പത്തനംതിട്ട: നഗരസഭ 32-ാം വാർഡിൽ യുഡിഎഫിന് രണ്ടു സ്ഥാനാർത്ഥികൾ. പോസ്റ്റർ പ്രചാരണവുമായി രണ്ടു പേരും രംഗത്തുണ്ട്. കോൺഗ്രസിലെ ആനി സജി, കേരളാ കോൺഗ്രസ് ജോസഫിലെ പ്രഫ. സാലി ബാബു എന്നിവരാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ എന്ന് അവകാശപ്പെട്ട് രംഗത്തുള്ളത്. ആനി കൈപ്പത്തി ചിഹ്നത്തിലും സാലി ബാബു ചെണ്ട ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. രണ്ടു പേർക്കും അതാത് പാർട്ടികൾ തന്നെയാണ് ചിഹ്നം നൽകിയിരിക്കുന്നത്.

അവരുടെ അനുഗ്രഹാശിസുകളോടെയാണ് പരസ്പരം മത്സരിക്കുന്നതും.
ഇതു മാത്രമല്ല, യുഡിഎഫിന് മറ്റ് പല വാർഡുകളിലും വിമതരുണ്ട്. ഇതോടെ ഇക്കുറി എൽഡിഎഫിന് നഗരസഭയിൽ കോളടിക്കുന്ന ലക്ഷണമാണ്. ജോസ് കെ മാണി വിഭാഗം കൂടി ഒപ്പം വന്നതോടെ എൽഡിഎഫ് ശക്തമാണ്. അവർ ചോദിച്ച അഞ്ചു സീറ്റും നൽകിയപ്പോൾ സിപിഐക്ക് നാലെണ്ണം മാത്രമാണ് കൊടുത്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

32-ാം വാർഡിൽ സിറ്റിങ് കൗൺസിലർ കോൺഗ്രസിന്റെയാണ്. ഇവിടേക്ക് സീറ്റ് വാഗ്ദാനം ചെയ്ത് ജോസ് കെ. മാണി വിഭാഗത്തിൽ നിന്നും കൊണ്ടു വന്നതാണ് ആനി സജിയെ. കേരളാ കോൺഗ്രസ് യുഡിഎഫിലായിരുന്നപ്പോൾ അഞ്ചു സീറ്റിലാണ് മത്സരിച്ചത്. ജോസും ജോസഫുമെന്ന് കേരളാ കോൺഗ്രസ് പിരിഞ്ഞപ്പോൾ എൽഡിഎഫിലെത്തിയവർക്ക് അവർ ചോദിച്ച അഞ്ചു സീറ്റും കിട്ടി. യുഡിഎഫിലും ഇതേ ആവശ്യം ജോസഫ് പക്ഷം ഉന്നയിച്ചെങ്കിലും മൂന്നെണ്ണം നൽകാമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, അത്രയും സീറ്റ് കൊടുക്കാൻ നിർവാഹമില്ലെന്ന് കോൺഗ്രസ് പിന്നീട് അറിയിക്കുകയായിരുന്നു.

32-ാം വാർഡ് ജോസഫ് പക്ഷത്തിനെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ എൻ. ബാബു വർഗീസിന്റെ ഭാര്യ സാലി ഇവിടെ പ്രചാരണവും തുടങ്ങി. അപ്പോഴാണ് കോൺഗ്രസിന്റെ ജില്ലാ നേതാവ് 32-ാം വാർഡ് വാഗ്ദാനം ചെയ്ത് ആനി സജിയെ പാർട്ടി മാറ്റി കൊണ്ടു വന്നത്. തലേന്ന് വന്ന ആനി കോൺഗ്രസിന്റെ ചിഹ്നം സഹിതം പോസ്റ്റർ അടിച്ച് പ്രചാരണവും തുടങ്ങി. ആനിക്ക് സീറ്റ് നൽകിയേ മതിയാകൂ എന്ന അവസ്ഥയിൽ കോൺഗ്രസ് വന്നു. ഇതോടെ ജോസഫ് പക്ഷത്തിന് പറഞ്ഞിരുന്ന മൂന്ന് സീറ്റ് രണ്ടായി ചുരുക്കാനാവശ്യപ്പെട്ടു. അതിന് അവർ തയാറാകാതെയാണ് സാലി ബാബുവിന് പാർട്ടി ചിഹ്നം കൊടുത്ത് മത്സരിപ്പിക്കുന്നത്.

ജോസഫ് പക്ഷത്തിന് വിട്ടു കൊടുത്ത 16-ാം വാർഡിലും വിമതന്റെ ശല്യമുണ്ട്. ദീപു ഉമ്മനെതിരേ കോൺഗ്രസിൽ നിന്ന് രാജി വച്ച് മുൻ കൗൺസിലർ അരവിന്ദാക്ഷൻ നായർ മത്സരിക്കുന്നുണ്ട്. 29-ാം വാർഡിൽ ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസിനെതിരേ മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെആർ അജിത്ത്കുമാർ മത്സര രംഗത്ത് വന്നു. രണ്ടു ടേം മുൻപ് ഇതേ രീതിയിൽ മത്സരിച്ച അജിത്കുമാർ അനിൽ തോമസിനെ തോൽപിച്ചിരുന്നു.