- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല അപകടങ്ങളിലും ഇടിച്ച ആന ട്രെയിനിനടിയിൽ കുടുങ്ങിക്കിടന്നു; തീവണ്ടി പാളം തെറ്റി വലിയ ദുരന്തത്തിനും സാധ്യത; ജനവാസ മേഖലകളിലെ കൃഷി ആനയെ ആകർഷിക്കും; കാടിനകത്ത് കുടിവെള്ളവും തീറ്റയുമില്ല; റെയിൽ വേലി പാഴ് വാക്കാകുമ്പോൾ കൊമ്പന്മാർക്ക് ജീവൽ നഷ്ടം; കഞ്ചിക്കോടിനെ നടുക്കി വീണ്ടും ആന ദുരന്തം
പാലക്കാട്: തീവണ്ടി തട്ടി കാട്ടാന ചരിയുന്നത് കഞ്ചിക്കോട് തുടരുന്നു. കഞ്ചിക്കോട് ജനവാസമേഖലയെ വിറപ്പിച്ച കാട്ടാനക്കൂട്ടം പാളം കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചുകയറി. ഒരു കുട്ടിയാന ഉൾപ്പെടെ 3 ആനകൾ ചരിഞ്ഞു. ഇന്നലെ രാത്രി ഒൻപതിനു കോയമ്പത്തൂർ നവക്കര ട്രാക്ക് 506 ലാണ് അപകടം. മംഗലാപുരം ചെന്നൈ മെയിലാണ് ആനകളെ ഇടിച്ചത്.
പാലക്കാട് കാട്ടാനശല്യം തുടർക്കഥയായിട്ടും റെയിൽവേലി പദ്ധതി വേണ്ട രീതിയിൽ നടപ്പാക്കിയിട്ടില്ല. വാളയാർ മുതൽ മുണ്ടൂർ വരെ കാട്ടാന ശല്യം രൂക്ഷമാവുന്ന ജനവാസ മേഖലകളിലും വനമേഖലയിലെ റെയിൽപാളങ്ങളോടു ചേർന്നും നടത്താനിരുന്ന പദ്ധതി വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ ഉപേക്ഷിച്ച അവസ്ഥയിലാണ്. കഞ്ചിക്കോട് വാളയാർ മേഖലയിലെ റെയിൽവേ ട്രാക്കുകൾ താണ്ടിയാണു സ്ഥിരമായി കാട്ടാനകൾ ജനവാസമേഖലയിലെത്തുന്നത്. റെയിൽ പാളങ്ങളുടെ ഇരുമ്പുപയോഗിച്ചുള്ള റെയിൽ വേലി നിർമ്മിക്കുന്നതിലൂടെ ഇതു തടയാനാവും.
21 വർഷത്തിനിടെ വാളയാർ കോയമ്പത്തൂർ ട്രാക്കിൽ ചരിഞ്ഞത് 30ലേറെ കാട്ടാനകളാണ്. അപകടമേഖലകളിൽ ട്രെയിനിന്റെ അമിതവേഗം ഉൾപ്പെടെ ചൂണ്ടിക്കാട്ടി റെയിൽവേക്കെതിരെ വനംവകുപ്പ് കേസെടുക്കാറുണ്ടെങ്കിലും തുടർനടപടിക്കു സാങ്കേതിക തടസ്സമുണ്ട്. എന്നിട്ടും പ്രതിരോധ നടപടികൾ പ്രഹസനമാകുകയാണ്. കിടങ്ങുകളും സോളർ വേലിയും സ്ഥാപിച്ച് കോടികൾ പാഴായതു മിച്ചം. കാട്ടാനശല്യത്തിന് അറുതി വരുത്തുന്നതിനായുള്ള കുങ്കിയാന പദ്ധതിയും നിലച്ച മട്ടാണ്. ഇതെല്ലാമാണ് ഇപ്പോഴത്തെ അപകടത്തിനും കാരണം.
