കൊച്ചി: ഫീസിളവ് ആവശ്യപ്പെട്ട് ഇടപ്പള്ളി അൽ അമീൻ സ്‌ക്കൂളിന് മുന്നിൽ സമരം ചെയ്ത മാതാപിതാക്കളെ പൊലീസ് മർദ്ദിച്ചു എന്ന വാർത്തയും ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ സമരക്കാർ നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടു. സ്‌ക്കൂളിന് മുന്നിൽ സമരം ചെയ്യാൻ പാടില്ല എന്ന കോടതി ഉത്തരവുമായെത്തിയ പൊലീസിനോട് സമരക്കാർ കയർത്ത് സംസാരിക്കുകയും പിരിഞ്ഞു പോകാൻ തയ്യാറായതുമില്ല. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ സ്‌ക്കൂളിന് മുന്നിൽ നിന്നും പുറത്തേക്ക് മാറ്റി. ഇത് തടഞ്ഞു കൊണ്ടെത്തിയ സമരക്കാരിലൊരാൾ എസ്‌ഐയുടെ പുറത്ത് അടിച്ചതോടെ എസ്‌ഐ പ്രകോപിതനാകുകയായിരുന്നു. കൂടാതെ ഗേറ്റ് തകർത്തുകൊണ്ട് അകത്തേക്ക് സമരക്കാർ കയറുന്നതും പൊലീസ് കസ്റ്റഡിയിലെടുത്ത പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാൻ ജീപ്പിൽ നിന്നും ഇറങ്ങി സ്‌ക്കൂളിലെ പഞ്ചിങ് മെഷീൻ തല്ലിതകർക്കുകയും ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യമാണ് പൊലീസ് പുറത്ത് വിട്ടത്. ഇതോടെ പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്ന വിവരമാണ് പുറത്ത് വരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ ആദ്യം പൊലീസിനെതിരെയായിരുന്നു ആരോപണം ഉയർന്നത്. അനാവശ്യമായാണ് പൊലീസ് സമരക്കാർക്ക് നേരെ അക്രമം അഴിച്ചു വിട്ടതെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ പൊലീസ് പുറത്ത് വിട്ട ദൃശ്യങ്ങളിൽ അക്രമം നടത്തിയത് സമരക്കാരാണെന്ന് തെളിയുകയാണ്. ഗേറ്റ് ചവിട്ടി തുറക്കുന്നതിനിടയിൽ സമരക്കാരിലൊരാളുടെ കാൽ ഗേറ്റിൽ കുടുങ്ങി പരിക്ക് പറ്റിയിരുന്നു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. കൂടാതെ സ്‌ക്കൂളിന് മുന്നിൽ നടന്ന അക്രമത്തെ പറ്റി സ്‌ക്കൂൾ ജീവനക്കാരനായ സെക്യൂരിറ്റി ജീവനക്കാരനും പ്രശ്നം ഉണ്ടാക്കിയത് സമരക്കാരാണെന്ന് മറുനാടനോട് വെളിപ്പെടുത്തി.

പൊലീസുമായുള്ള ഉന്തുംതള്ളിനുമിടയിൽ പരുക്കേറ്റ ഒരു വനിതയെ ഉൾപ്പടെ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് പിടിവലിയിൽ നെഞ്ചിന് പരുക്കേറ്റ വനിത തലകറങ്ങി വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 18 ദിവസമായി അൽ അമീൻ സ്‌ക്കൂളിന് മുന്നിൽ മാതാപിതാക്കൾ നിൽപ്പ് സമരം നടത്തുകയാണ്. ഓൺലൈൻ ക്ലാസുകളുടെ പേരിൽ മാതാപിതാക്കൾക്ക് കമ്പ്യൂട്ടറിനും ഫോണിനുമെല്ലാമായി വൻ ചെലവ് വന്നിട്ടുണ്ട്. ഇതിനു പുറമെ പല രക്ഷിതാക്കൾക്കും ലോക്ഡൗണിനെ തുടർന്ന് വരുമാനം ഇല്ലാത്ത സാഹചര്യവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഫീസ് പകുതിയായി കുറയ്ക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടത്. ഇതിനിടെ സ്‌കൂൾ ഫീസ് പിരിക്കുന്നതിന് ഹൈക്കോടതി അനുമതിയുണ്ടെന്ന് കാണിച്ചാണ് സ്വകാര്യ സ്‌കൂളുകൾ ഫീസ് പിരിക്കുന്നത്. ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ കയറാൻ അനുവദിക്കാതിരുന്ന സംഭവവും കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു.

കോവിഡ് കാലത്തെ ഓൺ പഠനത്തിന് കുട്ടികളിൽ നിന്നും വാങ്ങുന്ന ഫീസ് 50 ശതമാനത്തോളം കുറയ്ക്കണമെന്നാണ് സമരം ചെയ്യുന്ന മാതാപിതാക്കളുടെ ആവിശ്യം. അതേ സമയം ഫീസിളവ് നൽകിയിട്ടുണ്ടെന്നാണ് മാനേജ്മെന്റ് പറയുന്നത്. അനാവശ്യമായ സമരമാണെന്ന് സമരത്തിന് പിന്നിൽ പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും മാനേജ്മെന്റ് പറഞ്ഞു. എന്നാൽ ന്യൂന പക്ഷങ്ങൾക്ക് വേണ്ടി സ്ഥാപിച്ച സ്‌ക്കൂളിൽ ഇപ്പോൾ ചിലരെത്തി കച്ചവട താൽപര്യം കാണിക്കുന്നതിനാലാണ് സമരം ചെയ്യേണ്ട അവസ്ഥ എത്തിയതെന്ന് മാതാപിതാക്കൾ പറയുന്നു.

സ്‌കൂൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കേവലം ഓൺലൈൻ ക്ലാസ്സിന് മുഴുവൻ ഫീസ് കൊടുക്കാൻ കഴിയില്ല എന്ന രക്ഷകർത്താക്കളുടെ ആവശ്യം ന്യായമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷകർത്താക്കളുടെ പ്രയാസങ്ങൾ മനസ്സിലാക്കി ഫീസ് ഇളവ് അനുവദിക്കാൻ തയാറാകണമെന്ന് രക്ഷകർത്താക്കൾ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. ന്നാൽ മാനേജ്‌മെന്റ് ഇതിന് തയ്യാറാകാതിരുന്നതോടെ ഇവർ സമരത്തിനിറങ്ങുകയായിരുന്നു. രാവിലെ മുതൽ വൈകുന്നരം വരെ നിൽപ്പു സമരമാണ് നടത്തിവരുന്നത്. കഴിഞ്ഞ ദിവസത്തെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നിരവധിപേർ സ്‌ക്കൂളിന് മുന്നിൽ പ്രതിഷേധം അറിയിച്ചു

.

https://business.facebook.com/marunadan/videos/642502979743906/