ക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പ് കേരളമെമ്പാടും ഓടി നടന്ന് പ്രചാരണം നടത്തിയ പ്രമുഖനായ ഒരു കോൺഗ്രസ് നേതാവിനോട് വിജയ സാധ്യത ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ' ബാർ കോഴയിലടക്കം സർക്കാറിനെതിരെ ശക്തമായ ജന വികാരമുണ്ട്.പക്ഷേ ഞങൾ ജയിക്കുന്നത് അരുവിക്കര മോഡലിലാണ്.ഇടതുപക്ഷത്തിന്റെ നല്‌ളൊരു ശതമാനം വോട്ടുകൾ ബിജെപി എസ്.എൻ.ഡി.പി സഖ്യം പിടിക്കും.ബിജെപി വരുമെന്ന പേടിയിൽ മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാവും.അങ്ങനെ വീണ്ടും അരുവിക്കര ആവർത്തിക്കും'.

ഈ നേതാവ് രഹസ്യമായി പറഞ്ഞതുതന്നെയായിരുന്ന ഉമ്മൻ ചാണ്ടി, ചെന്നിത്തല മുതൽ ആദർശധീരൻ വി എം സുധീരൻ അടക്കമുള്ളവരുടെ ഉള്ളിലിരുപ്പ്. എന്ത് അഴിമതിയും ചെറ്റത്തരവും കാട്ടിക്കൂട്ടിയാലും ഈ സാമുദായി സമവാക്യങ്ങളിൽ ഞങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയും. ആ അർഥത്തിൽ നോക്കുമ്പോൾ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ശരിക്കും ഒരു വിപ്‌ളവമാണ്.വിമോചന സമരത്തിനുശേഷം ജാതിരാഷ്ട്രീയത്തെ, ബീഹാറിനെ നാണിപ്പിക്കുന്നതരത്തിൽ കേരളത്തിലേക്ക് കൊണ്ടുവന്നത് അരുവിക്കര ഉപതെരഞ്ഞെടുപ്പായിരുന്നു. ചാനലുകൾ തുറന്നുനോക്കിയാൽ കേരളത്തിന്റെ മതനിരപേക്ഷതയെക്കുറിച്ച് നാണം തോന്നും. നായർവോട്ട് അങ്ങോട്ടുപോയി, ഈഴവവോട്ട് ചാഞ്ചാടി, മുസ്ലിംവോട്ട് ഇടത്തോട്ടുപോയി ഇങ്ങനെ , ഒരു സെക്യുലർരാഷ്ട്രത്തിന് ഒരിക്കലും യോജിക്കാത്ത ജാതിഭ്രാന്തിന്റെ ഉന്മാദങ്ങൾ. പക്ഷേ ഫലം പുറത്തുവന്നപ്പോൾ ഒരു കാര്യം വ്യക്തമായി. ബിജെപിക്ക് കേരളത്തിൽ അടുത്ത പത്തുകൊല്ലത്തേക്ക് എങ്കിലും ഒന്നും ചെയ്യാനാവില്ല. ഈ തദ്ദേശത്തിലും പ്രതീക്ഷിച്ച വിജയം ബിജെപിക്ക് ഉണ്ടായിട്ടില്ല. ഇനി ചില വാർഡുകളിലെ വിജയമാകട്ടെ, കോൺഗ്രസിന്റെ വോട്ടുകൾ ഒലിച്ചുപോയി കിട്ടിയതാണ്.ബിജെപി വോട്ടുപിടിക്കുന്നതിൽ സന്തോഷിച്ചുനിന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തലക്കടി കിട്ടിയപോലെയാണ്.

ബിജെപി വോട്ട് ഇത്തവണ 5.69 ശതമാനം മാത്രം! 

