പത്തനംതിട്ട: ലോക്ഡൗൺ മാനദണ്ഡം ലംഘിച്ച് കുട്ടംകൂടി പ്രാർത്ഥന നടത്തിയതിന് പെന്തക്കോസ് വിശ്വാസികളായ 11 പേരെ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട-ഓമല്ലൂർ റോഡരുകിൽ മോർ സൂപ്പർ മാർക്കറ്റിന് എതിർവശത്തായുള്ള കെട്ടിടത്തിലാണ് ഞായറാഴ്ച രാവിലെ ഇവർ പ്രാർത്ഥനയ്ക്കായി കൂട്ടം ചേർന്നതെന്ന് പൊലീസ് പറഞ്ഞു. പാസ്റ്റർ ബിനു വാഴമുട്ടം എന്നയാൾ നയിക്കുന്ന എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റേതായിരുന്നു പ്രാർത്ഥന. പാസ്റ്റർ ബിനുവിനെ ഒഴിവാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ഉന്നത രാ്ഷ്ട്രീയക്കാരുമായി ഇയാൾക്കുള്ള ബന്ധമാണ് അറസ്റ്റ് ഒഴിവാകാൻ കാരണമെന്നാണ് വിശദീകരണം.

പിറവന്തൂർ, അരുവാപ്പുലം, കൊടുമൺ, കുമ്പഴ, കുളനട, അയിരൂർ, ഓമല്ലൂർ, ചെന്നീർക്കര തുടങ്ങി വിവിധയിടങ്ങളിൽ നിന്ന് യുവാക്കളായവർ ഇവിടെ എത്തി പ്രാർത്ഥനയ്ക്ക് ഒത്തുകൂടുകയായിരുന്നു. കഴിഞ്ഞ ദിവസവും ഈ രീതിയിൽ ആളെക്കൂട്ടി പ്രാർത്ഥന നടത്തിയിരുന്നു. അന്ന് വിവരമറിഞ്ഞ് എത്തിയ ഓമല്ലൂർ പിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകരെ ഇവർ വിരട്ടിയോടിച്ചിരുന്നു. അന്ന് ആരോഗ്യപ്രവർത്തകർ പരാതി പറഞ്ഞിട്ടും പൊലീസ് എത്തിയിരുന്നില്ലെന്ന് പറയുന്നു. ഞായറാഴ്ച രാവിലെ സമീപവാസികൾ ആരോഗ്യ പ്രവർത്തകരെ വിളിച്ച് പരാതിപ്പെട്ടപ്പോഴാണ് തങ്ങളെ വിരട്ടിയ കാര്യവും പൊലീസിന്റെ നിലപാടും അവർ തുറന്നു പറഞ്ഞത്. തുടർന്ന് നാട്ടുകാർ തന്നെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും ആരും അന്വേഷണത്തിന് വന്നില്ല. ഒടുവിൽ നാട്ടുകാർ മാധ്യമപ്രവർത്തകരെ വിവരം അറിയിച്ചു. അവർ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഒരു സംഘം ഓടിയെത്തി 11 പേരെ കസ്റ്റഡിയിൽ എടുത്തത്.

പൊലീസ സംഘം എത്തുമ്പോൾ ഇവിടെ പ്രാർത്ഥന നടക്കുകയും അത് ഓൺലൈൻ വഴി സംപ്രേഷണം ചെയ്യുകയുമായിരുന്നു. ഓൺലൈൻ സംപ്രേഷണം തടസപ്പെടാതിരിക്കാൻ പൊലീസ് സംഘം കാത്തു നിന്നു. അതിന് ശേഷമാണ് 11 പേരെയും കസ്റ്റഡിയിൽ എടുത്തത്. അപ്പോഴും പ്രധാന പാസ്റ്ററായ ബിനു വാഴമുട്ടത്തെ കുറിച്ച് പരാമർശിക്കാൻ പൊലീസ് തയാറായിരുന്നില്ല. എന്നാൽ രഹസ്യാന്വേഷണ വിഭാഗം എസ്‌പിക്ക് കൃത്യമായ റിപ്പോർട്ട് നൽകി.

കഴിഞ്ഞ ലോക്ഡൗൺ സമയത്തും ഈ സഭയിൽപ്പെട്ടവർ പ്രോട്ടോക്കോൾ ലംഘനം നടത്തിയിരുന്നു. പാസ്റ്റർ ബിനു വാഴമുട്ടത്തിനെതിരേ അന്ന് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇയാൾ സ്വന്തം നിലയിൽ പാസ് അടിച്ച് വാഹനങ്ങളിൽ സന്നദ്ധ പ്രവർത്തകരെന്ന പേരിൽ കുറേപ്പേരെ ഇറക്കി വിട്ടു. ഇവരെയും പൊലീസ് പിടികൂടി കേസെടുത്തു. ഒടുവിൽ ആശുപത്രികൾക്ക് വെന്റിലേറ്റർ വിതരണം എന്ന പേരിൽ ഇയാൾ അന്നത്തെ കലക്ടർ പിബി നൂഹിനെ സമീപിക്കുകയായിരുന്നു. ഈ സഭയ്ക്കെതിരേ നിരവധി വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പാസ്റ്ററിന്റെ ഡ്രൈവർ ആയിരുന്ന ചെറു്പ്പക്കാരൻ ചില വെളിപ്പെടുത്തൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

ചാരിറ്റി പ്രവർത്തനമെന്ന പേരിൽ ഇയാൾ നടത്തിയ പരിപാടിയിൽ മന്ത്രിയായിരുന്ന എംഎം മണി, വീണാ ജോർജ് എംഎൽഎ എന്നിവർ പങ്കെടുത്തിരുന്നു. ഇവരുമായി അടുപ്പമുണ്ടെന്ന് കാട്ടിയാണ് പല വിഷമഘട്ടങ്ങളിലും പാസ്റ്റ്ര് രക്ഷപ്പെടുന്നത്. ഇപ്പോഴത്തെ ലോക്ഡൗൺ ലംഘനത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇതേ രീതിയിലാണെന്ന് പറയുന്നു.