- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍-സരിന് പോര് ഉറപ്പായി; പാലക്കാട് ഇടതിന് വേണ്ടി മത്സരിക്കുക സരിന്; സിപിഎം ചിഹ്നത്തില്‍ മത്സരിക്കും എന്നും അഭ്യൂഹം; വിജയിക്കുന്നത് സിപിഎമ്മിന്റെ അടവ് നയം; നിര്‍ണ്ണായകമായത് മന്ത്രി എംബി രാജേഷിന്റെ ഇടപെടല്‍; ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ സുധീര്‍; പോര് കടുക്കുമ്പോള്‍
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ ഡോ. പി സരിന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. പി സരിന് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ ചേലക്കരയില്‍ പിവി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയും മത്സരിക്കും. കോണ്‍ഗ്രസുകാരനായ സുധീറാകും മത്സരിക്കുക. കെപിസിസി സെക്രട്ടറിയാണ് സുധീര്‍. ഇതോടെ പാലക്കാടും ചേലക്കരയിലും കോണ്‍ഗ്രസിന് വിമത ഭീഷണി ഉയരുകയാണ്.
ഇനി സരിന്റെ തീരുമാനമാണ് അറിയേണ്ടത്. അതിനുള്ള കാത്തിരിപ്പിലാണ് സിപിഐഎം. ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് സിപിഐഎം നേതാവ് എം ബി രാജേഷ് നേരത്തേ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിസന്ധി ആഴമേറിയതാണ്. പൊട്ടിത്തെറി പ്രതീക്ഷിച്ച് തന്നെയാണ് രാഹുലിനെ സ്ഥാനാര്‍ഥി ആക്കിയത്. പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. വടകരയിലെ സഹായത്തിനുള്ള പ്രത്യുപകാരം കിട്ടിയെന്നും രാഹുല്‍ ദുര്‍ബലനാണെന്നും എം ബി രാജേഷ് പ്രതികരിച്ചിരുന്നു. മന്ത്രി എംബി രാജേഷാണ് സിപിഎമ്മുമായി സരിനെ അടുപ്പിച്ചതെന്നും സൂചനകളുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തില്‍ സരിന്‍ അന്തിമ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ സരിന്‍ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം തീരുമാനം എടുക്കുമെന്ന് സിപിഎം നേതൃത്വം പറയുന്നു. അതിനിടെയാണ് സിപിഎം അടവ് നീക്കം വിജയിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളെത്തുന്നത്. വ്യാഴാഴ്ച പത്ര സമ്മേളനത്തില്‍ സരിന്‍ നിലപാട് പ്രഖ്യാപിക്കും. സിപിഎം ചിഹ്നത്തില്‍ സരിന്‍ മത്സരിക്കാനും സാധ്യത ഏറെയാണ്. മത്സര സന്നദ്ധത സിപിഎമ്മിനെ സരിന്‍ അറിയിച്ചുവെന്നാണ് സൂചന.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അവഗണിച്ചെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചും പി സരിന്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍ചിന്തനം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിന്‍ പറഞ്ഞു. വെള്ളക്കടലാസില്‍ അച്ചടിച്ചു വന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ്ണമാകില്ലെന്ന് പറഞ്ഞ സരിന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സരിനെതിരെ നടപടിക്ക് കോണ്‍ഗ്രസില്‍ ആലോചന തുടങ്ങി. പിന്നീട് പല തലത്തില്‍ ചര്‍ച്ച നടന്നു. ഇതോടെയാണ് മത്സരിക്കാനുള്ള തീരുമാനത്തില്‍ സരിന്‍ എത്തിയത്.
പി സരിനെ തള്ളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തീരുമാനത്തിന് വിധേയപ്പെട്ട് പോവുക എന്നതാണ് ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂര്‍, പി സരിന്‍ നേതൃത്വത്തിന് കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. സരിന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കണം. പാര്‍ട്ടിയുടെ തീരുമാനം വന്നു. അതിന് വിധേയപ്പെട്ട് പോകണം എന്നാണ് ആഗ്രഹം. അതിനെ മറികടന്ന് സരിന്‍ പോകുമെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൈമാറിയത്. പാര്‍ട്ടി തീരുമാനം കാത്തിരുന്ന് കാണാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. പാലക്കാട് യാതൊരു പ്രശ്നവുമില്ല. മികച്ച സ്ഥാനാര്‍ത്ഥിയെയാണ് കൂടിയാലോചനയിലൂടെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിലിനേക്കാള്‍ ഭൂരിപക്ഷം രാഹുലിന് ലഭിക്കും. പാലക്കാട്ടെ സെക്കുലര്‍ വോട്ടുകള്‍ രാഹുലിന് ലഭിക്കും. രാഹുലിന് ഷാഫിയുടെ മേല്‍വിലാസം ഉള്ളത് തന്നെ ഒരു അധിക യോഗ്യത ആണ്. പത്രസമ്മേളനത്തിനു മുന്‍പ് സരിനുമായി താന്‍ സംസാരിച്ചിരുന്നുവെന്നും അച്ചടക്ക നടപടിയെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.