തൃശൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇട‌തുമുന്നണിയുടെ തുറുപ്പ് ചീട്ട് വി എസ് അച്ചുതാനന്ദൻ ആയിരുന്നെങ്കിൽ ഇക്കുറി മുന്നിൽ നിന്ന് പോരാട്ടം നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. പിണറായി വിജയന് വേണ്ടിയാകും കേരളത്തിന്റെ മുക്കിലും മൂലയിലും ഇടത് പ്രവർത്തകർ വോട്ട് ചോദിക്കുക. അതിന്റെ സൂചകമായി തൃശൂർ നഗരത്തിൽ ചുവരെഴുത്തുകളും ആരംഭിച്ച് കഴിഞ്ഞു.

വിവാദങ്ങൾ സർക്കാരിനും പാർട്ടിക്കും മേൽ കരിനിഴൽ വീഴ്‌ത്തുമ്പോൾ ജനക്ഷേമ പ്രവർത്തനങ്ങളും പിണറായിയുടെ ഭരണമികവും അദ്ദേഹത്തിനെതിരെയുള്ള വേട്ടയാടലുമൊക്കെയാകും സി പി എം പ്രചാരണ വിഷയമാവുക.തൃശൂർ എം ജി റോഡിൽ പ്രത്യക്ഷപ്പെട്ട ചുമരെഴുത്തിലെ വാചകം ഇങ്ങനെ 'തമ്പ്രാന്റെ മകനല്ല, ചെത്തു തൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം. ഉറപ്പാണ് എൽ ഡി എഫ്, അഭിമാനത്തോടെ ഒരു ചുമരെഴുത്തുകാരൻ.'

ഇത്തരത്തിലുള്ള ചുമരെഴുത്തുകൾ വരുംദിവസങ്ങളിൽ കേരളമൊട്ടാകെ വ്യാപിപ്പിക്കുമെന്നാണ് സി പി എം നേതാക്കളും പറയുന്നത്. കോൺഗ്രസ് നേതാവ് സുധാകരൻ മുഖ്യമന്ത്രിയ്‌ക്ക് നേരെ പലതവണ നടത്തിയ കുലത്തൊഴിൽ പരാമർശം ചർച്ചയാക്കുക കൂടിയാണ് സി പി എം ലക്ഷ്യം.പിണറായി തന്നെയാണ് സി പി എമ്മിന്റെ താരപ്രചാരകനെന്ന് അടിവരയിടുന്നത് തിരഞ്ഞെടുപ്പ് പരസ്യങ്ങളെല്ലാം. മുഖ്യമന്ത്രിയായെങ്കിലും 2016ൽ സി പി എമ്മിനെ തിരഞ്ഞെടുപ്പിൽ നയിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്നു വി എസ് അചുതാനന്ദനായിരുന്നു.