കണ്ണൂർ: കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമം ഇപ്പോൾ ആനപ്പേടിയിലാണ്. ഇന്നലെ രാവിലെ ജനവാസ കേന്ദ്രത്തിൽ അക്രമാസക്തമായി ഒരു കാട്ടാന പ്രത്യക്ഷപ്പെട്ടതോടെയാണ് ഗ്രാമവാസികളുടെ ഉറക്കം കെടുത്തിയത്. പുഴക്കക്കരെ ആറളം ഫാമിൽ നിന്നും ആനകൾ വരാറുണ്ടെങ്കിലും റോഡിലൂടെ ജനവാസ കേന്ദ്രത്തിലെത്തി പരാക്രമത്തിന് മുതിർന്നത് ചരിത്രത്തിലാദ്യം. ഹർത്താൽ ദിവസമായതിനാൽ ആളുകൾ റോഡിലുണ്ടായിരുന്നില്ല. പ്രഭാത സവാരിക്കിറങ്ങിയ വലിയ പറമ്പിൽ പുരുഷോത്തമനെ ഹാജി റോഡിൽ വച്ചാണ് ആന ആക്രമിച്ചത്.

വിവരമറിഞ്ഞ് ജനങ്ങൾ ഒഴുകിയെത്തിയതോടെ പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫും അംഗങ്ങളായ പി.പി. മുസ്തഫയും ജി.ഒ. പ്രീതയും ജനക്കൂട്ടത്തെ നിയന്ത്രിച്ച് നിർത്താൻ ഏറെ പാടുപെട്ടു. ആനയുടെ അക്രമത്തിൽ പരിക്കേറ്റ പുരുഷോത്തമെന കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ജനവാസ കേന്ദ്രത്തിൽ വെച്ച് ഒരു പശുവിനെ ആന കൊലപ്പെടുത്തുകയും ചെയ്തു. ഈ സമയം ഹാജി റോഡിൽ നിന്നും ആന അക്രമാസക്തനായി റോഡിന് സമീപത്തെ മൈതാനിയിൽ എന്തിനും തയ്യാറെന്ന മട്ടിൽ നിലയുറപ്പിച്ചു.

ഒറ്റയാനെ തുരത്താൻ വനം വകുപ്പ് അധികാരികളും നാട്ടുകാരും ചേർന്ന് ശ്രമം നടത്തിയപ്പോൾ റോഡിലുള്ളവരെ ആന വിരട്ടി ഓടിച്ചു. ഇടഞ്ഞ് നിൽക്കുകയായിരുന്ന ആനയുടെ മുന്നിലേക്ക് സാഹസികമായി ജീപ്പോടിച്ച് രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമവും വനം വകുപ്പ് ദ്രുതകർമ്മ സേനാംഗം പി.രാജീവിന്റെ സംയോജിതമായ പ്രവർത്തനം മൂലം കഴിഞ്ഞു. അതോടെ വനം വകുപ്പുകാരുടെ ജീപ്പിനോടായിരുന്നു ആനയുടെ കലി. ജീപ്പിന്റെ ബോണറ്റും ബമ്പറും ഇടിച്ച് ജീപ്പിനെ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്തു. ഈ സമയം രണ്ട് ജീവനക്കാർ ജീപ്പിലുണ്ടായിരുന്നു. തലനാരിഴക്കാണ് ജീപ്പിലുള്ളവർ രക്ഷപ്പെട്ടത്.

രണ്ട് പേരെ ആന അക്രമിക്കുമെന്നുറപ്പായതോടെ ജീപ്പ്‌െൈ ഡ്രവർ മഞ്ജുദാർ ജീപ്പ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കുകയും ജീപ്പിനെ മറയാക്കി രണ്ട് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. അതോടെയാണ് ജീപ്പിന് നേരെ പത്ത് മിനുട്ടോളം ആന കൊലവിളി നടത്തിയത്. ഈ സമയം മനസ്സാന്നിധ്യം വിടാതെ ഡ്രൈവർ ജീപ്പ് മുന്നോട്ടും പിന്നോട്ടും എടുത്തതോടെ ആന പിൻവാങ്ങുകയായിരുന്നു. പത്ത് മിനുട്ടോളം നീണ്ടു നിന്ന ആനയുടെ പരാക്രമത്തിൽ ജീപ്പ് തകർന്നെങ്കിലും രണ്ട് ജീവൻ രക്ഷപ്പെടുത്തുകയും സ്വജീവൻ തിരിച്ച് കിട്ടുകയും ചെയ്തു മഞ്ജുദാറിന്. രാത്രി വൈകിയും ആനയെ തുരത്താനുള്ള ശ്രമം തുടർന്നു. അർദ്ധ രാത്രിയോടെ ജനവാസ കേന്ദ്രത്തിൽ നിന്നും ആനയെ അയ്യപ്പൻ കാവ് ഭാഗത്തേക്ക് തുരത്താൻ കഴിഞ്ഞു.

തത്ക്കാലം ജനവാസ കേന്ദ്രത്തിൽ നിന്ന് ആന പുറത്ത് പോയെങ്കിലും തിരിച്ച് വരാനുള്ള സാധ്യത ഏറെയാണ്. കാരണം ആറളം ഫാം ഭാഗത്ത് ഒട്ടേറെ ആനകൾ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. ഒറ്റയാനായതിനാൽ വീണ്ടും ഇവിടുത്തേക്ക് വരാനുള്ള സാധ്യത കാണുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആനയെ കണ്ടാൽ കൂട്ടത്തോടെ ഇറങ്ങിപ്പോകരുതെന്നും പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.