റാന്നി: മദ്യപിച്ച് ലക്കുകെട്ട് റോഡരികിൽ വീണു കിടന്നയാൾ സൂര്യാതപമേറ്റു മരിച്ചു. അങ്ങാടി മേനാംതോട്ടം സ്വദേശി മേപ്പുറത്ത് സണ്ണിതോമസ് (64) ആണ് മരിച്ചത്. റാന്നി ഇട്ടിയപ്പാറ കോളേജ് റോഡിലെ ബാർ ഹോട്ടലിനു സമീപമാണ് സംഭവം. രാവിലെ ഒൻപതു മണിയോടെയാണ് ഇയാൾ റോഡരികിൽ വീഴുന്നത്.

മദ്യപിച്ച ശേഷം വീണു കിടക്കുന്നതിനാൽ ആരും തിരിഞ്ഞു നോക്കിയില്ല. സമയം കുറേ കഴിഞ്ഞിട്ടും എഴുന്നേറ്റു പോകാതായതോടെ സമീപത്തെ വ്യാപാരികൾ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അതിനും ഒരു മണിക്കൂറിന് ശേഷം പൊലീസ് സ്ഥലത്തെത്തിയെങ്കിലും സണ്ണി മരിച്ചിരുന്നു. ചൂടു കനത്തോടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു മരിച്ചതാകാമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.