- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശ്‌ന ബാധിത ബൂത്തുകളിൽ കേരള പൊലീസ് സേവനം ഒഴിവാക്കും; കേന്ദ്രസേനയെ നിയോഗിക്കും; 50 ശതമാനം ബൂത്തുകളിൽ വെബ്കാസ്റ്റിങ്; കള്ളവോട്ടിനെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം; കലാശക്കൊട്ടിൽ രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടിയ ശേഷം തീരുമാനം എന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ
തിരുവനന്തപുരം: പ്രശ്‌ന ബാധിത ബൂത്തുകളിൽ കേരള പൊലീസിന്റെ സേവനം ഒഴിവാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ നിയോഗിക്കും. കേരള പൊലീസ് ബൂത്തിനു പുറത്തായിരിക്കും. മറ്റുള്ള ബൂത്തുകളിൽ ഇടകലർന്നായിരിക്കും ഡ്യൂട്ടി.
വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ
രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് ടിക്കാറാം മീണ അറിയിച്ചു. നക്സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കേരളത്തിൽ 298 നക്സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്സൽ ബാധിത ബൂത്തുകളുള്ളത്. നക്സൽ ബാധിത ബൂത്തുകളിലും ക്രിട്ടിക്കൽ, വൾനറബിൾ ബൂത്തുകളിലും പോളിങ് സ്റ്റേഷൻ വളപ്പിനുള്ളിൽ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 549 ക്രിട്ടിക്കൽ ലൊക്കേഷൻ ബൂത്തുകളും 433 വൾനറബിൾ ബൂത്തുകളുമുണ്ട്.
50 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തും. കള്ളവോട്ടിനെതിരെ പോളിങ് ഓഫിസർമാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നു ടിക്കാറാം മീണ പറഞ്ഞു. കള്ളവോട്ടിനെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സംരക്ഷിക്കും. സർക്കാരോ പുതിയ സർക്കാരോ പ്രതികാര നടപടി സ്വീകരിച്ചാൽ ഉദ്യോഗസ്ഥർ നിവേദനം നൽകിയാൽ കർശന നടപടി സ്വീകരിക്കും.
കലാശക്കൊട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അഭിപ്രായം പറയാത്ത സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയശേഷം തീരുമാനമെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെടും. പ്രചാരണത്തിനായി ജാതി, മതപരമായ കാര്യങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ല. ക്രിമിനൽ കേസുകളുണ്ടെങ്കിൽ നോമിനേഷൻ കൊടുക്കുമ്പോൾ സ്ഥാനാർത്ഥികൾ വെളിപ്പെടുത്തണം. പകരം സ്ഥാനാർത്ഥിയെ കണ്ടുപിടിക്കാൻ കഴിയാത്തതിന്റെ വിശദീകരണവും പാർട്ടികൾ നൽകണം. ആരെങ്കിലും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കമ്മിഷൻ സുപ്രീം കോടതിയെ അറിയിക്കും. 3 തവണ ഇത് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. പൊതുജനങ്ങൾ സ്ഥാനാർത്ഥികളെക്കുറിച്ച് മനസിലാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിൽ നയപരമായ കാര്യങ്ങളിൽ സർക്കാരിന് ഉത്തരവിറക്കാൻ കഴിയില്ല. വോട്ടർമാരെ സ്വാധീനിക്കുന്ന കാര്യങ്ങൾ അനുവദിക്കില്ല. പിഎസ്‌സി ഉദ്യോഗാർഥികളുമായി സർക്കാർ നടത്തുന്ന ചർച്ചയെ സംബന്ധിച്ച് പരിശോധിക്കും. പിഎസ്‌സി വിഷയത്തിൽ ഉത്തരവിറക്കണമെങ്കിൽ സർക്കാർ കമ്മിഷന് വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമെങ്കിൽ കമ്മിഷൻ അനുവാദം നൽകും.
തപാൽ ബാലറ്റുകളുടെ അച്ചടി ജില്ലാതലത്തിൽ ആരംഭിച്ചു. 80 വയസ്സു കഴിഞ്ഞവർക്കു പുറമേ ഭിന്നശേഷിക്കാർക്കും, കോവിഡ് ബാധിതർക്കും, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്കും തപാൽ വോട്ട് അനുവദിക്കും. ഇവരുടെ പട്ടിക തയാറാക്കി കമ്മിഷൻ നേരിട്ട് അപേക്ഷ വീട്ടിലെത്തിക്കും. നാമനിർദ്ദേശ പത്രിക പിൻവലിച്ച് 3 ദിവസത്തിനുശേഷം തപാൽ ബാലറ്റ് വിതരണം ചെയ്യും. തപാൽ ബാലറ്റിനു അപേക്ഷിക്കുന്നവരുടെ വിവരം സ്ഥാനാർത്ഥികൾക്കും കൈമാറും. 2 പോളിങ് ഓഫിസർ, സെക്യൂരിറ്റി, വിഡിയോഗ്രാഫർ എന്നിവരുൾപ്പെടുന്ന സംഘം വീട്ടിലെത്തി തപാൽ ബാലറ്റ് കൈമാറും. നടപടികൾ വിഡിയോയിൽ പകർത്തും. ഉദ്യോഗസ്ഥർ തപാൽ ബാലറ്റ് നൽകാൻ പോകുന്ന സമയം സ്ഥാനാർത്ഥിയെയും വോട്ടറെയും അറിയിക്കണം. സ്ഥാനാർത്ഥിക്കു വീടിനുള്ളിൽ കയറാൻ കഴിയില്ല.