ദേശീയമാദ്ധ്യമങ്ങൾവരെ കൊട്ടിഘോഷിക്കുന്ന രീതിയിൽ കേരളത്തിൽ ബിജെപിക്ക് വളർച്ച ഉണ്ടായിട്ടില്ല എന്നതാണ് കണുകളിൽ കാണുന്ന യാഥാർഥ്യം. (പക്ഷേ അവർക്കുവേണ്ടി വ്യാപകമായി കുപ്രചാരണം നടത്താൻ സോഷ്യൽ മീഡിയയിലടക്കം ഫേക്ക് ഐഡികൾ അനവധി.)തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് നേട്ടം വിലയിരുത്തുമ്പോൾ ബിജെപിയുടെ വോട്ട് വെറും 5.69 ശതമാനമാണ്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി 4 ശതമാനം വോട്ടുകൾ നേടിയിരുന്നു. ഇത്തവ എസ്.എൻ.ഡി.പിയേയും കൂട്ടിയിട്ടും നേരിയ മുന്നേറ്റമേ അവർക്ക് ഉണ്ടാക്കാൻ അയിട്ടുള്ളൂ.2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6.03 ശതമാനം വോട്ടുകൾ നേടിയ ബിജെപി, തിരുവനന്തപുരത്ത് ഒ. രാജഗോപാൽ മത്സരിച്ച നേമത്തും കാസർകോട്ടെ ചില മണ്ഡലങ്ങളിലും രണ്ടാംസ്ഥാനത്തത്തെിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ, തിരുവനന്തപുരത്ത് വിജയപ്രതീക്ഷയുണർത്തിയ രാജഗോപാൽ ഇരുപതിനായിരത്തിൽ താഴെ വോട്ടുകൾക്കാണ് തോറ്റത്. കാസർകോട്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലും കനത്ത പോരാട്ടം നടത്തിയ ബി. ജെ. പി വോട്ട് ശതമാനം 10.84 ശതമാനമായി വർധിപ്പിച്ചിരുന്നു. ഈ വർഷം നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിലും ഒ.രാജഗോപാൽ സ്ഥാനാർത്ഥിയായതോടെ ബിജെപിയുടെ വോട്ടുകളിൽ വൻ വർധനയുണ്ടായി.

അതായത് കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലെ 10.84 ശതമാനത്തിൽനിന്നും, 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6.03 ശതമാനവോട്ടിൽനിന്നും ഇത്തവണ ബിജെപി വോട്ട് 5.69 ശതമാനത്തിലേക്ക് താണു! അതും വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടിന് ശേഷം. ഈ പിറകോട്ടടിയെ വളർച്ചയെന്ന് വ്യാഖ്യാനിക്കുന്ന കേരളത്തിലെ മാദ്ധ്യമ വിശാരദന്മാരെയാണ് ആദ്യം നമിക്കേണ്ടത്്!അരുവിക്കരയിൽ പോലും ബിജെപിയുടെ സീറ്റ് വിഹിതം ഇത്തവണ വെറും 7 ശതമാനമാണ്. മഹത്തായ വിജയം അല്ലാതെ എന്തുപറയാൻ.എന്നിട്ടും കേരളം ബിജെപി പിടിക്കും എന്നൊക്കെ എഴുതിവിടുന്നത് 'നോട്ട' ഇന്ത്യഭരിക്കും എന്ന ശതമാനക്കണക്കുപോലെയാണ്.

ഇത്തവണ എങ്ങനെയായാലും 1500 ഇടത്തെങ്കിലും വിജയം നേടുമെന്നായിരുന്നു ബിജെപി നേതാക്കളുടെ ആത്മവിശ്വാസം. എന്നാൽ സംസ്ഥാനത്താകെ കിട്ടിയത് അവർക്ക് കിട്ടിയത് 1244 സീറ്റാണ്. ആകെ സീറ്റുകളുടെ എണ്ണം 21865. എൽ.ഡി.എഫിന് 10350. യു.ഡി.എഫ് നേടിയത് 8849. മറ്റുള്ളവർക്ക് 1418. എൽ.ഡി.എഫും യു.ഡി.എഫുമായല്ല 1418 സീറ്റ് കിട്ടിയ മറ്റുള്ളവരുമായാണ് ബിജെപിയുടെ മത്സരം.പക്ഷേ ഇതിനെയാണ് വലിയ ബിജെപി തരംഗമായം അടുത്തവണ ഇവർ കേരളം ഭരിക്കുമെന്നും പ്രചരിപ്പിക്കുന്നത്. മാതൃഭൂമിയും മനോരമയും പോലുള്ള പ്രമുഖ പത്രങ്ങളുടെയൊക്കെ രാഷ്ട്രീയ നിരീക്ഷകർ ഇങ്ങനെ തട്ടിവിടുമ്പോൾ അവരുടെ തലയിൽ പിണ്ണാക്കുമാത്രമേയുള്ളൂ എന്നേ സഹതപിക്കാനാവൂ!

തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടുകണക്ക് വിലയിരുത്തുമ്പോൾ സംസ്ഥാനത്തെ 140 നിയമസഭാമണ്ഡലങ്ങളിൽ 82ലും എൽ.ഡി.എഫിനാണ് മുൻതൂക്കം. യു.ഡി.എഫിന്റെ മേൽകൈ 54 ഇടത്തായി ചുരുങ്ങി. ബിജെപിക്ക് രണ്ടിടത്തേ മുൻതൂക്കമുള്ളൂ. നേമവും, തിരവന്തപുരവും.ഇത് ഇപ്പോൾ ഉണ്ടായതല്ല. നേരത്തെതന്നെ അങ്ങനെയാണ്.അല്ലാതെ സംഘികൾ പ്രചരിപ്പിക്കുന്നതുപോലെ കേരളത്തിൽ അഞ്ചിടത്തൊന്നും താമരവിരയിക്കാൻ ഇതുകൊണ്ടൊന്നും ആവില്ല. ഇനി കഴിഞ്ഞതവണത്തെ 450 വാർഡുകൾ 1200ൽ അധികമായ ബിജെപി വർധിപ്പിച്ചത് കോൺഗ്രസിന്റെ വോട്ടുകൾ പിടിച്ചതുകൊണ്ടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒന്നുകിൽ കോൺഗ്രസുകാർ ബോധപൂർവം പഴയ കോലീബി മോഡലിൽ മറിച്ചുകുത്തി. അല്‌ളെങ്കിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് കൂടുമാറി. പറഞ്ഞതിൽ ആദ്യത്തേതിനാണ് കൂടുതൽ സാധ്യത.

ബിജെപി പിടിക്കുന്നത് കോൺഗ്രസ് വോട്ടുകൾ

തിരുവനന്തപുരം കോർപറേഷനിലെ പൊതു അവസ്ഥ നോക്കുക. ബിജെപി ജയിച്ച മിക്കയിടങ്ങളിലും കോൺഗ്രസ് മൂന്നാംസ്ഥാനത്താണ്. ബിജെപി കോർപറേഷനിൽ ആറ് സീറ്റിൽനിന്ന് 35ലേക്ക് മുന്നേറിയിട്ടുണ്ട്. കോട്ടമുണ്ടായത് യു.ഡി.എഫ് വോട്ടുകൾക്കാണ്. അതേസമയം, ലോക്‌സഭാതെരഞ്ഞെടുപ്പിൽനിന്ന് ബിജെപി പിറകോട്ടടിച്ചിട്ടേയുള്ളൂ. കോർപറേഷനിലെ 100 വാർഡിൽ 43 ഇടത്ത് എൽ.ഡി.എഫ് ആണ് ജയിച്ചത്. 51 ഇടത്ത് എൽ.ഡി.എഫ് രണ്ടാംസ്ഥാനത്താണ്. എന്നാൽ, ബിജെപി ജയിച്ച 32 വാർഡിലും യു.ഡി.എഫ് മൂന്നാംസ്ഥാനത്താണ്. യു.ഡി.എഫ് ജയിച്ച 21ൽ 18 വാർഡിലും ബിജെപിയാണ് മൂന്നാംസ്ഥാനത്ത്. ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു കൊടുക്കൽ വാങ്ങൽ ഉണ്ടായിരുന്നെന്നം ഇതിൽ ബിജെപി കോൺഗ്രസിനെ ചതിച്ചുവെന്നുമാണ് ഇപ്പോൾ തിരുവനന്തപുരത്ത് ഉയരുന്ന സംസാരം.

