- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നീരാട്ടിനിറങ്ങിയ ശിവപാർവതി പാപ്പാന്മാരോട് ഇടഞ്ഞു; കയത്തിൽ മേലോട്ടും കീഴോട്ടും നീന്തി രസിച്ചത് അഞ്ചു മണിക്കൂർ; ഇരുട്ടു വീഴും മുൻപ് കരയ്ക്കും കയറി; കോഴഞ്ചേരിയിൽ പിടിയാന നാട്ടുകാരെ വലച്ചത് ഇങ്ങനെ
കോഴഞ്ചേരി: നീരാട്ടിനിറങ്ങിയ പിടിയാന അഞ്ചു മണിക്കൂറോളം നാട്ടുകാരെയും പാപ്പാന്മാരെയും ആശങ്കയിലാക്കി. കുളിപ്പിക്കാനിറക്കിയ കടവിൽ നിന്ന് പാപ്പാന്മാരോട് പിണങ്ങി പമ്പയിലെ കയത്തിൽ ചാടിയ ഉള്ളൂർ സ്വദേശി അനിലിന്റെ ശിവപാർവതി എന്ന ആനയാണ് നാടിളക്കിയത്. ഒടുവിൽ നേരം ഇരുളുന്നതിന് മുൻപ് മര്യാദയ്ക്ക് കരയ്ക്ക് കയറിയ പിടിയാന ഒന്നുമറിയാത്ത മട്ടിൽ തൊട്ടടുത്ത പറമ്പിൽ ഓലമടലും തിന്നു നിൽക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പമ്പാ നദിയിലെ അയിരൂർ മൂക്കന്നൂർ കൈലാത്ത് കടവിൽ ആനയെ ഇറക്കിയത്. കുളിപ്പിക്കുന്നതിനിടെ ശിവപാർവതി ആറിന്റെ ആഴങ്ങളിലേക്ക് നീന്തി. കയത്തിൽ നിലയുറപ്പിച്ച ആനയ്ക്ക് പിന്നാലെ പാപ്പാൻ ശങ്കുവും നീന്തി. ഈ സമയം ആന അഞ്ഞൂറു മീറ്ററോളം താഴേക്ക് നീന്തി പുതമൺ കരയ്ക്ക് സമീപം നദിയിൽ നിലയുറപ്പിച്ചു.
സംഭവമറിഞ്ഞ് ഇരുകരകളും ജനനിബിഢമായി. ഇതോടെ ആന ഒരു തരത്തിലും പിടി കൊടുക്കാതെ മുകളിലേക്കും താഴേക്കും നീന്തിക്കൊണ്ടിരുന്നു. പൊലീസും അഗ്നിശമനസേനയും എത്തിയെങ്കിലും കാഴ്ചക്കാരായി നിൽക്കേണ്ടി വന്നു. മണിക്കൂറുകൾ കടന്നു പോയതോടെ ആശങ്കയുമേറി. കരയിലെ ജനത്തിന്റെ ആരവവും സാന്നിധ്യവും കുറഞ്ഞാൽ ആന കരയിലേക്ക് വരുമെന്ന് പാപ്പാന്മാരായ രാജീവും വിജേഷും പറഞ്ഞു. ജനം കൂടിയതല്ലാതെ കുറക്കുക എളുപ്പമല്ലാത്ത അവസ്ഥയുമായി. ഇതിനിടെ ഉള്ളൂരിലുള്ള ആനയുടെ ഉടമ അനിലിനെയും വിവരം അറിയിച്ചു. അഗ്നിശമന സേന കയറും വടവും ഒക്കെ ഉപയോഗിച്ചെങ്കിലും ഫലം ഉണ്ടായില്ല.
നദിയിലൂടെ നീന്തി ആനക്ക് അടുത്തേക്ക് ചെല്ലാനുള്ള ശ്രമവും പരാജയപ്പെട്ടു. നേരം സന്ധ്യയായതോടെ പാപ്പാന്മാർ നദിയിലൂടെ മുങ്ങി നീന്തി ആനക്ക് അരികിലേക്ക് എത്തി. വാലിൽ പിടിച്ച് നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ മറ്റുള്ളവരും ചേർന്ന് ആനയെ കരക്ക് എത്തിച്ചു. കുളിക്കാൻ ഇറക്കിയ കരയിൽ തന്നെ ആന കയറി. തുടർന്ന് ചങ്ങലയിൽ പിടിച്ച് പാപ്പാന്മാർ വരുതിയിലാക്കി. പഞ്ചായത്ത് റോഡ് വഴി മൂക്കന്നൂർ ജങ്ഷനിലെത്തിച്ച് എൽപി സ്‌കൂളിന് എതിർവശത്തുള്ള പുരയിടത്തിൽ തളച്ചു. ഒന്നും സംഭവിക്കാത്തതു പോലെയായിരുന്നു ശിവപാർവതിയുടെ പെരുമാറ്റം.