- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയില്‍ സില്‍വര്‍ലൈന്‍ വക്താക്കള്‍ക്കെതിരെ വിധി എഴുതുക; ആഹ്വാനവുമായി കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി
തിരുവനന്തപുരം : കേരളത്തെ പാരസ്ഥിതികമായും സാമ്പത്തികമായും സാമൂഹ്യമായും തകര്‍ക്കുന്ന കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വക്താക്കള്‍ക്കെതിരെ ഈ തെരഞ്ഞെടുപ്പില്‍ വിധി എഴുതണമെന്ന് ജനകീയ സമര സമിതി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ മുദ്രാവാക്യം മുന്നോട്ടുവച്ച് സമിതി സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പ്രചാരണവും യോഗങ്ങളും നടത്തിയിരുന്നു.
സമരസമിതി ഉന്നയിച്ചിരുന്ന ആശങ്കകള്‍ വസ്തുതാപരമാണ് എന്ന് തെളിയിക്കുന്നതാണ് വികസനം എന്ന് സര്‍ക്കാര്‍ പാടിപുകഴ്ത്തുന്ന ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് അനുയോജ്യമായ പരിസ്ഥിതിക അവസ്ഥയല്ല കേരളത്തിന്റെത് എന്ന് സമരസമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും മുന്‍ അനുഭവങ്ങളുടെയും കേരളത്തിന്റെ ഭൂഘടന - കാലാവസ്ഥ വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇതിനെ പാടെ തള്ളിക്കളഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ പേരില്‍ വലിയ ഇടപെടലുകള്‍ ഭൂമിക്ക് മേല്‍ നടത്തി. യാതൊരു പഠനവും നടത്താതെ അശാസ്ത്രീയമായി നിര്‍മ്മിച്ച റോഡ് കേരളത്തില്‍ ഉടനീളം വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. പരിസ്ഥിതി ദുര്‍ബലമായ വയലുകളില്‍ അശാസ്ത്രീയമായി നിര്‍മിച്ച കൂറ്റന്‍ എംബാങ്ക്‌മെന്റ് ഉണ്ടാക്കിയ വലിയ അപകടമാണ് കൊല്ലം മൈലക്കാട്, മലപ്പുറം കൂരിയാട് എന്നിവിടങ്ങളില്‍ ഉണ്ടായത്. ചെറുതും വലുതുമായ അപകടങ്ങള്‍ നിര്‍മാണത്തോടനുബന്ധിച്ച് ദിനേന എന്ന വണ്ണം ഉണ്ടാകുന്നുണ്ട്.
സില്‍വര്‍ ലൈന്‍ പാത നിര്‍മ്മിച്ചാല്‍ ഇതിനേക്കാള്‍ വലിയ ദുരന്തമാകും കേരളം നേരിടേണ്ടി വരുന്നത്. വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് വരുത്തിവെച്ച് അതിസമ്പന്നര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ആവുന്ന, ഒരിക്കലും ലാഭകരമാകാന്‍ ഇടയില്ലാത്ത ഒരു പദ്ധതിക്കായി സര്‍ക്കാര്‍ ഇപ്പോഴും മുന്നോട്ടു പോവുകയാണ്. ശാസ്ത്രീയ പഠനങ്ങള്‍ ഒന്നും നടത്താതെ തട്ടിക്കൂട്ടിയ ഡിപിആര്‍ തള്ളിക്കളയണമെന്ന് സമരസമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ഡി പി ആര്‍ കേന്ദ്രം വീണ്ടും തിരിച്ചറിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നു. ജനങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ ഈ പദ്ധതി സംസ്ഥാനത്തിന് ഗുണകരമല്ല എന്ന് ബോധ്യപ്പെട്ടിട്ടും നടപ്പിലാക്കാന്‍ വാശിപിടിക്കുന്നവര്‍ സാമൂഹ്യവിരുദ്ധരാണ് എന്നത് വ്യക്തമാണ്.
ജനദ്രോഹപരമായ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി അനുകൂലികളും വക്താക്കളുമായവര്‍ക്ക് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുത് എന്ന നിലപാടാണ് സമരസമിതി മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഇതേ മുദ്രാവാക്യവുമായി സമരസമിതി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. കേരളത്തിന്റെ നിലനില്‍പ്പിനായി സമരസമിതി ഉയര്‍ത്തുന്ന ഈ നിലപാടിനൊപ്പം നില്‍ക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണ്ണമായി പിന്‍വലിക്കുക, ഭൂമി ഏറ്റെടുക്കല്‍ നോട്ടിഫിക്കേഷന്‍ റദ്ദാക്കുക, സമര പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കള്ള കേസുകള്‍ റദ്ദാക്കുക തുടങ്ങിയ ഡിമാന്റുകള്‍ ഉയര്‍ത്തി സമരസമിതി ശക്തമായി മുന്നോട്ടു പോകും എന്ന് സംസ്ഥാന ചെയര്‍മാന്‍ എംപി ബാബുരാജ്, ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍ എന്നിവര്‍ പറഞ്ഞു.




