തിരുവനന്തപുരം; സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം വിദ്യാർത്ഥികൾ വർദ്ധിച്ചുവെന്ന ഇടതുസർക്കാർ വാദം പൊളിക്കുന്ന രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനൊപ്പം ഓരോ വർഷവും സ്‌കൂളുകളിൽ ചേരുന്ന പട്ടിക ജാതി -പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ എണ്ണവും കുറയുന്നു എന്നതാണ് പുതിയ വാർത്ത. സർക്കാർ നിയോഗിച്ച പൊതുവിദ്യാഭ്യാസ മൂല്യവർദ്ധനയ്ക്കായുള്ള എം.എ.ഖാദർ വിദഗ്ധ സമിതി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

1991-92 ൽ, പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 66,8,293 കുട്ടികൾ എൻ റോൾ ചെയ്തതാണ് ഏറ്റവും വലിയ വർദ്ധന. 2017-18 ൽ അത്, 39, 0030 ആയും, 2018-19 ൽ 387082 ആയും കുറഞ്ഞതായി ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ കാണുന്നു. 2017-18 അധ്യയന വർഷം ആകെ 2.55 ലക്ഷം വിദ്യാർത്ഥികൾ മാത്രമേ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ചേർന്നിട്ടുള്ളൂവെന്നും റിപ്പോർട്ട് അടിവരയിട്ട് പറയുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിയതിന് ശേഷമുള്ള കണക്കാണിത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണി അവതരിപ്പിക്കുന്ന വലിയ അഭിമാന നേട്ടമാണ് പൊതു വിദ്യാലയങ്ങളുടെ മുമ്പോട്ട് കുതിക്കൽ. എന്നാൽ ഇതും വെറും പൊള്ളയാണെന്നാണ് സൂചന. 2015 -16 അധ്യയനവർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 33.67 ലക്ഷം കുട്ടികളുണ്ടായിരുന്നത് 2019-20ൽ 33.27 ലക്ഷമായി കുറഞ്ഞുവെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കണക്കുകളിൽ നിന്നു വ്യക്തമാകുന്നു.

ചില ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിലെ വർധന മാത്രം എടുത്തു കുട്ടികൾ വർധിച്ചുവെന്നു പ്രചാരണം നടത്തുകയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ആകെ 40694 കുട്ടികൾ കുറഞ്ഞു. അതേസമയം, സർക്കാർ സ്‌കൂളുകളുടെ മാത്രം കണക്കെടുത്താൽ കുട്ടികളുടെ എണ്ണം 11.54 ലക്ഷത്തിൽ നിന്ന് 11.68 ലക്ഷമായി ഉയർന്നു.

എയ്ഡഡ് സ്‌കൂളുകളിൽ 22.13 ലക്ഷത്തിൽ നിന്ന് 21.58 ആയി കുറഞ്ഞു. കോവിഡ് ആയതിനാൽ 2020-21 അധ്യയനവർഷത്തെ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികളുടെ മാത്രം എണ്ണമെടുത്താലും സർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് വ്യക്തമാകും. 2015-16ൽ 2.53 ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. 2019-20ൽ അത് 2.68 ലക്ഷമായി. ആകെ വർധന ഏതാണ്ട് 13000. ഇതാണ് സർക്കാർ കൊട്ടിഘോഷിച്ച് ഉയർത്തിക്കാട്ടുന്നത്.

ഓരോ അധ്യയന വർഷവും പുതുതായി എത്തിയ കുട്ടികളുടെ എണ്ണം മുൻ വർഷത്തെ എണ്ണവുമായി താരതമ്യം ചെയ്യുന്നതിനു പകരം ഓരോ ക്ലാസിലും പ്രവേശനം നേടിയ കുട്ടികളുടെ എണ്ണവും അടുത്ത വർഷത്തെ ഉയർന്ന ക്ലാസിലെത്തിയ കുട്ടികളും തമ്മിലുള്ള വ്യത്യാസമാണ് വർധനയായി പ്രചരിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ ഈ അധ്യയന വർഷം പുതുതായി 1.75 ലക്ഷം കുട്ടികൾ പ്രവേശനം നേടിയെന്നായിരുന്നു 2019-20 വർഷത്തെ കുട്ടികളുടെ കണക്കെടുപ്പിനു ശേഷമുള്ള വിലയിരുത്തൽ. എന്നാൽ, സർക്കാർ അവകാശവാദം ശരിയല്ലെന്നാണ് ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. 2014-15 വർഷം മുതൽ 2019-20 വർഷം വരെയുള്ള ഡിപിഐയുടെ ഔദ്യോഗിക കണക്കുകളും കൈറ്റിന്റേതടക്കം വെബ്പോർട്ടൽ രേഖകളും പ്രകാരം വിദ്യാർത്ഥികളുടെ എണ്ണം കൂടിയിട്ടില്ല. സർക്കാർ അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലും 6.8 ലക്ഷത്തിന്റെ വർദ്ധനയുടെ കണക്കില്ല. സേവ് എഡ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജർ ഖാനാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്.

സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആരോപണം

പൊതു വിദ്യാലയങ്ങളിൽ 6.8 ലക്ഷം വിദ്യാർത്ഥികൾ കൂടിയെന്ന പെരുംനുണ പ്രചരിപ്പിച്ച കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇപ്പോൾ യഥാർത്ഥ വസ്തുതകൾ പുറത്തു വന്നതോടെ മറുപടി പറയാതെ ഒളിച്ചോടുകയാണെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം ഷാജർഖാൻ പറഞ്ഞു. വികല നയങ്ങൾ മൂലം പൊതുവിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവെന്ന് മാത്രമല്ല പട്ടിക ജാതി പട്ടിക വർഗ വിഭാഗം വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞു വരുന്നുവെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ തന്നെ പറഞ്ഞിട്ടുണ്ട്. കോടികൾ ഒഴുക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിയിട്ടും എണ്ണം വർധിച്ചിട്ടില്ല എന്ന സത്യം സർക്കാർ മറച്ചു വെക്കുകയാണ്. എന്തു കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മറുപടി പറയാൻ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സേവ് എഡ്യുക്കേഷൻ കമ്മിറ്റിയുടെ കണ്ടെത്തലുകൾ

2015-16 ൽ 37,63169 വിദ്യാർത്ഥികൾ മാത്രമാണ് പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, 2019-2020 വർഷം 37,16897 വിദ്യാർത്ഥികൾ മാത്രമേയുള്ളൂ. അതായത് 46272 വിദ്യാർത്ഥികളുടെ കുറവാണ് സംഭവിച്ചത്. 2015-16 ൽ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ 33,63011 വിദ്യാർത്ഥികളും, 2019-20ൽ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൺ 33, 27038 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്്. അതായത് ഈ കാലയളവിൽ 35,973 വിദ്യാർത്ഥികളുടെ കുറവാണുണ്ടായത്. 6.8 ലക്ഷം വിദ്യാർത്ഥികൾ കൂടിയെന്ന സർക്കാർ കണക്കുകളുടെ ആധികാരികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് കണക്കുകൾ പുറത്തുവിടണമെന്നാണ് സേവ് എഡ്യുക്കേഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്.

പെരുപ്പിച്ച കണക്കുകൾ

വിദ്യാർത്ഥികളുടെ എണ്ണം ശതമാന കണക്കിൽ നോക്കുമ്പോൾ

2013-14 വർഷം പൊതുവിദ്യാലയങ്ങളിലെ ആകെ എൻ റോൾമെന്റ് 90.47% ആയിരുന്നു.

2015-16 ൺ 90.38%.

2016-17 ൺ 88.5 % ആയി കുറഞ്ഞു

2019-20 ൺ 89.5% ആയി വർദ്ധിച്ചു

എന്നാൽ, 2015-16 ലെ 90.38 % ൽ നിന്ന് 2019-20 വർഷം 89.51% ആയി കുറയുകയാണ് ചെയ്തത്.

ഡി.പി.ഇ.പി മുതലായ പരിഷ്‌കാരങ്ങളിലൂടെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ശേചനീയാവസ്ഥ മറയ്ക്കുന്നതിനും വികലമായ പൊതുനയങ്ങൾ സൃഷ്ടിച്ച കുഴപ്പങ്ങൾ ഒളിപ്പിച്ച് വയ്ക്കുന്നതിനും വേണ്ടിയാണ് പെരുപ്പിച്ച കണക്കുകൾ പ്രദർശിപ്പിക്കുന്നതെന്നാണ് സേവ് എഡ്യുക്കേഷൻ കമ്മിറ്റിയുടെ  ആരോപണം