- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തപാൽ ബാലറ്റ് വഴി വോട്ട് ചെയ്തവർ ഏഴര ലക്ഷം പോലും വരില്ലെങ്കിലും 10 ലക്ഷത്തിലേറെ ബാലറ്റുകൾ അച്ചടിച്ചു; പോസ്റ്റൽ വോട്ടിന്റെ മറവിലും അട്ടിമറി ശ്രമമോ? തപാൽ വോട്ട് ഇരട്ടിപ്പിനൊപ്പം മറ്റൊരു ഞെട്ടിക്കുന്ന കണക്കും പുറത്ത്; അധിക ബാലറ്റ് അച്ചടിച്ചതിൽ വൻ ദുരൂഹത
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരിൽ ഏറെയും ഇടതുപക്ഷ സംഘടനാ അഭിമുഖ്യമുള്ളവരാണ. പൊലീസ് അസോസിയേഷനും അതിശക്തം. ഈ സംഘടനകൾ തപാൽ വോട്ടിൽ കൃത്രിമം കാട്ടാൻ ശ്രമിച്ചത് പലവിധ ആരോപണങ്ങൾ പലപ്പോഴും ഉണ്ടാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് ഉയർന്നു കേട്ടു. ഇത്തവണ അതുകൊണ്ട് തന്നെ തപാൽ വോട്ടിൽ എല്ലാ രാഷ്ട്രീയക്കാരും കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. ഇതോടെ ഈ തട്ടിപ്പും പുറത്തായി.
വമ്പൻ അട്ടിമറിക്ക് തപാൽ വോട്ടുകളിലൂടെ ശ്രമം നടന്നുവെന്നാണ് സൂചന. പല ഉദ്യോഗസ്ഥർക്കും രണ്ട് തവണ വോട്ട് ചെയ്യാൻ അവസരം കിട്ടി. ഈ തപാൽ ഇരട്ടിപ്പിൽ വലിയ ഗൂഢാലോചന പ്രതിപക്ഷം ഉന്നയിച്ചു. ഇതിന് പിന്നാലെ മറ്റൊരു വലിയ തട്ടിപ്പു കൂടി പുറത്തു വരികയാണ്. ഇത്തവണ കോവിഡ് കാലമായതു കൊണ്ട് തന്നെ പ്രായമായവർക്ക് കൂടി തപാൽ വോട്ട് ചെയ്യാൻ അവസരമുണ്ടായിരുന്നു. ഇതിന് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. ഇതിന് വേണ്ടി കൂടുതൽ ബാലറ്റുകൾ അടിച്ചതാണ് ഇതിന് കാരണം.
തപാൽ ബാലറ്റുകളിലെ ഇരട്ടിപ്പ് പുറത്തുവന്നിരിക്കെ, സംസ്ഥാനത്ത് ആവശ്യമുള്ളതിനെക്കാൾ രണ്ടര ലക്ഷത്തിലേറെ തപാൽ ബാലറ്റുകൾ അധികം അച്ചടിച്ചതായി സൂചന. തപാൽ ബാലറ്റ് വഴി വോട്ട് ചെയ്തവർ ഏഴര ലക്ഷം പോലും വരില്ലെങ്കിലും 10 ലക്ഷത്തിലേറെ ബാലറ്റുകൾ അച്ചടിച്ചെന്നാണു വിവരം. മൂന്നര ലക്ഷത്തോളം പേരുടെ വോട്ടുകൾ വീടുകളിലെത്തി തപാൽ ബാലറ്റിൽ രേഖപ്പെടുത്തിയതായി കമ്മിഷൻ അറിയിച്ചിട്ടുണ്ട്.
തപാൽ ബാലറ്റ് ഉപയോഗപ്പെടുത്തിയ പോളിങ് ഉദ്യോഗസ്ഥരുടെയും അവശ്യ സർവീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും എണ്ണം വ്യക്തമാക്കിയിട്ടില്ല. ഈ രണ്ടു വിഭാഗങ്ങളിലെ മുഴുവൻ പേരും വോട്ടു ചെയ്താലും 4 ലക്ഷത്തിലേറെ വരില്ല. ഈ സാഹചര്യത്തിൽ ഇത്രയധികം ബാലറ്റുകൾ അച്ചടിച്ചത് എന്തിനെന്ന ചോദ്യം ഉയരുന്നു. ഉദ്യോഗസ്ഥരിൽ പലരും രണ്ട് വോട്ട് ചെയ്തതായും സൂചനയുണ്ട്. ഇങ്ങനെ വോട്ട് ചെയ്താൽ അതു കണ്ടെത്താൻ മറ്റ് മാർഗ്ഗമൊന്നുമില്ല.
ഓരോ മണ്ഡലത്തിലേക്കും അതതു വരണാധികാരികൾ നൽകിയ ഓർഡർ അനുസരിച്ചാണ് ഇവ അച്ചടിച്ചത്. ഏറ്റുവാങ്ങിയത് അതത് വരണാധികാരികളോ ഉപവരണാധികാരികളോ അവരുടെ പ്രതിനിധികളോ ആയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ഗൂഡ ശ്രമമായാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്. ഈ തട്ടിപ്പ് കണ്ടെത്തിയതോടെ പരാതി ഇലക്ഷൻ കമ്മീഷന് മുന്നിലെത്തുകയും ചെയ്യും. വേണ്ടത്ര ജാഗ്രത കാട്ടാനുമാകും. വോട്ടർ പട്ടികയിലെ തട്ടിപ്പിന് സമാനമായി ഇതും പിടിക്കപ്പെട്ടതോടെ വോട്ടെടുപ്പ് ഫലം തകിടം മറിക്കാനുള്ള ശ്രമം പൊളിയുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും കൂടുതൽ തപാൽ ബാലറ്റ് അച്ചടിച്ചത് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിലാണ് ഓരോ ജില്ലയിലും ഒരു ലക്ഷത്തിലേറെ വീതം. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ 15,000 ബാലറ്റ് അച്ചടിച്ചു. തലശ്ശേരി, മട്ടന്നൂർ മണ്ഡലങ്ങളിൽ പതിനായിരത്തോളവും കല്യാശേരിയിൽ പന്തീരായിരത്തോളവും. പതിനായിരമോ അതിലേറെയോ തപാൽ ബാലറ്റുകൾ തയാറാക്കിയ മണ്ഡലങ്ങൾ വേറെയുമുണ്ട്.
കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ഇരിക്കൂർ, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ആറന്മുള, കരുനാഗപ്പള്ളി, ചവറ, കൊട്ടാരക്കര, പുനലൂർ, കുണ്ടറ, കൊല്ലം, ചാത്തന്നൂർ, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിവയാണ് അവ. അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളാണ് ഇതെല്ലാം.
മറുനാടന് മലയാളി ബ്യൂറോ