- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ കോൺസുലേറ്റുമായി ചട്ടം ലംഘിച്ച് ഇടപാടുകൾ; കേന്ദ്രസർക്കാർ അനുമതിയില്ലാതെ കോൺസുലേറ്റിൽ നിന്ന് റംസാൻ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; മതഗ്രന്ഥമെന്ന പേരിൽ പാക്കറ്റുകളിൽചിലത് സി-ആപ്റ്റ് വാഹനത്തിൽ എത്തിച്ചത് മലപ്പുറത്തും കർണാടകത്തിലെ ഭട്കലിലും; പാക്കറ്റുകളിൽ മതഗ്രന്ഥം മാത്രമോയെന്നും സംശയം; മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്ത് എൻഫോഴ്‌മെന്റ്; ഇഡി ഓഫീസിൽ മൊഴിയെടുത്തത് രാവിലെ; എല്ലാം മാധ്യമങ്ങളുടെ കണ്ണവെട്ടിച്ച്
കൊച്ചി: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിനെ എൻഫോഴ്‌മെന്റ് ചോദ്യം ചെയ്തു. രാവിലെ 9.30 ഓടെയാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യൽ നടന്നത്. വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. തനിക്കെതിരെയുള്ള ആരോപണങ്ങൾ ജലീൽ പലവട്ടം തള്ളിക്കളഞ്ഞെങ്കിലും ഇഡി ചോദ്യം ചെയ്തതോടെ എൽഡിഎഫ് സർക്കാരിന് ക്ഷീണമായിരിക്കുകയാണ്. ശനിയാഴ്ച ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒരുദിവസം നേരത്തെയാക്കുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് കെടി ജലീലിന്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് കെടി ജലീൽ ആലുവയിൽ എത്തിയിരുന്നു. ഇന്ന് രാവിലെയാണ് എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരിൽ കണ്ടത്.
എൻഫോഴ്‌സ്‌മെന്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീൽ ചാനലുകളോട് നേരത്തെ പറഞ്ഞത്. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം കൊച്ചിയിലെ ഉദ്യോഗസ്ഥർ ആരും സ്ഥിരീകരിച്ചിരുന്നില്ല. എൻഫോഴ്‌സ്‌മെന്റിന് പിന്നാലെ എൻഐഎയും ജലീലിൽ നിന്നും മൊഴിയെടുത്തേക്കും. രാവിലെ ആലുവയിൽ നിന്നും അരൂരിലെ തന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയ കെടി ജലീൽ വൈകിട്ടോടെ മലപ്പുറത്തേക്ക് തിരിച്ചു പോയി. അരൂരിലേക്ക് തിരിക്കും മുൻപ് ആലുവയിൽ വച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിക്കാതെ മന്ത്രിയെ വന്നു കണ്ടത് എന്നാണ് സൂചന. നയതന്ത്രബാഗിലൂടെ മതഗ്രന്ഥങ്ങൾ വന്ന സംഭവവും പ്രതികളുമായുള്ള ബന്ധവും മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടും എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ മന്ത്രിയോട് ചോദിച്ചറിഞ്ഞു എന്നാണ് വിവരം
പ്രോട്ടോക്കോൾ ലംഘനത്തിൽ ചോദ്യശരങ്ങൾ
ചട്ടങ്ങൾ ലംഘിച്ച് യുഎഇ കോൺസുലേറ്റുമായി ഇടപാടുകൾ നടത്തിയ സംഭവത്തിലാണ് ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തത്. കേന്ദ്ര സർക്കാർ അനുമതി ഇല്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്നും റംസാൻ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. യുഎഇ കോൺസുലേറ്റിലേക്ക് ഖുറാന്റെ മറവിൽ എത്തിയ 250 പാക്കറ്റുകളിൽ ചിലത് സി-ആപ്ടിലെ വാഹനം ഉപയോഗിച്ച് മലപ്പുറത്തും തുടർന്ന് കർണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നു. ഈ പാക്കറ്റുകൾ അടക്കം കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര ചാനൽ വഴി പാക്കേജുകൾ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോൾ വിഭാഗം എൻഐഎ, എൻഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്.
അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തിൽ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തിയിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെടി ജലീൽ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചിരുന്നു. ജലീലിനെതിരെ വിവിധ കോടതികളിൽ നൽകിയ സ്വകാര്യ അന്യായങ്ങളുടെ തുടർനടപടികൾക്കായി പത്തിലധികം പേർ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിവര ശേഖരണം തുടങ്ങിയത്.
യുഎഇ കോൺസുലേറ്റിന്റെ മറവിൽ മന്ത്രി കെ.ടി. ജലീൽ നടത്തുന്ന മറ്റിടപാടുകൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഇഡിയും കസ്റ്റംസും എൻഐഎയും ശേഖരിച്ചിരുന്നു, റംസാൻ കിറ്റിനൊപ്പം മലപ്പുറം ജില്ലയിൽ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റ് നൽകിയ ഖുർ ആൻ ആണ് തന്റെ കീഴിലുള്ള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ കയറ്റി അയച്ചതെന്നാണ് ജലീൽ സ്വയം വെളിപ്പെടുത്തിയത്. എന്നാൽ, അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഖുറാൻ പോലെയുള്ള മതഗ്രന്ഥങ്ങൾ ഒന്നും പാഴ്‌സൽ ആയി വന്നിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് കോൺസുലേറ്റുമായുള്ള ചില അവിഹിത ബന്ധങ്ങൾ മന്ത്രിക്ക് ഉണ്ടെന്ന് കാട്ടി കസ്റ്റംസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി.
കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ- തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർ ആൻ ആണെന്നാണ് മന്ത്രി ജലീൽ പറയുന്നത്. എന്നാൽ ഇത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചുവെങ്കിൽ, രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല.
നേരത്തെ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂർക്കാവിലെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങി(സി-ആപ്റ്റ്)ൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ഇതിൽ നിന്നാണ് മതഗ്രന്ഥങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകൾ ഒന്നും ലഭിച്ചില്ല. എന്നാൽ, രേഖകളിൽ ഉൾപ്പെടാത്ത ചില പാഴ്‌സലുകൾ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയിൽ ചില പാഴ്‌സലുകൾ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