പോസ്റ്റൽ ബാലറ്റുകളുടെ ക്രമീകരണത്തിനായി ഒരു അഡീഷണൽ എ. ആർ. ഒയെ വീതം നിയമിക്കും. പോസ്റ്റൽ ബാലറ്റുമായി ഉദ്യോഗസ്ഥർ എത്തുന്ന വിവരം വോട്ടറെയും സ്ഥാനാർത്ഥിയെയും മുൻകൂട്ടി അറിയിക്കും. അത്യാവശ്യ സേവന വിഭാഗത്തിൽ പെടുന്ന ആരോഗ്യം, പൊലീസ്, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, വൈദ്യുതിവകുപ്പ്, വാട്ടർ അഥോറിറ്റി, കെ. എസ്. ആർ. ടി. സി, വനംവകുപ്പ്, ട്രഷറി, തിരഞ്ഞെടുത്ത കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അംഗീകൃത മാധ്യമ സ്ഥാപനങ്ങൾ, ആംബുലൻസ് എന്നിവയിൽ ജോലി ചെയ്യുന്നവർക്കും ഇത്തവണ പോസ്റ്റൽ ബാലറ്റ് സൗകര്യം ലഭിക്കും. അനധികൃത ഹോർഡിംഗുകൾ, ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ നീക്കം ചെയ്യാൻ പ്രത്യേക ഫ്ളൈയിങ് സ്‌ക്വാഡുകളെ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഇലക്ഷൻ കമ്മീഷന് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇത്തവണ കൂടുതൽ ആളുകൾ വേണ്ടിവരുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. 2,30,000 പേരായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇത്തവണ 3,50,000 ആളുകൾ വേണ്ടിവരും. ഡ്യൂട്ടിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും കോവിഡ് വാക്‌സിനേഷൻ നൽകും. താൽപര്യമില്ലെങ്കിൽ വാക്‌സീൻ എടുക്കേണ്ടതില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
പ്രത്യേക സംവിധാനങ്ങൾ
കാഴ്ചപരിമിതരായ വോട്ടർമാർക്കായി ബ്രെയിൽ സ്ളിപ്പുകൾ വിതരണം ചെയ്യും. എല്ലാ പോളിങ് ബൂത്തുകളിലും ഇത്തരത്തിലെ ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിങ് ഓഫീസറുടെ മേശപ്പുറത്ത് ഉണ്ടാകും. കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് ഇതിൽ ട്രയൽ ചെയ്യാൻ അവസരം നൽകും. ഇത്തരത്തിൽ 45000 ഡമ്മി ബ്രെയിൽ സ്ളിപ്പുകൾ പ്രിന്റ് ചെയ്യും. ഫോട്ടോ ഒഴിവാക്കിയുള്ള വോട്ടർ സ്ളിപ്പുകളാവും ഇത്തവണ വിതരണം ചെയ്യുക. ഇംഗ്ളിഷിലും മലയാളത്തിലുമുള്ള വോട്ടർ ഗൈഡും വിതരണം ചെയ്യുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിങ് ഓഫീസർമാർ പ്രത്യേകം സൂക്ഷിക്കണം. എല്ലാ പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ താപനില പരിശോധിക്കും. ചൂട് കൂടുതൽ കണ്ടെത്തുന്ന വോട്ടർമാരെ മാറ്റി നിർത്തും. ഒരു മണിക്കൂറിന് ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതൽ കണ്ടെത്തിയാൽ അവർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അവസരം നൽകും. പോളിങ് ബൂത്തിൽ എത്തുന്ന വോട്ടർമാർ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയുന്നതിനായി മാസ്‌ക്ക് താഴ്‌ത്തിക്കാണിക്കണം. സ്ത്രീകൾ, പുരുഷന്മാർ, മുതിർന്നപൗരന്മാർ/ ഭിന്നശേഷിക്കാർ എന്നിവർക്കായി ബൂത്തുകളിൽ മൂന്ന് പ്രത്യേക ക്യൂ ഉണ്ടാവും. ഭിന്നശേഷി വോട്ടർമാർക്കായി പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. വോട്ടുചെയ്യാൻ എത്തുന്ന ഭിന്നശേഷിക്കാർക്ക് പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ പാസ് നൽകും.
150 കമ്പനി കേന്ദ്ര സേന
150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 30 കമ്പനി സേന കേരളത്തിലെത്തിയിട്ടുണ്ട്. ബി. എസ്. എഫിന്റെ 15, ഐ. ടി. ബി. പി, എസ്. എസ്. ബി, സി. ഐ. എസ്. എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്.
നിലവിലെ കണക്കു പ്രകാരം കേരളത്തിൽ 2,67,31,509 വോട്ടർമാരാണുള്ളത്. ഇതിൽ 1,29,52,025 പുരുഷന്മാരും 1,37,79,263 സ്ത്രീകളും 221 ട്രാൻജെൻഡർ വോട്ടർമാരുമുണ്ട്. 6,21,401 പേർ 80 വയസ് കഴിഞ്ഞവരാണ്. 90709 പ്രവാസി വോട്ടർമാരും 1,33,000 ഭിന്നശേഷി വോട്ടർമാരുമുണ്ട്. 52782 ബാലറ്റ് യൂണിറ്റുകളും 49475 കൺട്രോൾ യൂണിറ്റുകളും 53189 വിവിപാറ്റും കേരളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