കണ്ണൂർ: കർണാടക വനാതിർത്തിയിൽ നിന്നും കണ്ണുർ ജില്ലയിലെ മലയോരത്തെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജീവഹാനി വരുത്തുകയും കൃഷി നാശം വിതയ്ക്കുകയും ചെയ്യുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ ജില്ലാ പഞ്ചായത്ത് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു.

കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തര പരിഹാരമായി. വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ സോളാർ ഹാങ്ങിങ് ഫെൻസിങ്ങ് (സൗരോർജ്ജ തൂക്ക് വേലി) സ്ഥാപിക്കുന്നതിന് വനം വകുപ്പുമായി ചേർന്ന സമഗ്ര പദ്ധതി രേഖ(ഡിപിആർ) തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സൺ പി പി ദിവ്യ നിർദ്ദേശം നൽകി.

ഒക്ടോബർ 15നകം പഞ്ചായത്ത് തല യോഗം ചേർന്ന് ഒക്ടോബർ 20ന് ഡിപിആർ സമർപ്പിക്കണം. കാട്ടാനയുടെ ആക്രമണത്തിൽ മരണവും അപകടങ്ങളും കൃഷിനാശവും നിത്യ സംഭവമാകുന്ന സാഹചര്യത്തിൽ വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

ആനകളുടെ കടന്നു വരവിനെ പ്രതിരോധിക്കുന്നതിനായി അടിയന്തര ഇടപെടൽ എന്ന നിലയിൽ ഹാങിങ് ഫെൻസിങ്ങ് ഫലപ്രദമാണെന്നാണ് കുടുതൽ പേരും യോഗത്തിൽ അഭിപ്രായപ്പെട്ടത്. ആനമതിൽ നിർമ്മിക്കുന്നതിനേക്കാൾ താരതമ്യേന ചെലവ് കുറവും കാല തടസമില്ലാതെ നിർമ്മിക്കാനും കഴിയുന്നതാണിത്.

പയ്യാവൂർ പഞ്ചായത്തിലെ വനാതിർത്തി പങ്കിടുന്ന ഭാഗങ്ങളിൽ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഇരിക്കൂർ ബ്ലോക്കും സംയുക്തമായി 34 ലക്ഷം രൂപ ചെലവഴിച്ച് ആറു കിലോ മീറ്റർ ചുറ്റളവിൽ ഹാങ്ങിങ് ഫെൻസിങ്ങ് സ്ഥാപിക്കുന്ന പ്രവൃത്തിക്ക് നടപടിയായി. ഇതിനു മുന്നോടിയായി ഒക്ടോബർ അവസാനത്തോടെ ജനകീയ പങ്കാളിത്തത്തിൽ 16 കി.മീ വനാതിർത്തിയിലെ കാടു മൂടിയ ഭാഗങ്ങൾ വെട്ടിത്തെളിക്കും. ആറളം ഫാമിൽ പലർക്കായി പതിച്ചു നൽകിയ സ്ഥലങ്ങളിൽ പലതും ഉപയോഗശൂന്യമായി കാടുമൂടി കിടക്കുകയാണ്. ഇവിടെയാണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. കലക്ടറുമായി ചർച്ച ചെയ്ത് ഫാമിൽ കൃഷി ചെയ്യാത്തതും വാസയോഗ്യമല്ലാത്തതുമായ സ്ഥലങ്ങൾ ഏറ്റെടുത്ത് കാടുവെട്ടി തെളിക്കുന്ന കാര്യവും ആലോചിക്കും.

കാട്ടുമൃഗങ്ങളെ തുരത്തുന്നതിനായി വനം വകുപ്പിന്റെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെങ്കിലും നിലവിൽ അംഗസംഖ്യ കുറവാണ്. അതു കൊണ്ട് മറ്റ് സേനയുടെ സഹായത്തിന് നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഫെൻസിങ്ങ് വന മേഖലയിൽ സ്ഥാപിക്കാതെ വനാതിർത്തിയിലുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ സ്ഥാപിച്ചാൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃത്യമായ അറ്റകുറ്റപണികൾ നടത്താൻ കഴിയുമെന്നും യോഗത്തിൽ നിർദേശമുയർന്നു. ആറളം പുനരധിവാസ മേഖലയിൽ എസ്ടി ഫണ്ട് 22 കോടി ഉപയോഗിച്ച് 10.5 കിലോമീറ്റർ ആനമതിലും 3.5 കിലോമീറ്റർ റെയിൽ വേലി നിർമ്മിക്കുന്നതിന് പിഡബ്ല്യുഡിക്ക് 11 കോടി കൈമാറിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ കെ കെ രത്നകുമാരി, സെക്രട്ടറി വി ചന്ദ്രൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ വി സന്തോഷ് കുമാർ, അസി. ഫോറസ്റ്റ് കൺസർവേറ്റർ വി രാജൻ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.