- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡീലോ..അതോ കോ-ലീ-ബിയോ? ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് പറഞ്ഞ് തള്ളി നേതാക്കൾ; ചിലയിടങ്ങളിൽ മാത്രം എങ്ങനെ ഒപ്പില്ലാതായി എന്ന് അണികൾ; അമിത് ഷാ പ്രചാരണത്തിന് എത്തേണ്ടിയിരുന്ന തലശേരിയിൽ തന്നെ സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാതായതും അദ്ഭുതം; പ്രചാരണത്തിന്റെ ഗതി മാറ്റി എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളൽ
തിരുവനന്തപുരം: തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ ബിജെപി- എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതോടെ പ്രചാരണത്തിന്റെ ഗതി വീണ്ടും മാറുന്നു,. കോന്നി സീറ്റിന് വേണ്ടി ആറന്മുളയിലും, ചെങ്ങന്നൂരിലും സിപിഎം-ബിജെപി ഡീൽ സംശയിച്ച് ആർഎസ്എസ് സൈദ്ധാന്തികൻ ആർ.ബാലശങ്കർ തൊടുത്തുവിട്ട അമ്പ് അല്പം മുറിവേൽപ്പിച്ചെങ്കിലും, സീറ്റ് കിട്ടാത്തവന്റെ പരിഭവമായി തള്ളാൻ എളുപ്പമായിരുന്നു. അതിനൊപ്പം കോ-ലീ-ബി സഖ്യത്തെ കുറിച്ചുള്ള ഒ.രാജഗോപാലിന്റെ ഓർമ്മപ്പെടുത്തലുകളും ബിജെപിക്ക് തലവേദനയായി. ഇതിനെല്ലാം പിന്നാലെയാണ് പത്രിക തള്ളിയതും വലിയ ചർച്ചാവിഷയമായിരിക്കുന്നത്. ഇതോടെ ഡീലോ, അതോ കോ-ലീ-ബിയോ എന്ന തരത്തിൽ ചെളിവാരിയെറിയൽ തുടങ്ങി കഴിഞ്ഞു.
സിപിഎമ്മിന്റെ മൂന്ന് സിറ്റിങ് സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതെന്നത് കോ-ലീ-ബി സഖ്യമെന്ന ആരോപണത്തിന് ബലം കൂട്ടുന്നു. ഇവിടെയെല്ലാം ബിജെപിയുടെ ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികയും സ്വീകരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദിശ നിർണയിക്കുന്ന സംഭവം കൂടിയാണ് 'പത്രിക തള്ളൽ'. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലശേരിയിൽ ഈ മാസം 25ന് പ്രചാരണത്തിനെത്താനിരിക്കെയാണ് ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്. ഇതോടെ പാർട്ടി ആകെ ബേജാറിലായി. പത്രികയിൽ (ഫോം എ) ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്. കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസാണ് തലശേരിയിലെ സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയില്ലാതായതോടെ അമിത് ഷാ തലശേരി സന്ദർശനം ഒഴിവാക്കും. സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാൽ ഗുരുവായൂരിലെ സ്ഥാനാർത്ഥിയായ മഹിളാമോർച്ച അധ്യക്ഷ നിവേദിതയുടെ പത്രികയും തള്ളി. ഒപ്പിന്റെ കാര്യത്തിൽ പാർട്ടിയിലും വിവാദം പുകയുകയാണ്. ചിലയിടങ്ങളിൽ മാത്രം എങ്ങനെ ഒപ്പില്ലാതായി എന്നതാണ് ചോദ്യം. സമയം അവസാനിക്കുന്നതിനു മുൻപ് പകരം കത്തു നൽകാൻ കഴിയാത്തതെന്തെന്നും ചോദ്യമുയരുന്നു.
ബിജെപിക്ക് കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വോട്ടുകളുള്ള മണ്ഡലമാണ് തലശേരി. ഇടതുപക്ഷം മാത്രം ജയിക്കുന്ന തലശ്ശേരിയിൽ ജയപരാജയം നിർണയിക്കുന്ന വിധത്തിലേക്ക് ബിജെപി വോട്ടുകൾ മാറാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ സിപിഎമ്മിലെ എ എൻ ഷംസീർ 70,741 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി എ പി അബ്ദുല്ലക്കുട്ടി 36,624 വോട്ടും ബിജെപി പ്രതിനിധി വി കെ സജീവന് 22,125 വോട്ടുകളുമാണ് ലഭിച്ചത്. ഭൂരിപക്ഷം 34,117. ഇവിടെ ബിജെപി വോട്ടുകൾ മുൻ വർഷത്തേതിനേക്കാൾ വർധിച്ചിരുന്നു
കോൺഗ്രസിന് വോട്ട് മറിക്കാനാണ് ബിജെപി പത്രികയിൽ പിഴവ് വരുത്തിയത്: എം.വി ജയരാജൻ
തലശ്ശേരിയിൽ ബിജെപി സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ പത്രിക തള്ളിയ സംഭവം അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലെന്ന് സിപിഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.കോൺഗ്രസുമായുള്ള വോട്ടുകച്ചവടത്തിനാണ് ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികയിൽ പിഴവ് വരുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപിക്ക് മറ്റ് മണ്ഡലങ്ങളിലൊന്നും സംഭവിക്കാത്ത പാളിച്ച തലശ്ശേരിയിൽ മാത്രം എങ്ങനെയുണ്ടായെന്നും സംഭവത്തിൽ അന്തർധാര സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ എൻ. ഹരിദാസിന്റെ പത്രികയായിരുന്നു സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളിയത്. സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കേണ്ട ഒറിജിനൽ രേഖകൾക്കു പകരം പകർപ്പ് സമർപ്പിച്ചതും സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതും പത്രിക തള്ളാൻ കാരണമായിരുന്നു.
നാമനിർദ്ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവ്: മുല്ലപ്പള്ളി
എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക പലയിടത്തും തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അധികാരം നിലനിർത്താൻ വർഗീയ ശക്തികളുമായി ചേർന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്.സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖർ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുർബലരായ സ്ഥാനാർത്ഥികളെയാണ് ബിജെപി നിർത്തിയിട്ടുള്ളത്. പകരം സിപിഎമ്മും സമാനനിലപാടാണ് സ്വീകരിച്ചത്. അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്.വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാണ് സിപിഎം ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ വെളിപ്പെടുത്തിയതിന് പിന്നാലെ എൻഎഡിഎ സ്ഥാനാർത്ഥി പുന്നപ്ര-വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