുടെ കസ്റ്റഡിയിൽ ആയിരിക്കെ പ്രതിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണു 3 പേരും. ക്രിമിനൽ നടപടി ക്രമം 164 പ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനുള്ള നിയമോപദേശം നേരത്തെ ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിലാകും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുക എന്നാണു സൂചന. ഈ കേസ് അഠുത്ത ദിവസം വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതിൽ ക്രൈംബ്രാഞ്ച് നൽകുന്ന വിശദീകരണവും നിർണ്ണായകമാകും. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇഡി തീരുമാനം. ഇക്കാര്യത്തിൽ സിബിഐ അന്വേഷണമാണ് ഇഡി ആവശ്യപ്പെടുന്നത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിനു ശേഷമാണു കേരള പൊലീസ് ഇഡിക്കെതിരെ തിരിഞ്ഞത്. മുഖ്യമന്ത്രിയടക്കമുള്ളവരെ കേസിൽ പ്രതിചേർക്കാൻ ഇഡി ശ്രമിക്കുന്നതായുള്ള ആരോപണം ശക്തിപ്പെട്ടതോടെ കേന്ദ്ര ഏജൻസികൾക്ക് എതിരായ തുറന്ന യുദ്ധത്തിലേക്കു സംസ്ഥാന സർക്കാരും നീങ്ങി. ജ്യുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ജ്യുഡീഷ്യൽ കമ്മീഷൻ പ്രഖ്യാപനം വന്നാൽ അതിനെതിരേയും ഇഡി ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ നിയമ പോരാട്ടങ്ങൾ കടുക്കുമെന്ന് ഉറപ്പ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിയമ നടപടികളിൽ പണി കിട്ടുന്നില്ലെന്ന് ഉറപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തന്ത്രം. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് പുലിവാലുകുമോ എന്ന സംശയം പൊലീസിനുണ്ട്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്തി തെളിവുനിയമപ്രകാരം കേസ് ശക്തമാക്കാനാള്ള നീക്കം ഇതിന്റെ ഭാഗമാണ്. അല്ലെങ്കിൽ ക്രൈംബ്രാഞ്ചിനെതിരായ ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പ്രതിയാകും. വരുംദിവസങ്ങളിൽ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. മജിസ്‌ട്രേട്ടിന് മുമ്പിൽ മൊഴി നൽകുന്നതോടെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മൊഴിയിൽ ഉറച്ചു നിൽക്കാനാകും. അല്ലാത്ത പക്ഷം ക്രൈംബ്രാഞ്ചിന് കൊടുത്ത മൊഴി ഇനിയൊരു ഘട്ടത്തിൽ പൊലീസുകാരി മാറ്റി പറഞ്ഞാൽ അത് അന്വേഷണ സംഘത്തിന് വിനയാകും. ഇതൊഴിവാക്കാനാണ് രഹസ്യ മൊഴി എടുക്കൽ.

ക്രൈംബ്രാഞ്ച് എഫ് ഐ ആറിലെ തീയതികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ഉദ്യോഗസ്ഥര രക്ഷിക്കുമോ എന്ന ചർച്ച സജീവമാണ്. എഫ് ഐ ആറും മറ്റൊരു കോടതി ഉത്തരവും പരിശോധിച്ചാൽ ക്രൈംബ്രാഞ്ചിന്റെ കേസിൽ അസ്വാഭാവികതകളുണ്ടെന്ന് വ്യക്തം. ഈ എഫ് ഐ ആറും ഈ കോടതി ഉത്തരവും മറുനാടൻ പുറത്തു വട്ടിരുന്നു. ഇഡി സ്വപ്നാ സുരേഷിനെ കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോൾ സംസ്ഥാന പൊലീസിലെ വനിതാ ഓഫീസറുടെ സാന്നിധ്യം ഇല്ലായിരുന്നെന്നുവെന്ന് വ്യക്തമാക്കുന്ന വിശദാംശങ്ങളാണ് ഇത്. അതുകൊണ്ട് തന്നെ വനിതാ പൊലീസുകാരിയുടെ മൊഴിയിൽ സംശയമുണ്ട്. ഇഡിയുടെ വാദം കോടതി അംഗീകരിച്ചാൽ ക്രൈംബ്രാഞ്ച് പ്രതിക്കൂട്ടിലാകും. വനിതാ പൊലീസുകാരി മൊഴി നിഷേധിച്ചാൽ സ്ഥിതിഗതി വഷളാകും. ഇതുണ്ടാകാതിരിക്കാനാണ് രഹസ്യ മൊഴി എടുക്കൽ.

തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ മാറിയാൽ പൊലീസുകാരിയും സത്യം പറയും എന്ന വിലയിരുത്തൽ ഇഡിക്കുണ്ട്. ഇത് പൊളിക്കാനാണ് മജിസ്‌ട്രേട്ടിന് മുമ്പിൽ മൊഴി എടുക്കാനുള്ള നീക്കമെന്ന വിലയിരുത്തൽ കേരളാ പൊലീസിലെ ഒരു കൂട്ടർക്കുമുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥൻ ചോദിച്ച ചോദ്യങ്ങളിൽ കൂടുതലും 'സ്വപ്നയെ ഫോഴ്സ് ചെയ്തു മുഖ്യമന്ത്രിയുടെ പേരു പറയിക്കുന്ന തരത്തിൽ' ഉള്ളതായിരുന്നുവെന്നാണു സ്വപ്നയുടെ ബോഡി ഗാർഡായി ഡ്യൂട്ടിചെയ്ത വനിതാ പൊലീസുകാർ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയത്. ഈ മൊഴിയാണ് ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് കാരണം. എന്നാൽ ഇത് തെറ്റാണെന്ന് ഇഡി രേഖകളിലൂടെ സമർത്ഥിക്കുന്നു.

ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഇ.ഡി. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. കസ്റ്റഡികാലാവധിക്കു ശേഷം സ്വപ്നയെ കോടതിയിൽ ഹാജരാക്കിയത് ഓഗസ്റ്റ് 14-നാണ്. അന്നാണു ചോദ്യം ചെയ്യലിൽ വനിതാ പൊലീസുകാരുടെ സാന്നിധ്യം കോടതി നിർദ്ദേശിച്ചത്. അതിന് ശേഷം ഇഡി ചോദ്യം ചെയ്തിട്ടേ ഇല്ല. എഫ് ഐ ആറും കോടതി വിധിയും പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഓഗസ്റ്റ് 13ന് സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തിരുന്നു. അതിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ കുറിച്ച് മൊഴി നൽകി. 2018ലെ പ്രളയ സഹായം തേടിയുള്ള ഗൾഫ് യാത്രയെ കുറിച്ചും പറയുന്നു-ഇതേ ഉത്തരവിലാണ് സ്വപ്നയ്ക്ക് ചോദ്യം ചെയ്യുമ്പോൾ വനിതാ ഉദ്യോഗസ്ഥരെ അനുവദിച്ച് കോടതി ഉത്തരവിട്ടത്. എന്നാൽ അതിന് ശേഷം സ്വപ്നയെ ചോദ്യം ചെയ്തില്ലെന്നാണ് ഇഡി ഹൈക്കോടതിയെ അറിയിക്കുന്നത്.

ആദ്യത്തേത് സ്വപ്ന സുരേഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതിയുടെ വീണ്ടും കസ്റ്റഡി നീട്ടി കൊണ്ടുള്ള ഉത്തരവാണ്. ആ സമയത്താണ് സ്വപ്ന കോടതിയിൽ പറഞ്ഞത് - തന്നെ ചോദ്യം ചെയ്യുമ്പോൾ സ്ത്രീസാന്നിധ്യം ഇല്ല - എന്നുള്ളത്. അതീ ഓർഡറിൽ ഉണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കെതിരെ തെളിവു നൽകാൻ ഇഡി അന്വേഷണ സംഘം പ്രതി സ്വപ്ന സുരേഷിൽ സമ്മർദം ചെലുത്തിയെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ആരോപണം വസ്തുതാ വിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് ഇഡിയുടെ നിലപാട്. കേരള പൊലീസ് അസോസിയേഷൻ ഭാരവാഹിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഇഡിക്കെതിരെ മൊഴി നൽകാൻ രാഷ്ട്രീയ സമ്മർദമുള്ളതായും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.