- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ സൗജന്യ കോവിഡ് വാക്സിൻ വിതരണം; മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനോടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി. മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണു മുഖ്യമന്ത്രി വാക്സീൻ സൗജന്യമായി നൽകുമെന്നു പ്രഖ്യാപിച്ചത്.
കണ്ണൂരിൽ ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണു സംസ്ഥാനത്തെ ജനങ്ങൾക്കു കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ സർക്കാർ തലത്തിൽ പുതിയ പദ്ധതികളോ സൗജന്യങ്ങളോ ഇളവുകളോ പ്രഖ്യാപിക്കാൻ വിലക്കുണ്ട്. പ്രഖ്യാപിക്കണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതി വേണം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ചു പരാതി ലഭിച്ചാൽ തിരഞ്ഞെടുപ്പ് കമ്മിഷനു നടപടി സ്വീകരിക്കാം. പരാതി കൂടാതെയും നടപടിയെടുക്കാൻ കമ്മിഷന് അധികാരമുണ്ട്.
പ്രചാരണത്തിന്റെ സമാപന ദിവസം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസന്റെ പരാതിയിൽ പറഞ്ഞു. കോവിഡ് വാക്സീന്റെ ലഭ്യതയെക്കുറിച്ചു കേന്ദ്ര സർക്കാരിൽ നിന്നു വ്യക്തമായ വിവരങ്ങൾ ഇപ്പോഴും സംസ്ഥാന സർക്കാരിനു ലഭിച്ചിട്ടില്ല. വാക്സീൻ ലഭ്യമായാൽ അതു വിതരണം ചെയ്യാനുള്ള പദ്ധതി ആരോഗ്യ വകുപ്പ് ആവിഷ്കരിച്ചിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. അവസാനഘട്ട തിരഞ്ഞെടുപ്പിനു ശേഷം നടത്താമായിരുന്ന പ്രഖ്യാപനം അതിനു മുൻപ് നടത്തിയതു വോട്ടർമാരെ സ്വാധീനിക്കാനാണെന്നു കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. സി.ജോസഫ് എംഎൽഎ കമ്മിഷനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
വാക്സീൻ വിതരണം സംബന്ധിച്ചു കേന്ദ്ര തീരുമാനമുണ്ടായിട്ടില്ല. സംസ്ഥാന ആരോഗ്യവകുപ്പ് ശുപാർശ നൽകിയിട്ടുമില്ല. വാക്സീൻ സംസ്ഥാന സർക്കാർ സൗജന്യമായി നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ലാക്കാക്കിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സംസ്ഥാനത്ത് കോവിഡ് പടരാനിടയുണ്ടെന്നു രണ്ടുദിവസമായി ആരോഗ്യമന്ത്രി പറയുന്നതും ഇതുമായി കൂട്ടിവായിക്കണം. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും കെ.സി.ജോസഫ് ആവശ്യപ്പെട്ടു.
പ്രഖ്യാപനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നതിനാൽ മുഖ്യമന്ത്രിക്ക് എതിരെ നടപടി ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കമ്മിഷനു പരാതി നൽകിയിരുന്നു. രാജ്യം മുഴുവൻ കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയതാണെന്നും കേന്ദ്രത്തിന്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് ഡെസ്ക്