തിരുവനന്തപുരം കോർപ്പറേഷനിലെ ആറ്റിപ്ര വാർഡിൽ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 766 വോട്ടിന്റെ ലീഡുണ്ടായിരുന്നു. ഏതാനും നാളുകൾക്കുശേഷം മെയ് മാസത്തിൽ അതേ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ബിജെപി സ്ഥാനാർത്ഥി ആർ. ഒ യമുനയ്ക്ക് ആകെ കിട്ടിയത് 825 വോട്ട്. അവിടെ വിജയിച്ച സിപിഐ(എം) സ്ഥാനാർത്ഥി ശോഭ ശിവദത്തിന്റെ ഭൂരിപക്ഷം 913. ആറ്റിപ്ര വാർഡിൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപിയിലെ സുനി ചന്ദ്രനാണ് ജയിച്ചത്. കിട്ടിയത് 1914 വോട്ട്. എൽ.ഡി.എഫിലെ ദീപു എൻ രാജിന് 1804 വോട്ട് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ജയപ്രകാശിന് ആകെ കിട്ടിയത് 364 വോട്ട്. യു.ഡി.എഫിൽനിന്ന് വോട്ട് വൻതോതിൽ ചോർന്നുകിട്ടിയിട്ടും ബിജെപിയുടെ ഭൂരിപക്ഷം രാജഗോപാൽ നേടിയ 766ൽനിന്ന് ഇത്തവണ 110ലേക്ക് ചുരുങ്ങി.

ആറ്റുകാൽ വാർഡിൽ ബിജെപിയിലെ ആർ സി ബീനയാണ് ജയിച്ചത്. കിട്ടിയ വോട്ട് 2416. സിപിഎമ്മിലെ എസ് രാജേശ്വരി അവിടെ 2066 വോട്ട് നേടി. കോൺഗ്രസിലെ അംബികയമ്മയ്ക്ക് 812 വോട്ട് മാത്രം. വലിയവിള വാർഡിൽ ബിജെപിയിലെ ഗിരികുമാർ ജയിച്ചു. തൊട്ടുപിന്നിൽ സിപിഎമ്മിലെ ബി എസ് സുജാത. യു.ഡി.എഫ് സ്ഥാനാർത്ഥി സോമശേഖരൻനായർക്ക് അവിടെ കിട്ടിയത് 396 വോട്ട്. സിപിഎമ്മിലെ കരമന ഹരി രണ്ടാംസ്ഥാനത്തത്തെിയ കരമന വാർഡിൽ ബിജെപിക്ക് വിജയവും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 675 എന്ന ദയനീയവോട്ടും. കരിക്കകത്ത് ബിജെപിയിലെ ഹിമ സിജിയാണ് 2756 വോട്ട് നേടി ജയിച്ചത്. സിപിഎമ്മിലെ വി കെ ബീനയ്ക്ക് 2110 വോട്ട് കിട്ടി. കോൺഗ്രസ് സ്ഥാനാർത്ഥി ആർ സന്ധ്യയുടെ അക്കൗണ്ടിൽ വീണത് 432 വോട്ട് മാത്രം. പാപ്പനംകോട്ട് ബിജെപിയിലെ കെ ചന്ദ്രൻ ജയിച്ചു (2519). തൊട്ടുപിന്നിൽ സിപിഎമ്മിലെ ആർ ഉണ്ണിക്കൃഷ്ണൻ (2014). കോൺഗ്രസിലെ രവീന്ദ്രന് കിട്ടിയത് 866 വോട്ട്. ശ്രീവരാഹത്ത് ബിജെപിക്ക് 1630ഉം എൽ.ഡി.എഫിന് 1236ഉം യു.ഡി.എഫിന് 341ഉം വോട്ട്. ഇങ്ങനെ ബിജെപി ജയിച്ച ഓരോ വാർഡിലും യുഡിഎഫിന്റെ ദയനീയമായ തകർച്ചയുടെ ചിത്രമുണ്ട്.

