ഇരിട്ടി: ആറളം ഫാമിൽ നിന്നും ഇറങ്ങി വന്ന കാട്ടുകൊമ്പന്മാർ ഇരിട്ടി നഗര പ്രാന്തപ്രദേശത്ത് തമ്പടിച്ചത് ജനങ്ങളെ മണിക്കൂറുകളോളം മുൾമുനയിലാഴ്‌ത്തി. കർണാടക വനത്തിൽ നിന്നുമിറങ്ങി ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ആറളം ഫാമും കടന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് രണ്ട് കാട്ടുകൊമ്പന്മാർ ഇരിട്ടി നഗരത്തിൽ നിന്നും നാലുകിലോമീറ്റർ മാത്രം ദൂരെയുള്ള പായം മുക്കിലെത്തിയത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് പായംമുക്ക് കടവിന് സമീപം മുരിങ്ങൂർ ഭാഗത്ത് ആയഞ്ചേരി രാജന്റെ വീട്ടുപറമ്പിനോട് ചേർന്ന് രണ്ട് കാട്ടാനകളെ കാണുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൾ പ്രദേശവാസികളെ ഭയത്തിന്റെ മുൾമുനയിൽ മണിക്കൂറുകളോളമാണ് നിർത്തിയത്. വിവരമറിഞ്ഞ് ആറളത്തുനിന്നുമെത്തിയ വനപാലകരുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുകൊമ്പന്മാരെ ഫാമിന്റെ അധീന മേഖലയിലേക്ക് തിരിച്ച് കയറ്റാനായത്.

ആറളം, മുഴക്കുന്ന് പഞ്ചായത്തുകൾ അതിരായി ഒഴുകുന്ന ബാവലിപ്പുഴക്കരയിലൂടെ കിലോമീറ്റർ താണ്ടി ആറളം പാലത്തിനടിയിലൂടെയാണ് കാട്ടാനകൾ ജനവാസ മേഖലയിലെത്തിയതെന്നു സംശയിക്കുന്നു. ആറളം ഫോറസ്റ്റർ കെ. ജിജിൽ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നാരോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആറളം പൊലീസും സ്ഥലത്തെത്തി സംയുക്തമായാണ് കാട്ടാനകളെ തുരത്തിയത്. ഇരിട്ടി മേഖലയിൽ സോഷ്യൽമീഡിയയിലൂടെയും പ്രാദേശിക ടെലിവിഷൻ ചാനലുകളിലൂടെയും മൈക്ക് അനൗൺസ്മെന്റു നടത്തിയും ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ഈ മേഖലയിലെ വാഹന ഗതാഗതവും തിരിച്ചുവിട്ടു.

ഇതിനിടയിൽ ആനകൾ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചാക്കാട് കോളനിക്കു സമീപമെത്തി. തുടർന്ന് ബാവലിപ്പുഴ കടന്ന് പൂതക്കുണ്ട് പുഴക്കരയിലും ആറളം പാലത്തിന് സമീപത്തെ പൊന്തക്കാടുകൾക്കിടയിലും ഏറെ നേരം നിലയുറപ്പിച്ചു. ആറളം പാലത്തിലും മറ്റും ആനകളെ കാണാൻ ജനക്കൂട്ടമെത്തിയത് ഇവയെ തുരത്തി വിടുന്നതിന് പ്രയാസം സൃഷ്ടിച്ചു.

തുടർന്ന് തടിച്ചു കൂടിയ ജനങ്ങളെ പാലത്തിൽ നിന്നും മാറ്റാൻ പൊലീസും വനം വകുപ്പധികൃതരും പാടുപെട്ടു. ആനകൾ പാലം കടന്നു പോകുന്നത് വരെ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതവും പൊലീസ് തടഞ്ഞു. ഉച്ചക്ക് ഒരു മണിയോടെയാണ് ആനകളെ ഫാമിന്റെ അധീന മേഖലയിലേക്ക് കടത്തി വിടാൻ വനപാലകർക്കായത്. മുഴക്കുന്ന് ജനവാസ കേന്ദ്രത്തിൽ ആനകളിറങ്ങാറുണ്ടെങ്കിലും ആദ്യമായാണ് ഇരിട്ടി നഗരത്തിനടുത്ത് കാട്ടാനകളെത്തുന്നത്.

ഇതു ഇരിട്ടി നഗരവാസികളെ പരിഭ്രാന്തിയിലാഴ്‌ത്തിയിട്ടുണ്ട്. ആറളം മേഖലയിൽ തമ്പടിച്ചു കഴിയുന്ന കാട്ടാനകളാണ് ഇപ്പോൾ വനത്തിൽ നിന്നും പുറത്തേക്കിറങ്ങുന്നത്. രണ്ടുമാസങ്ങൾക്ക് മുൻപ് ഇരിട്ടി കോളിക്കടവ് കാട്ടാനയുടെ ചവിട്ടേറ്റ്പള്ളിയിൽ പോവുകയായിരുന്ന യുവാവ് മരിച്ചിരുന്നു.ഭാര്യയോടൊപ്പം പള്ളിയിലേക്ക് ബുള്ളറ്റിൽ പോവുകയായിരുന്ന ജസ്റ്റിനാണ് ആനയുടെ അക്രമത്തിൽ ദാരുണമായി മരിച്ചത്.