പല ആന അപകടങ്ങളിലും ഇടിച്ച ആന ട്രെയിനിനടിയിൽ കുടുങ്ങിക്കിടന്നിട്ടുണ്ട്. തീവണ്ടി പാളംതെറ്റാനുള്ള സാധ്യതയാണ് ഇതുണ്ടാക്കുന്നത്. 2009 ജൂൺ മൂന്നിന് ആനയെ ഇടിച്ച എൻജിൻ പാളം തെറ്റിയിരുന്നു. ഭൂനിരപ്പിൽനിന്ന് താഴ്‌ത്തി റെയിൽപ്പാളം നിർമ്മിച്ചിരിക്കുന്നിടത്ത് ആന പെട്ടാൽ മാറിനിൽക്കാൻ സ്ഥലമില്ലാത്തത് പ്രശ്നമായിരുന്നു. 2008-ൽ മധുക്കരയിൽ അപകടം സംഭവിച്ചതും ഇങ്ങനെയായിരുന്നു. കഞ്ചിക്കോട് മുതൽ മധുക്കരവരെയുള്ള ഭാഗത്തെ റെയിൽവേയുടെ ബി ലൈനാണ് കൂടുതൽ വനമേഖലയിലൂടെ പോകുന്നത്.
ഈ പാളം കാടിന് പുറത്തേക്ക് മാറ്റണമെന്ന് പരിസ്ഥിതിപ്രേമികൾ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, എ ലൈനിലും ബി ലൈനിലും കാട്ടാനകളെ തീവണ്ടി തട്ടി അപകടമുണ്ടാവുന്നുണ്ട്. ജനവാസ മേഖലകളിൽ കൃഷിയുള്ളതാണ് ആനകളെ കൂടുതലായും കാടിന് പുറത്തെത്തിക്കുന്നത്. കാടിനകത്ത് ആനകൾക്ക് കുടിവെള്ളത്തിനും തീറ്റയ്ക്കും കൂടുതൽ സൗകര്യമൊരുക്കലാണ് ശാശ്വത പരിഹാരം. പക്ഷേ, റെയിൽവേയിൽനിന്ന് ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് സാധ്യതയുമില്ല. അതിനാൽത്തന്നെ തീവണ്ടി തട്ടി ആന ചെരിയുന്നത് ഒഴിവാക്കാൻ ഇപ്പോഴും പൂർണമായും ഒരു നടപടിയില്ല എന്നതാണ് യാഥാർഥ്യം.
ഇന്നലെ രാത്രി വാളയാറിനും എട്ടിമടയ്ക്കും ഇടയിലുള്ള തങ്കവേൽ കാട്ടുമൂല എന്ന സ്ഥലത്താണ് ആനകളെ തീവണ്ടി തട്ടിയത്. രാത്രി 9.05 ഓടെ എത്തിയ 12602 മംഗലാപുരം ചെന്നൈ മെയിൽ ആണ് അപകടത്തിനിടയാക്കിയത്. ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയും മറ്റ് രണ്ട് ചെറിയ പിടിയാനകളും ആണ് ട്രാക്ക് കടക്കാൻ നോക്കിയത്.
വാളയാർ ദേശീയ പാതയ്ക്ക് സമാന്തരമായി കടന്നുപോകുന്ന എ ലൈൻ ട്രാക്കിലാണ് അപകടം. സാധാരണ കാട്ടാനകൾ എ ലൈനിനും ബി ലൈനിനും ഇടയിൽ മുറിച്ച് കടക്കാറുള്ള മേഖലയാണ്. ഒരാന ട്രാക്കിലും മറ്റ് രണ്ടും ട്രാക്കിന് വശത്തും ആയാണ് വീണത്. അപകടമുണ്ടായപ്പോൾ തന്നെ ആനകൾ ചരിഞ്ഞിരുന്നു. സംഭവസ്ഥലത്തേക്ക് രാത്രിയോടെ മധുക്കര റേഞ്ചറും സംഘവും എത്തി.
തീവണ്ടി അപകടം നടന്നതിനെ തുടർന്ന് ചെന്നൈയിലേക്ക് പോകേണ്ട തീവണ്ടി സംഭവസ്ഥലത്തുതന്നെ പിടിച്ചിട്ടു. രാത്രിയോടെ ഫോറസ്റ്റ് അധികൃതർ എത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം ട്രാക്കിൽ ഉള്ള ആനയുടെ ജഡം മാറ്റി.
മറുനാടന് മലയാളി ബ്യൂറോ