സംസ്ഥാനത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ബിജെപി നേട്ടമുണ്ടാക്കിയ ഇടങ്ങളിലെല്ലാം യു.ഡി.എഫ് വോട്ടുകൾ ചോർന്നു. കോർപറേഷനിലെ ചേവരമ്പലം വാർഡിൽ 2010ൽ 956 വോട്ട് കിട്ടിയ യു.ഡി.എഫ് ഇക്കുറി 536ൽ ഒതുങ്ങി. ബിജെപിക്ക് 860 വോട്ടിന്റെ വർധന. പുതിയാപ്പയിൽ യു.ഡി.എഫ് വോട്ട് 540 കുറഞ്ഞു, ബിജെപിക്ക് 1024 കൂടി. മുക്കം മുനിസിപ്പാലിറ്റിയിലെ നീലേശ്വരത്ത് ബിജെപി ജയിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 62 വോട്ടാണ് കിട്ടിയത്. ഫറോക്കിലെ തേനപ്പറമ്പിൽ ബിജെപിക്ക് വിജയവും യു.ഡി.എഫിന് 18 വോട്ടും. കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ നരവൂർ സെൻട്രൽ വാർഡിൽ കോൺഗ്രസിന് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. എല്ലാ വോട്ടും ബിജെപിക്ക് നൽകി. എന്നിട്ടും അവിടെ സിപിഐ(എം) സ്ഥാനാർത്ഥി അവിടെ ജയിച്ചത് 692 വോട്ടിന്. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലെ ചാലക്കുളം വാർഡിൽ ജയിച്ച ബിജെപി സ്ഥാനാർത്ഥി സീമാ ഹരിലാലിന് 379 വോട്ട്, രണ്ടാംസ്ഥാനത്തത്തെിയ സിപിഐ എമ്മിലെ ലീലാ കരുണാകരന് 332 വോട്ട്, കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദു പ്രതാപന് 85 വോട്ട്. ഈ കണക്കുകൾ എന്താണ് വ്യക്തമാക്കുന്നത്.

എൽ.ഡി.എഫിന്റെ ഈഴവ വോട്ടുകൾ ബിജെപി പിടിക്കുമെന്നായിരുന്നു അരുവിക്കര മുൻനിർത്തിയുള്ള ആലോചനകൾ. എന്നാൽ കോൺഗ്രസിന്റെ വോട്ട് ബിജെപിയിലേക്ക് ഒഴുകുന്നത് ആ പാർട്ടിയുടെ നേതൃത്വം ശക്തമായി പരിശോധിക്കേണ്ടതാണ്. ഇക്കണക്കിനുപോയാൽ ഭാവിയിൽ കോൺഗ്രസിനെയായിരിക്കും ബിജെപി വിഴുങ്ങുക. ഈ ജാതിരാഷ്ട്രീയത്തിന് എണ്ണ ഒഴിച്ച അരുവിക്കരയിൽ ആകട്ടെ ഇപ്പോൾ എൽ.ഡി.എഫ് തരംഗവുമാണ്.

അരുവിക്കരയിലും ബിജെപി പിറകോട്ടടിച്ചു; ആകെ കിട്ടയത് 10 വാർഡ്

രുവിക്കര കണ്ടാണ് ബിജെപി കേരളം പിടിക്കുമെന്നൊക്കെ തട്ടിവിടാൻ തുടങ്ങിയത്.ഡോ.തോമസ് ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് 56448 വോട്ടും എൽഡിഎഫിന് 46320 വോട്ടും ബിജെപിക്ക് 34145 വോട്ടുമാണ് കിട്ടിയത്. പഞ്ചായത്തുകളിൽ അരുവിക്കരയിൽ മാത്രമായിരുന്നു എൽഡിഎഫിന് നാമമാത്രമായ ഭൂരിപക്ഷം ലഭിച്ചത്. ബാക്കി, വിതുര, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കൊട്, കുറ്റിച്ചൽ, പൂവച്ചൽ എന്നീ പഞ്ചായത്തുകളിലെല്ലാം യുഡിഎഫിനായിരുന്നു വ്യക്തമായ മേൽക്കക്കെ.എന്നാൽ ഇപ്പോൾ അരുവിക്കര, കുറ്റിച്ചൽ, പൂവച്ചൽ, തൊളിക്കൊട്, ഉഴമലയ്ക്കൽ, വിതുര എന്നീ പഞ്ചായത്തുകൾ എൽഡിഎഫ് നേടി. ആകെ 141 വാർഡുകളിൽ 75 എണ്ണവും എൽഡിഎഫിനാണ് അതായത്, 53 ശതമാനം സീറ്റുകൾ. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വോട്ടുവിഹിതം 32 ശതമാനമായിരുന്നു. അന്ന്, ഒ രാജഗോപാൽ 23 ശതമാനം വോട്ടാണ് നേടിയത്. ഇപ്പോൾ ബിജെപിയുടെ സീറ്റുവിഹിതം വെറും 7 ശതമാനമായി കുറഞ്ഞു. ആകെയുള്ള 141 വാർഡുകളിൽ അവർക്കു കിട്ടിയത് വെറും 10 എണ്ണം മാത്രം. 39 ശതമാനം വോട്ട് ഉപതിരഞ്ഞെടുപ്പിൽ നേടിയ കോൺഗ്രസിന് ഇക്കുറി ലഭിച്ച സീറ്റുവിഹിതം 34 ശതമാനം മാത്രം.

അതായത് അരുവിക്കര ഒരു താൽക്കാലിക പ്രതിഭാസംമാത്രമായിരുന്നെന്നും അത് കണ്ട് ആരും പനിക്കെണ്ടെന്നും വ്യക്തം.ഇനി സംസ്ഥാന വ്യാപകമായി കണക്കെടുക്കുമ്പോൾ യു.ഡി.എഫിന്റെ നഷ്ടം വലുതാണ്.യുഡിഎഫിന് നിലവിൽ കൈവശമുള്ള മുപ്പത് നിയമസഭാമണ്ഡലങ്ങളിൽ ഭൂരിപക്ഷം നഷ്ടമായി. എൽഡിഎഫിന് പത്തു സിറ്റിങ് സീറ്റുകളിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. എട്ടുമന്ത്രിമാർക്കു മണ്ഡലങ്ങളിൽ ഭൂരിപക്ഷമില്ല. കെ പി മോഹനൻ, ഡോ. എം കെ മുനീർ, മഞ്ഞളാംകുഴി അലി, സി എൻ ബാലകൃഷ്ണൻ, വി കെ ഇബ്രാഹിം കുഞ്ഞ്, ഷിബു ബേബി ജോൺ, വി എസ് ശിവകുമാർ എന്നിവരാണ് ഈ പട്ടികയിലുള്ളത്. ആർഎസ്‌പിയുടെയും സോഷ്യലിസ്റ്റ് ജനതയുടെയും ഏക മന്ത്രിമാർ ഈ പട്ടികയിൽ വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്.ആർഎസ്‌പിക്ക് ഷിബുവിന്റെ മാത്രമല്ല, സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെയും കോവൂർ കുഞ്ഞുമോന്റെയും മണ്ഡലത്തിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഇതോടെ പുതിയ വോട്ടിങ് അനുസരിച്ച് ആർഎസ്‌പി നിയമസഭയിൽനിന്ന് ഇല്ലാതായി.യുഡിഎഫുമായി വേർപിരിഞ്ഞു നിൽക്കുന്ന പി സി ജോർജിന്റെയും കെ ബി ഗണേശ്‌കുമാറിന്റെയും മണ്ഡലങ്ങൾ എൽഡിഎഫ് ആധിപത്യത്തിലായി. ബിജെപി മുന്നിൽ വരുന്നതു തിരുവനന്തപുരത്തും നേമത്തുമാണ്. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.

മതനിരപേക്ഷ വോട്ടുകൾ എന്നൊന്നുണ്ട് സർ, കേരളത്തിൽ!

നായർവോട്ട്, ഈഴവ വോട്ട്, മുസ്ലിം വോട്ട് എന്നരീതിയിലൊക്കെ തട്ടിവിടുന്നതിനടയിൽ നമ്മുടെ രാഷ്ട്രീയ വിശാരദന്മാർ മറന്നുപോയത് കേരളത്തിൽ കൂറെ മതനിരപേക്ഷ വോട്ടുകളും ഉണ്ടെന്നകാര്യമാണ്. ഇത്തവ ആ വോട്ടുകൾ കൃത്യമായി എൽ.ഡി.എഫിന് വീണു. സംഘപരിവാർ ഉത്തരേന്ത്യയയിൽ നടത്തുന്ന ചെയ്തികളും ഗോവധമടക്കമുള്ള കാര്യങ്ങളെയും തുറന്ന് എതിർക്കാൻ കോൺഗ്രസിന് ആവാഞ്ഞത്, ന്യൂനപക്ഷവോട്ടുകൾ എൽ.ഡി.എഫിലേക്ക് ഒഴുകാൻ ഇടയാക്കി. വെള്ളാപ്പള്ളിയെ വി എസ് പൊളിച്ചടുക്കിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഈ മതനിരപേക്ഷ മൂല്യങ്ങളിൽ എപ്പോൾ തങ്ങൾ വെള്ളം ചേർക്കുന്നോ അപ്പോൾ ഇപ്പോൾ കിട്ടിയ പിന്തുണയും ഇല്ലാതാവുമെന്ന് ഇടതുപക്ഷവും ഓർക്കേണ്ടതാണ്.